2023-ൽ പുറത്തിറങ്ങിയ ‘കിംഗ് ഓഫ് കൊത്ത’യ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘ഐ ആം ഗെയിം’. വൻ വിജയം നേടിയ ‘ആർഡിഎക്സ്’ എന്ന ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ത്രില്ലറിലെ ആദ്യ ഗാനം ഇതിനോടകം തന്നെ സംഗീതാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
‘മഴവില്ലായേ’ എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിൽ വലിയ തരംഗമായി മാറിയിരിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ പത്ത് മില്യണിലധികം കാഴ്ചക്കാരെയാണ് ഈ ഗാനം സ്വന്തമാക്കിയത്.
പ്രമുഖ സംഗീത സംവിധായകനായ ജേക്സ് ബിജോയ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ അർമാൻ മാലിക് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്.
റിലീസ് ചെയ്ത നിമിഷം മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ഗാനം സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേർന്നാണ്. ചിത്രത്തിന്റെ ട്രെയ്ലറിനും മുൻപ് വലിയ സ്വീകരണമായിരുന്നു സിനിമാപ്രേമികളിൽ നിന്നും ലഭിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെത്തിയ ട്രെയ്ലർ വലിയ പാൻ-ഇന്ത്യൻ ശ്രദ്ധ നേടിയിരുന്നു. ആദ്യാവസാനം ത്രസിപ്പിക്കുന്ന ദൃശ്യങ്ങളും അതിശയിപ്പിക്കുന്ന ആക്ഷൻ-ചേസ് രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ചിത്രമെന്നാണ് സൂചനകൾ.
മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത ഭാവത്തിലും സ്റ്റൈലിലുമാണ് ഈ ഫാന്റസി ത്രില്ലർ ഒരുങ്ങുന്നത്. മെഗാ സ്റ്റൈലിഷ് മാസ് ലുക്കിലാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ദുൽഖർ സൽമാന്റെ നാற்பതാം ചിത്രമായാണ് ഇത് ഒരുങ്ങുന്നത്.
ചിത്രത്തിൽ താരനീലയും ഏറെ ശ്രദ്ധേയമാണ്. ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായിക സംയുക്ത വിശ്വനാഥൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയുടെ സംഗീതത്തിന് പുറമെ ജിംഷി ഖാലിദിന്റെ ക്യാമറയും, അൻപറിവ് മാസ്റ്റേഴ്സിന്റെ സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നായിരിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

