കോഴിക്കോട് ജില്ലയിലെ സംഗീത പ്രേമികൾക്ക് വിസ്മയമായി സംഗീതത്തിന്റെ രാജശിൽപി ജി.ദേവരാജൻ മാസ്റ്ററുടെ ഓർമകൾ പങ്കുവെച്ച് പ്രമുഖ സംഗീതജ്ഞർ. ഹോർത്തൂസ് കോലായ ചർച്ചയിൽ പ്രശസ്തരായ എം.ജയചന്ദ്രൻ, എം.ഡി.രാജേന്ദ്രൻ, വയലാർ ശരത്ചന്ദ്ര വർമ എന്നിവർ ചേർന്ന് ദേവരാജന്റെ പാട്ടുകളും അപൂർവ്വ ഓർമകളും വേദിയിൽ പുനർജനപ്പിച്ചു.
പതിറ്റാണ്ടുകൾക്ക് മുൻപ് പിറന്നവയാണെങ്കിലും ജി.ദേവരാജന്റെ ഗാനങ്ങൾ ഇന്നും മലയാളികൾ നെഞ്ചേറ്റുന്നുണ്ടെന്നും ഇത് അദ്ദേഹത്തിന്റെ അനശ്വരതയുടെ തെളിവാണെന്നും സംഗീതസംവിധായകൻ എം.ജയചന്ദ്രൻ വ്യക്തമാക്കി. ഉള്ളിലെ ഇരുട്ടിനെ അകറ്റുന്ന വഴികാട്ടിയാണ് ഗുരു.
സംഗീതം അഭ്യസിക്കാൻ എത്തിയപ്പോൾ 101 രൂപ ദക്ഷിണയിൽ നിന്ന് ഒരു രൂപ മാത്രം സ്വീകരിച്ച് ബാക്കി തിരികെ നൽകി നാടൊരു വലിയ സംഗീതജ്ഞനാകുമെന്ന് അനുഗ്രഹിച്ചത് ദേവരാജൻ മാസ്റ്ററാണെന്ന് അദ്ദേഹം ഓർമിച്ചു. വാക്കുകളുടെ അർത്ഥാഴങ്ങൾ അറിഞ്ഞ് ഈണമിട്ടതുകൊണ്ടാണ് ‘സ്മൃതിതൻ ചിറകിലേറി’, ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ’ തുടങ്ങിയ ഗാനങ്ങൾക്ക് ഇത്രയധികം ഭാവതീവ്രത ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിൽവീഥി എഡിറ്റർ ഇൻചാർജ് ശ്രീജിത്ത് കെ.വാരിയർ ആയിരുന്നു സംവാദത്തിന്റെ മോഡറേറ്റർ. സാഹിത്യത്തിലും സംഗീതത്തിലും ഒരുപോലെ അഗാധമായ പാണ്ഡിത്യമുള്ള പരിപൂർണ്ണ സംഗീതജ്ഞനായിരുന്നു ജി.ദേവരാജനെന്ന് കവിയും ഗാനരചയിതാവുമായ എം.ഡി.രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.
തെളിനീരുറവ പോലെ പരിശുദ്ധനായ മനുഷ്യനായിരുന്നു അദ്ദേഹം. അക്ഷരങ്ങൾക്ക് അങ്ങേയറ്റം പ്രാധാന്യം നൽകിയ സംഗീതസംവിധായകനായിരുന്നു ദേവരാജൻ മാസ്റ്ററെന്ന് ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നടന്ന ‘ദേവസംഗീതം’ ഗാനാലാപന മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. വാശിയേറിയ മത്സരത്തിൽ ഗുരുവായൂർ കേശവൻ എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് അലീന ജോൺസൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ശാലിനി എന്റെ കൂട്ടുകാരിയിലെ ഗാനം പാടി ആർ.ബി.ഭവ്യചിത്ര രണ്ടാം സ്ഥാനവും, ഒതേനന്റെ മകനിലെ ഗാനം ആലപിച്ച് ദേവിക പ്രമോദ് മൂന്നാം സ്ഥാനവും നേടി. ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥിയായ ഒൻപതുകാരി എം.ക്ഷേത്ര പ്രത്യേക പുരസ്കാരവും സ്വന്തമാക്കി.
ഗായകരായ അജയ് ഗോപാൽ, ഹരിപ്രസാദ് രവി, അനിൽകുമാർ എന്നിവരായിരുന്നു വിധികർത്താക്കൾ. ദേവരാജൻ മാസ്റ്ററുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ അപൂർവ്വ ചിത്രത്തിന് മുന്നിൽ പ്രമുഖർ ചേർന്ന് ചെരാതുകൾ തെളിച്ചു.
ചടങ്ങിനിടയിൽ പശ്ചാത്തലത്തിൽ ഒഴുകിയെത്തിയ ദേവരാജന്റെ യഥാർത്ഥ ശബ്ദത്തിലുള്ള ഗാനം വേദിക്ക് സവിശേഷമായ അനുഭവമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

