കേരള രാഷ്ട്രീയ ചരിത്രത്തിൽ വേറിട്ടൊരു അധ്യായമായി മാറിയ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ (IIM) ഭരണാധികാരികളുടെ ഒത്തുചേരൽ വീണ്ടും ചർച്ചയാകുന്നു. ഭരണരംഗത്തെ മികവുറ്റതാക്കാനും വകുപ്പുകളുടെ ഏകോപനം ലക്ഷ്യമിട്ടും സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന ക്യാമ്പുകളിലേക്ക് പുതിയ മന്ത്രിസഭയെത്തുമ്പോൾ, ഓർമകളിൽ നിറയുന്നത് 2011 ഓഗസ്റ്റ് 18ലെ ചരിത്രനിമിഷങ്ങളാണ്.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഐഐഎമ്മിലെ ബോർഡിൽ കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു: “ഇത് ഞങ്ങൾക്കെല്ലാം വളരെ നല്ല അനുഭവമായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് ഏറെ നന്ദി–” ഈ ഒപ്പിനു പിന്നാലെ അന്നത്തെ മന്ത്രിമാരായ ഷിബു ബേബി ജോൺ, പി.കെ.അബ്ദുറബ്ബ്, പി.കെ.കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, എം.കെ.മുനീർ, വി.കെ.ഇബ്രാഹിം കുഞ്ഞ്, കെ.എം.മാണി, കെ.സി.ജോസഫ്, പി.കെ.ജയലക്ഷ്മി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ജെ.ജോസഫ്, എ.പി.അനിൽകുമാർ, കെ.പി.മോഹനൻ, കെ.ബാബു തുടങ്ങിയവരും എഴുതി ഒപ്പിട്ടിരുന്നു.
ഈ ചരിത്രരേഖ ഇന്നും സ്ഥാപനത്തിന്റെ അഭിമാനച്ചുമരിൽ സൂക്ഷിച്ചിട്ടുണ്ട്. ഏകദേശം 15 വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു മന്ത്രിസഭ ഐഐഎമ്മിൽ എത്തുമ്പോൾ, മുൻകാല പരിശീലനത്തിൽ പങ്കെടുത്തവരിൽ 3 പേർ മാത്രമാണ് ഇന്നത്തെ സംഘത്തിലുള്ളത്.
പി.കെ.കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, എ.പി.അനിൽകുമാർ എന്നിവരാണ് ആ പ്രമുഖർ. മന്ത്രിമാർക്ക് പുറമേ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു.ഖേൽക്കർ, ഐഎംജി ഡയറക്ടർ ടിങ്കു ബിസ്വാൾ എന്നിവരും ചുരുക്കം ഉദ്യോഗസ്ഥരും ഈ യാത്രയിൽ പങ്കെടുക്കുന്നുണ്ട്.
പഴയകാല അനുഭവങ്ങളെക്കുറിച്ച് അന്നത്തെ മന്ത്രിമാർ പങ്കുവെച്ച ഓർമകൾ ഏറെ ശ്രദ്ധേയമാണ്. “എന്നെ സംബന്ധിച്ച് ഏറ്റവും പ്രയോജനകരമായ ക്ലാസ് ആയിരുന്നു 2011ലേത്.
ഭരണരംഗത്തു വരുത്തേണ്ട ഒട്ടേറെ മാറ്റങ്ങൾ അന്നറിയാൻ പറ്റി.
ക്ലാസ് മുറികളിൽ പഠിക്കുന്ന തിയറിയും രാഷ്ട്രീയ രംഗത്തെ പ്രായോഗിക പരിചയവും സമന്വയിപ്പിക്കാൻ സാധിച്ചാൽ വിജയിക്കും. ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന സർക്കാരാണ് ഇപ്പോഴത്തേത്.
ഞങ്ങളെ സംബന്ധിച്ച് ഈ ക്ലാസ് വലിയ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്” എന്ന് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കുന്നു. ഉമ്മൻചാണ്ടി മന്ത്രിസഭ ചുമതലയേറ്റതിനു പിന്നാലെ ഏറ്റവും തിരക്കുപിടിച്ച സമയത്താണ് അന്ന് ഐഐഎമ്മിൽ എത്തിയത് എന്ന് മന്ത്രി എ.പി.അനിൽകുമാർ ഓർക്കുന്നു.
എല്ലാവരും ഒന്നിച്ചിരുന്ന് പരസ്പരം ആശയവിനിമയം നടത്തിയതു പുതിയ അനുഭവമായിരുന്നു. കുടുംബകാര്യങ്ങൾ പോലും പങ്കു വയ്ക്കാൻ കഴിഞ്ഞു.
രാഷ്ട്രീയത്തിലും ഭരണത്തിലും ഉമ്മൻചാണ്ടിയുടെ പരിചയവും ഏറെ പ്രയോജനപ്പെട്ടു. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മയായിരുന്നു തുടക്കത്തിലെ പ്രശ്നം.
അതു പരിഹരിച്ചത് ഈ ക്ലാസിനിടയിലാണ്. തിരക്കുകളിൽ നിന്നു മാറി, മന്ത്രിമാർക്ക് മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രമാക്കാനും സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ഉദ്യമത്തെക്കുറിച്ച് ഐഐഎം ഡയറക്ടർ ദേബാശിഷ് ചാറ്റർജിയുടെ പ്രതികരണം ഇങ്ങനെ: “ക്ലാസ് എന്നു പറയാതിരിക്കുന്നതാണ് ഉത്തമം. ഞങ്ങളേക്കാൾ ഏറെ അനുഭവസമ്പത്തുള്ളവരാണു മന്ത്രിമാർ.
പ്രായോഗികമായി എന്തൊക്കെ സാധ്യമാക്കാമെന്ന് അവർക്കു കൂടുതൽ ധാരണയുണ്ടാകും. അവരിൽ നിന്നു പരമാവധി ഗ്രഹിക്കുക, കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ ഞങ്ങളുടേതായ മാർഗങ്ങൾ പകർന്നു കൊടുക്കുക… അങ്ങനെ പരസ്പര ആശയവിനിമയ സംവിധാനമാണ് ഒരുക്കുന്നത്.
ദൈനംദിന ഭരണനിർവഹണത്തിന്റെ തിരക്കുകളിൽനിന്നു മാറിനിന്നു കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന മാറ്റങ്ങളെക്കുറിച്ചു സംസ്ഥാന നേതൃത്വത്തിനു കൂട്ടായ ചിന്തയ്ക്കും തന്ത്രപരമായ ആലോചനയ്ക്കും അവസരമൊരുക്കും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

