ഡൽഹിയിലെ ജന്തർമന്തൽ സമരത്തിൽ പങ്കെടുത്ത പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി രംഗത്ത്. തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജിനെയും കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച ഡൽഹിയിലെ പൊലീസ് സ്റ്റേഷനിൽ സിജെപി സംഘം നേരിട്ടെത്തും. സമരത്തിൽ പങ്കെടുത്ത നിഷു ആസാദ്, ആക്രമണത്തിനിരയായ പിതാവ് സഞ്ജയ് എന്നിവരും പ്രതിഷേധത്തിൽ ഒപ്പമുണ്ടാകും.
സിജെപിയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.
എന്നാൽ, സിജെപിയുടെ ആരോപണങ്ങൾ പൂർണ്ണമായി തള്ളിക്കൊണ്ട് ഡൽഹി പൊലീസ് വിശദീകരണം നൽകിയിട്ടുണ്ട്. ജന്തർമന്തറിലെ സമരത്തിനിടെ ഗാസിയാബാദ് സ്വദേശിയായ സഞ്ജയ് കുമാറിനെ കൈവള കൊണ്ടാണ് ആക്രമിച്ചതെന്നും അദ്ദേഹത്തിന് ഏറ്റത് നിസ്സാര പരിക്കുകൾ മാത്രമാണെന്നുമാണ് പൊലീസിന്റെ വാദം.
ആർഎംഎൽ ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചിരുന്നുവെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്ന പ്രചാരണം തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി. ഇതിന് യാതൊരു മെഡിക്കൽ റിപ്പോർട്ടുകളുടെയും പിൻബലമില്ലെന്നും ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സ്വതന്ത്ര ഭരദ്വാജ്(21), സുരാജ് കുമാർ(24) എന്നിവരെ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. നിയമപ്രകാരം ഇവർക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വിഷയത്തിൽ അനാവശ്യ ഇടപെടലുകളോ സമ്മർദങ്ങളോ ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഡൽഹി പൊലീസിന്റെ ഈ വിശദീകരണം സിജെപി നേതാക്കൾ തള്ളി.
സ്വതന്ത്ര ഭരദ്വാജിന്റെയും സംഘത്തിന്റെയും ആക്രമണത്തിൽ നിഷുവിന്റെ അച്ഛന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും എന്നാൽ ഗൗരവകരമായ വകുപ്പുകൾ ചുമത്താൻ പൊലീസ് തയ്യാറായില്ലെന്നും സിജെപി നേതാവ് സൗരവ് ദാസ് ആരോപിച്ചു. അറസ്റ്റ് ഒഴിവാക്കാനാണ് പൊലീസ് ഇത് ചെയ്തതെന്നും ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ കോടതി ഉത്തരവ് നേടിവരാനാണ് ഡൽഹി ഡിസിപി സതീശ് ശർമ, എസിപി അജയ് ശർമ എന്നിവർ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസിൽ ഇടപെടൽ നടത്തിയ ബിജെപി മന്ത്രി കപിൽ മിശ്രയ്ക്കെതിരെ നടപടി വേണമെന്നും മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട സൗരവ് ദാസ്, ബിജെപി നേതൃത്വം ഇതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്നും ചോദിച്ചു.
തീവ്ര ഹിന്ദുസംഘടനാ നേതാവായ സ്വതന്ത്ര ഭരദ്വാജ് ഒരു വീഡിയോ അഭിമുഖത്തിൽ ജന്തർമന്തറിലെ സമരത്തിനിടെ പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നു. നിഷുവിൻ്റെ അച്ഛന്റെ തലയടിച്ച് പൊട്ടിച്ചുവെന്നും ഏഴോളം സ്റ്റിച്ചുകൾ ഇടേണ്ടിവന്നുവെന്നും മന്ത്രി കപിൽ മിശ്ര ഇടപെട്ടാണ് പൊലീസ് തങ്ങളെ വിട്ടയച്ചതെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ.
ഈ വീഡിയോ വിവാദമായതോടെയാണ് നിഷു ആസാദും സിജെപി നേതാക്കളും പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നിഷുവിനും അച്ഛനും പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

