ബേപ്പൂർ∙ തുറമുഖ ജീവനക്കാർക്കായി ബിസി റോഡിൽ പുതിയ 3 ക്വാർട്ടേഴ്സുകൾ കൂടി ഒരുങ്ങി. കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച 94 ലക്ഷം രൂപ ഉപയോഗിച്ചാണ് പാർപ്പിട
സമുച്ചയം നിർമിച്ചത്. അവസാന മിനുക്കു പണികൾ പൂർത്തിയായാൽ ക്വാർട്ടേഴ്സുകൾ ജീവനക്കാർക്ക് അനുവദിച്ചു നൽകും. തുറമുഖ വകുപ്പ് നിർദേശ പ്രകാരം 4 നില കെട്ടിടത്തിൽ 16 ക്വാർട്ടേഴ്സുകൾ നിർമിക്കാനായിരുന്നു പദ്ധതി. ഇതിനു ഹാർബർ എൻജിനീയറിങ് വകുപ്പ് 1.74 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചപ്പോൾ 98 ലക്ഷം രൂപ മാത്രമായിരുന്നു ആദ്യഘട്ടത്തിൽ അനുവദിച്ചത്. ലഭ്യമായ ഫണ്ടിൽ 4 നിലയ്ക്ക് സജ്ജമായ അടിത്തറ ഒരുക്കി ഒരു ക്വാർട്ടേഴ്സും ബാക്കി സ്ട്രക്ചറും നിർമിച്ചു.
പിന്നീട് ഏറെക്കാലം പ്രവൃത്തി തടസ്സപ്പെട്ടു കിടന്നു.
താഴത്തെ നിലയിൽ 3 ക്വാർട്ടേഴ്സുകൾ പൂർത്തീകരിക്കാനും കുഴൽക്കിണർ, മുറ്റത്ത് പൂട്ടുകട്ട വിരിക്കൽ എന്നിവയ്ക്കായി ഹാർബർ എൻജിനീയറിങ് വകുപ്പ് സമർപ്പിച്ച 94 ലക്ഷത്തിന്റെ എസ്റ്റിമേറ്റിൽ കഴിഞ്ഞ വർഷം തുക അനുവദിച്ചതോടെയാണു ആദ്യഘട്ടം പൂർത്തിയാക്കാനായത്.ഹാർബർ എൻജിനീയറിങ് വകുപ്പ് മേൽനോട്ടത്തിൽ 2018 ഡിസംബറിലാണു ബിസി റോഡിലെ തുറമുഖ സ്ഥലത്ത് ക്വാർട്ടേഴ്സ് നിർമാണം തുടങ്ങിയത്. ഇനി കൂടുതൽ തുക അനുവദിച്ചാൽ മാത്രമേ ബാക്കി 12 ക്വാർട്ടേഴ്സുകൾ കൂടി നിർമിക്കാനാകൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

