ആഗോള സമ്പദ്വ്യവസ്ഥയെ ആശങ്കയിലാഴ്ത്തിയിരുന്ന പലിശനിരക്ക് വർധന സംബന്ധിച്ച ആശങ്കകൾക്ക് വിരാമമിട്ട് യുഎസ്. പണപ്പെരുപ്പം കുറയുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഗവർണർ ക്രിസ്റ്റഫർ വോളർ വ്യക്തമാക്കിയതോടെ നിക്ഷേപകരുടെ ഭീതി അകന്നു.
ഈമാസം ചേരുന്ന പണനയ യോഗത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടാനുള്ള സാധ്യത മങ്ങിയതിനെ തുടർന്ന് ഓഹരികളും സ്വർണവിലയും കുതിച്ചുയർന്നു. പലിശപ്പേടി ഒഴിഞ്ഞതോടെ കടപ്പത്ര വിപണിയുടെ കുതിപ്പിന് വേഗത കുറയുകയും ഡോളർ മൂല്യം താഴേക്ക് ഇടിയുകയും ചെയ്തു.
ഇതിന്റെ പ്രതിഫലനമായി യുഎസ് ഓഹരി വിപണികൾ മികച്ച നേട്ടമാണ് രേഖപ്പെടുത്തിയത്. ഏഷ്യൻ വിപണികളിലും ഉണർവ് പ്രകടമായി.
യുഎസിൽ എസ് ആൻഡ് പി500 സൂചിക 1.06%, നാസ്ഡാക് 1.40%, ഡൗ ജോൺസ് 1.18% എന്നിങ്ങനെയാണ് ഉയർന്നത്. ഏഷ്യൻ തലത്തിൽ ജാപ്പനീസ് നിക്കേയ് 0.87%, ഹോങ്കോങ് 2.05%, ഷാങ്ഹായ് 0.71%, ദക്ഷിണ കൊറിയൻ കോസ്പി 1.13% എന്നിങ്ങനെയും നേട്ടമുണ്ടാക്കി.
ഇന്ത്യൻ വിപണിയിലും ഇതിന്റെ ഗുണഫലങ്ങൾ പ്രകടമായി. ഗിഫ്റ്റ് നിഫ്റ്റി രാവിലെ ഒരുഘട്ടത്തിൽ 100ലേറെ പോയിന്റാണ് ഉയർന്നത്.
സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷയാണ് ഇതുനൽകിയത്. പലിശനിരക്ക് സംബന്ധിച്ച ആശങ്കകൾ ഒഴിഞ്ഞതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 107.37 ഡോളർ ഉയർന്ന് 4476.64 ഡോളറിലെത്തി.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ ക്രൂഡോയിൽ വില ഉയർന്ന തലത്തിൽത്തന്നെ തുടരുകയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.40% ഉയർന്ന് 95.90 ഡോളറിലും യുഎസ് ക്രൂഡ് വില 0.61% വർധിച്ച് 91.86 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
ഇറാനെ വരുതിയിലാക്കാൻ എല്ലാ മാർഗങ്ങളും ആലോചിക്കുന്നുണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു.
സൈനിക ആക്രമണങ്ങൾക്ക് പുറമെ സാമ്പത്തിക ഉപരോധങ്ങളും ഹോർമുസിലെ കപ്പൽ ഉപരോധവും കൂടുതൽ കർശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിൽ, ഇറാനിൽ ഒരു വിവാഹവേദിയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുഎസിന്റെ വ്യോമാക്രമണമാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക സൂചനകൾ. സംഭവത്തെക്കുറിച്ച് യുഎസ് അന്വേഷണം നടത്തുമെന്ന് ജെ.ഡി.
വാൻസ് അറിയിച്ചു. ഈ സ്ഫോടനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്ന ആശങ്കയും ശക്തമാണ്.
ഹോർമുസിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാതെ ഇറാനുമായി ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഹോർമുസിൽ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ സൈന്യത്തെ അയക്കാൻ ദക്ഷിണ കൊറിയയും തീരുമാനിച്ചിട്ടുണ്ട്.
ആഗോളതലത്തിലുള്ള ഇത്തരം പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ രൂപയുടെ മൂല്യം ശക്തമായി തുടരുന്നു. തുടർച്ചയായ അഞ്ചാം ദിവസവും ഡോളറിനെതിരെ രൂപ നേട്ടമുണ്ടാക്കി.
ഇന്നലെ 22 പൈസ വർധിച്ച് 94.51 ആണ് മൂല്യം. എന്നാൽ, ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരത്തിന്റെ തുടക്കത്തിൽ മുന്നേറ്റം നടത്തിയെങ്കിലും ഉച്ചയ്ക്കുശേഷം നഷ്ടത്തിലേക്ക് വഴുതിവീണു.
സെൻസെക്സ് 417 പോയിന്റ് (-0.55%) താഴ്ന്ന് 76,152ലും നിഫ്റ്റി 41 പോയിന്റ് (-0.17%) നഷ്ടത്തോടെ 23,873ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടയിൽ നിഫ്റ്റി 24,025 വരെ ഉയർന്നിരുന്നു.
സെബി അവതരിപ്പിച്ച ക്ലോസിങ് ഓക്ഷൻ സെഷനാണ് (കാസ്) വ്യാപാരാന്ത്യത്തിൽ വിപണിയിൽ നഷ്ടത്തിന് കാരണമാകുന്നത്. കാസിൽ ലാഭമെടുപ്പ് ശക്തമാകുന്നതാണ് വിപണിക്ക് തിരിച്ചടിയാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

