ചങ്ങനാശേരി ∙ കൂട്ടിയിടിക്കുന്ന വലിയ ശബ്ദം, ഓടിയെത്തുമ്പോൾ റോഡിൽ തീ ഉയരുന്നു, വാഹനങ്ങളുടെ ഭാഗങ്ങൾ ചിന്നിച്ചിതറി കിടക്കുന്നു, ലോറിയുടെ കാബിനുള്ളിൽ രക്തത്തിൽ കുളിച്ച് ഡ്രൈവർ. മതുമൂലയിൽ ലോറികൾ കൂട്ടിയിടിച്ച് റോഡിൽ തീ പടർന്ന അപകടത്തിൽ നാട്ടുകാരെ നടുക്കിയ ദൃശ്യങ്ങളാണിത്.
കോട്ടയം ഐഡ ജംക്ഷൻ മുതൽ ചെങ്ങന്നൂർ വരെയുള്ള നവീകരണത്തിനു ശേഷം എംസി റോഡ് അപകടത്തുരുത്തായി മാറി. വാഹനങ്ങൾ കൂട്ടിയിടിക്കുന്ന ശബ്ദം കേട്ടാണ് ഇപ്പോൾ ആളുകൾ ഉണരുന്നത്.
ഇന്ധന ടാങ്കറുകളടക്കം കടന്നു പോകുന്ന റോഡിലൂടെ തീ പടർന്നത് നിസ്സാരമായി കാണാനാവില്ല.
4 അപകട മരണം
∙സെപ്റ്റംബറിൽ മാത്രം 4 അപകട
മരണങ്ങൾ ഉണ്ടായെന്നാണ് പൊലീസ് റിപ്പോർട്ട് . ചിങ്ങവനം, ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ ചെറുതും വലുതുമായ 14 അപകടങ്ങളും രണ്ട് മാസത്തെ കണക്കിലുണ്ട്.
നവീകരണത്തിനു ശേഷം തുടർച്ചയായി അപകടങ്ങൾ നടന്ന സ്ഥലങ്ങളിൽ അപകട കാരണങ്ങൾ കണ്ടെത്താൻ പൊലീസ് റൂട്ട് കോസ് പഠനം നടത്തിയിരുന്നു.
പരിഹാരങ്ങളും നിർദേശിച്ചിട്ടുണ്ട്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ കൂടെ ഫണ്ട് ഉപയോഗിച്ച് റോഡ് സുരക്ഷ വർധിപ്പിക്കാനാണ് പൊലീസിന്റെയും ശ്രമം.
ഇതിന്റെ ഭാഗമായി റോഡ് സുരക്ഷാ പദ്ധതികൾക്കും തുടക്കമാകും.
അപകട കാരണങ്ങൾ
∙ വാഹനങ്ങളുടെ അമിതവേഗം
∙ യാത്രക്കാരുടെ അശ്രദ്ധ
∙ ഗതാഗത നിയമലംഘനങ്ങൾ.
∙ രാത്രി റോഡിൽ വെളിച്ചമില്ലാത്തത്.
വേഗം 40
∙എംസി റോഡിൽ ഭൂരിഭാഗം സ്ഥലങ്ങളിലെയും വേഗപരിധി 40 കിലോമീറ്ററാണ്. എന്നാൽ പലർക്കും ഇക്കാര്യം അറിയില്ല.
ദേശീയപാത അതോറിറ്റി വേഗപരിധി അറിയിച്ചുള്ള ബോർഡുകൾ കൂടുതലായി സ്ഥാപിക്കുന്നുണ്ട്. മോട്ടർവാഹന വകുപ്പ് അവർ നിശ്ചയിച്ച വേഗ പരിധിയാണ് പിഴയീടാക്കാനായി കണക്കാക്കുന്നത്.
12 വർഷങ്ങൾക്ക് മുൻപ് കെഎസ്ടിപി വിഭാവനം ചെയ്ത ഡിസൈനിൽ തന്നെയാണ് റോഡ് നിലനിൽക്കുന്നത്. വാഹനങ്ങൾ പെരുകിയിട്ടും സ്ഥലങ്ങൾ വികസിച്ചിട്ടും റോഡിന് വീതി കൂടിയില്ല, വളവുകൾ നിവർന്നില്ല.
അപകട വളവുകളെല്ലാം അതേപടി നിലനിൽക്കുന്നു.
അശാസ്ത്രീയതകൾ പരിഹരിക്കാതെ ദേശീയപാത അതോറിറ്റി റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ടാറിങ് നടത്തിയതോടെ അപകടങ്ങൾ കൂടി.
അപകടമേഖലകൾ
∙കുറിച്ചി ഔട്പോസ്റ്റ് ഭാഗം, കാലായിപ്പടി, തുരുത്തി, തുരുത്തി പുന്നമൂട് ജംക്ഷൻ, തുരുത്തി കാനാ ഭാഗം, മതുമൂല, വാഴപ്പള്ളി സെന്റ് തേരേസസ് സ്കൂളിനു സമീപം, രാജേശ്വരി ജംക്ഷൻ.
നാലുവരിപ്പാത
∙സംസ്ഥാനത്തെ പ്രധാന പാതയായ എംസി റോഡ് നാലുവരിപ്പാതയായി ഉയരുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ നടപടികൾക്കെല്ലാം ഒച്ചിഴയുന്ന വേഗമാണ്.
വളവുകൾ നിവർത്തി റോഡ് നാലുവരിയായി ഉയർത്തണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

