കോഴിക്കോട്∙ ഇൻഡിപെന്റന്റ് ആൻഡ് എക്സ്പെരിമെന്റൽ ഷോർട്ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഏഴാംപതിപ്പ് നാലു വനിതാ സംവിധായകർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജപ്പാനിൽ നിന്നുള്ള സംവിധായിക മികാ സസാക്കി, തെലുങ്കു സംവിധായിക അഭിഷിക്ത കല്യാ, തമിഴ് സംവിധായിക ഐതിഹ്യ അശോക് കുമാർ, മലയാളി സംവിധായികയും അഭിനേത്രിയുമായ ഗൗതമി ഗോപൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
‘കുമ്പളങ്ങി നൈറ്റ്സ്’ അടക്കമുള്ള സിനിമകളിലൂടെ ജപ്പാനിലെ ചലച്ചിത്രാസ്വാദകരും മലയാള സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ജപ്പാനിൽനിന്നുള്ള ചലച്ചിത്ര സംവിധായിക മികാ സസാക്കി പറഞ്ഞു.
സർക്കാരിന് ഇഷ്ടമില്ലാത്ത സിനിമ നിർമിക്കാൻ വെല്ലുവിളി നേരിടുന്ന കാലത്ത് സിനിമ നിർമിക്കുകയെന്നത് ഏറെ പ്രധാനമാണെന്ന് തെലുങ്കു സംവിധായിക അഭിഷിക്ത കല്യാ പറഞ്ഞു. ക്യൂറേറ്റർ നദീം നൗഷാദ്, സംവിധായകൻ പ്രതാപ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
മേളയുടെ ഉദ്ഘാടന ചിത്രങ്ങളായി പലസ്തീനിലെ ജീവിതം പറയുന്ന രണ്ടു സിനിമകൾ പ്രദർശിപ്പിച്ചു.
ദി എൽഹുസൈനി, സമർ ടെഹർ ലുലു എന്നിവർ ചേർന്ന് സംവിധാനം ചെയ്ത പലസ്തീൻ ചിത്രം ‘അഡാസ് ഫലസ്തീൻ’, മഹ്മൂദ് ഇബ്രാഹിം സംവിധാനം ചെയ്ത ഈജിപ്ഷ്യൻ ചിത്രം ‘ദ് ലാസ്റ്റ് ഡേ’ എന്നിവയാണ് പ്രദർശിപ്പിച്ചത്.
ബഷീർ കൃതികളെ അവലംബിച്ച് ഡോ. രാജീവ് മോഹൻ സംവിധാനം ചെയ്ത ‘അനൽഹഖ്’, എംടിയുടെ നിർമാല്യം സിനിമയെക്കുറിച്ചു ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ നിർമിച്ച് മുഹമ്മദ്കുട്ടി സംവിധാനം ചെയ്ത ‘നിർമാല്യം പിഒ’ എന്നിവ പ്രദർശിപ്പിച്ചു.
രാജ്യാന്തര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിലടക്കം 100 സിനിമകളിൽ 40 സിനിമകൾ വനിതാ സംവിധായകരുടേതാണ്.
മികച്ച ചിത്രത്തിന് അര ലക്ഷം രൂപയുടെ പുരസ്കാരമാണ് നൽകുന്നത്.
ഡയറക്ടർ ഫോക്കസ് വിഭാഗത്തിൽ ഇറാനിയൻ സംവിധായകൻ സൊ ഹൈൽ പര്യാനിയുടെ ആറു സിനിമയും മലയാളി സംവിധായകൻ രാജേഷ് ജെയിംസിന്റെ മൂന്നു ചിത്രങ്ങളും പ്രദർശിപ്പിക്കും. കൺട്രി ഫോക്കസ് വിഭാഗത്തിൽ 14 ഇറാനിയൻ സിനിമകൾ പ്രദർശിപ്പിക്കും.
ലോക സിനിമാ വിഭാഗത്തിൽ 31 ചിത്രങ്ങളും ഇന്ത്യൻ സിനിമാ വിഭാഗത്തിൽ 45 ചിത്രങ്ങളും പ്രദർശിപ്പിക്കും. മിനിമൽ സിനിമ ഫിലിം സൊസൈറ്റിയും ന്യൂവേവ് ഫിലിം സ്കൂളും ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയത്തിലെ ത്രീഡി തിയറ്ററിൽ നടത്തുന്ന ചലച്ചിത്രമേള ഒൻപതിന് അവസാനിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

