കോടികൾ മുടക്കി നവീകരിച്ച ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ കോച്ച് പൊസിഷൻ ഡിസ്പ്ലേ സ്ക്രീൻ സ്ഥാപിക്കാത്തത് യാത്രക്കാരെ വട്ടംചുറ്റിക്കുന്നു. ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് ഉണ്ടെങ്കിലും ട്രെയിനിന്റെ എൻജിനിൽ നിന്നു എത്രാമത്തെ കോച്ചാണ് എന്നുള്ള അറിയിപ്പ് നൽകുന്ന സ്ക്രീൻ ഇപ്പോഴില്ല.
ഇതോടെ യാത്രക്കാർക്ക് അവരവർ കയറേണ്ട ബോഗി പ്ലാറ്റ്ഫോമിൽ വന്നു നിൽക്കുന്നത് എവിടെയാണെന്ന് തിരിച്ചറിയാൻ മാർഗമില്ലാതായി.
ട്രെയിൻ വരുമ്പോൾ ലഗേജും മറ്റുമായി കോച്ച് നിൽക്കുന്ന ഭാഗത്തേക്ക് ഓടി നടക്കേണ്ട അവസ്ഥയാണ്.
മിനിറ്റുകളുടെ വ്യത്യാസത്തിൽ തുടർച്ചയായി ട്രെയിനുകൾ വരുന്ന സമയങ്ങളിൽ യാത്രക്കാർക്ക് വലിയ പ്രയാസമാണ്. ട്രെയിൻ വരുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുൻപു മാത്രമാണ് ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ വിവരങ്ങൾ തെളിയുക.
അടുപ്പിച്ച് ട്രെയിനുകൾ വരുന്ന സമയങ്ങളിൽ യാത്രക്കാർ ആശയക്കുഴപ്പത്തിലാകും. സ്ത്രീകൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കും ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് നോക്കി കോച്ച് ക്രമം കണ്ടെത്താൻ പ്രയാസമുണ്ട്.
പലപ്പോഴും തൊട്ടു മുൻപ് പോയ ട്രെയിനിന്റെ വിവരങ്ങൾ ഡിസ്പ്ലേ ബോർഡിൽ നിന്നും മാഞ്ഞിട്ടുണ്ടാവില്ല. അതു നോക്കി കോച്ച് കാത്തു നിൽക്കുന്നവർക്ക് അബദ്ധം പറ്റാറുണ്ട്.
ട്രെയിനുകളുടെ കോച്ച് നമ്പറും വണ്ടി നമ്പറും കോച്ച് എത്രാമത്തെ പൊസിഷനിൽ എത്തി നിൽക്കും എന്നെല്ലാം അറിയിക്കുന്ന ബോർഡ് നേരത്തേ സ്റ്റേഷനിൽ എഴുതി വച്ചിരുന്നു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ നവീകരണം നടത്തിയതോടെ ബോർഡിൽ കോച്ച് പൊസിഷൻ എഴുതി വയ്ക്കുന്ന രീതി നിർത്തലാക്കി.
ബദൽ സംവിധാനം ഒരുക്കിയതുമില്ല. ഇതാണു യാത്രക്കാർക്ക് തിരിച്ചടിയായത്.
എൻജിൻ മുതലുള്ള ബോഗികളുടെ നമ്പർ ക്രമത്തിൽ ഒന്നിൽ കൂടുതൽ ട്രെയിനുകളുടെ കോച്ച് പൊസിഷൻ തെളിയുന്ന ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീൻ സ്റ്റേഷനിൽ ഒരുക്കിയാൽ പ്രശ്നം പരിഹരിക്കാനാകും. ഇക്കാര്യം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നു യാത്രക്കാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

