കോഴിക്കോട് ∙ മാലിന്യ മുക്ത നവകേരളം പദ്ധതി, ‘ഹർ ഘർ തിരംഗ ഹർ ഘർ സ്വച്ഛത’ ക്യാംപെയ്ൻ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും മെഗാ ക്ലീനിങ് തുടങ്ങി. ഉപയോഗ ശൂന്യമായ ഫർണിച്ചർ, വാഹനങ്ങൾ തുടങ്ങിയവ നീക്കി തുടങ്ങി.
കലക്ടറേറ്റ് പരിസരത്ത് വാഹന പാർക്കിങ്ങിനു സ്ഥലം ഒരുക്കുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പഴയ വാഹനങ്ങൾ നീക്കി അവിടം മണ്ണിട്ടു നിരപ്പാക്കി. കഴിഞ്ഞ ദിവസം കോർപറേഷൻ ‘അഴക്’ പദ്ധതിയുമായി സഹകരിച്ച് കലക്ടറേറ്റ് പരിസരം ശുചീകരിച്ചിരുന്നു.
കലക്ടറേറ്റിലെയും സിവിൽ സ്റ്റേഷനിലെയും ഉപയോഗമില്ലാത്ത ഫർണിച്ചർ ഉൾപ്പെടെയുള്ളവയും ഇ – മാലിന്യങ്ങളും നീക്കി.
ഇന്നലെ ഉച്ചവരെ 4 ലോഡ് മാലിന്യം നീക്കി. ക്ലീൻ കേരള കമ്പനിയാണ് ഫർണിച്ചറും ഇ മാലിന്യവും ശേഖരിക്കുന്നത്.കോർപറേഷൻ ആരോഗ്യ വിഭാഗം തൊഴിലാളികളും എൻഎസ്എസ് വൊളന്റിയർമാരും കലക്ടറേറ്റിലെ ഇന്റേൺഷിപ് വിദ്യാർഥികളും ആർജിഎസ്എ കോ ഓർഡിനേറ്റർമാരും ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളുമെല്ലാം സഹകരിച്ചു.
ജൈവ – അജൈവ മാലിന്യങ്ങൾ നാളെ മുതൽ കോർപറേഷൻ മാറ്റും.
അടുത്ത ദിവസം മലബാർ ബൊട്ടാണിക്കൽ ഗാർഡനുമായി സഹകരിച്ച് സിവിൽ സ്റ്റേഷനിലെ ഗാലറികളിലും മറ്റും ചെടികൾ നട്ടുപിടിപ്പിക്കും. കലക്ടറേറ്റിൽ ‘ക്ലീൻ ആൻഡ് ഗ്രീൻ’ ലക്ഷ്യം പൂർത്തീകരണത്തിലെത്തുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
കണ്ടം ചെയ്ത വാഹനങ്ങൾ താലൂക്ക് ഓഫിസിനു പിന്നിൽ ഒഴിവുള്ള സ്ഥലത്തേക്ക് ക്രെയിൻ ഉപയോഗിച്ച് മാറ്റും.
ഇതിനായി ഈ ഭാഗത്ത് മണ്ണു നിരത്തി.
ശുചീകരണ പ്രവർത്തനം കലക്ടർ സ്നേഹിൽകുമാർ സിങ് ഉദ്ഘാടനം ചെയ്തു. എഡിഎം പി.സുരേഷ്, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.ടി.രാകേഷ്, തദ്ദേശ ഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ആർ.രാരാ രാജ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.ടി.പ്രസാദ്, എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ ഫസീൽ അഹമ്മദ്, റവന്യു എച്ച്എസ് സി.പി.മണി, കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഡയ്സൺ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

