പേരാമ്പ്ര ( കോഴിക്കോട്) ∙ ഇടതു മുന്നണി സ്ഥാനാർഥി ടി.പി.രാമകൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് പുറത്തിറക്കിയ അനൗൺസ്മെന്റിൽ വിവാദം കത്തുന്നു. ബിജെപിയെക്കാൾ ശക്തമായി വർഗീയ വിദ്വേഷം ആളിക്കത്തിച്ച് നാലു വോട്ടു പിടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന ആരോപണവുമായി മുസ്ലിം ലീഗ് രംഗത്തെത്തി.
സ്ഥാനാർഥി ടി.പി.രാമകൃഷ്ണന്റെ അറിവോടെയാണ് റെക്കോർഡ് ചെയ്ത അനൗൺസ്മെന്റ് പ്രചരിപ്പിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയയും പറഞ്ഞു. അനൗൺസ്മെന്റിനെ കുറിച്ച് അറിയില്ലെന്നും തങ്ങളുടെ പ്രവർത്തകരിൽ നിന്ന് തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താൻ തയാറുമാണെന്ന പ്രതിരോധത്തിലായി ടി.പി.രാമകൃഷ്ണൻ.
മൂന്നു ദിവസം മുൻപാണ് വിവാദമായ മൈക്ക് അനൗൺസ്മെന്റ് ആരംഭിച്ചത്. ‘നമ്മുടെ ഖൗമിലെ (സമുദായം) കുട്ടിയെ വിജയിപ്പിക്കണം എന്ന് മുസ്ലിം ലീഗുകാർ വീടുകൾ കയറി പറയുന്ന’തായാണ് അനൗൺസ്മെന്റ്.
ഒരു സമുദായത്തെ അവഹേളിക്കുന്നതാണ് ഈ വിശേഷണമെന്നാണ് ആരോപണം. വടകര പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പിനിടയിൽ ഉയർന്ന ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിനു തുല്യമാണ് പേരാമ്പ്രയിലെ സംഭവങ്ങൾ.
പ്രചാരണത്തിനെതിരെ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ബാലനാരായണനും കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ടും, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.സുനന്ദും രേഖകൾ സഹിതം തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
എന്നിട്ടും ഒരു നടപടിയും എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഫാത്തിമ തഹ്ലിയ ചോദിക്കുന്നു. നിയമനടപടികളുമായി ഏതറ്റം വരെയും പോകും.
എഫ്ഐആർ പോലും ഇതേവരെ റജിസ്റ്റർ ചെയ്തിട്ടില്ല. പേരാമ്പ്രയുടെ മണ്ണിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ വിജയിക്കില്ല.
നാടിന്റെ മതനിരപേക്ഷ മൂല്യങ്ങൾ കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്– ഫാത്തിമ വ്യക്തമാക്കി.
ബാലുശ്ശേരി മണ്ഡലത്തിൽ ഉൾപ്പെടുന്ന നടുവണ്ണൂരിൽ നിന്നാണ് പല റെക്കോർഡുകളും പേരാമ്പ്രയിൽ എത്തിക്കുന്നത്. അനൗൺസ്മെന്റ് കേട്ട
ആവളയിലെ മുണ്ടക്കണ്ടി സലീൽ രണ്ടാമത് ഒരിക്കൽ കൂടി കേട്ടപ്പോഴാണ് സംഭവം വ്യക്തമായത്. അനൗൺസ്മെന്റ് വാഹനത്തിന്റെ പിറകെ പോയി റെക്കോർഡ് ചെയ്ത് മറ്റുള്ളവർക്ക് നൽകിയതോടെയാണ് ഇതിലെ അപകടം തിരിച്ചറിഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

