നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ നിന്ന് തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് കോട്ടയം ജില്ലയിൽ നിന്നുള്ള യാത്രാസംഘം. യാത്രാപദ്ധതിയിൽ ഉൾപ്പെടാതിരുന്ന ഒരു ക്ഷേത്രത്തിൽ കയറിയതിനെ തുടർന്നുണ്ടായ 15 മിനിറ്റ് താമസം തങ്ങളുടെ ജീവൻ രക്ഷിക്കുകയായിരുന്നുവെന്ന് സംഘാംഗങ്ങൾ വ്യക്തമാക്കുന്നു.
നേപ്പാളിലേക്കു യാത്ര പോയ ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ 16 അംഗ സംഘത്തിനാണ് ഈ ദുരന്തോത്സുക അനുഭവം ഉണ്ടായത്. ആർപ്പൂക്കര സ്വദേശി ഡി.വിനയകുമാർ, ഭാര്യ രഞ്ജിത, കുമാരനല്ലൂർ സ്വദേശി സന്തോഷ്കുമാർ, ഭാര്യ രാജി, പാക്കിൽ സ്വദേശി എ.പ്രദീപ്കുമാർ, ഭാര്യ രേഖ, മകൾ കാർത്തിക, മക്കളായ ഒന്നര വയസ്സുകാരി ഹൃദ്യ, അഞ്ചു വയസ്സുള്ള ശിവന്യ, പായിപ്പാട് സ്വദേശി സജി, ഭാര്യ രജിനി, തിരുവഞ്ചൂർ സ്വദേശികളായ വിജയകുമാർ, ഭാര്യ ആശ, മകൻ വി.അഭിറാം, സതീശ് കുമാർ, ഭാര്യ പൂർണിമ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.
യാത്രയെക്കുറിച്ച് ഡി.വിനയകുമാർ പറയുന്നതിങ്ങനെ: “24നു കഠ്മണ്ഡുവിലെത്തി. ആദ്യം സന്ദർശിച്ചത് പശുപതിനാഥ് ക്ഷേത്രമാണ്.
26ന് തിരുവോണദിനത്തിൽ മനോകാമിനി ക്ഷേത്രത്തിലേക്കു യാത്ര തിരിച്ചു. ഇതിനിടെ, പ്ലാനിൽ ഇല്ലാതിരുന്ന സ്വയംഭൂ ക്ഷേത്രത്തിൽ കയറി.
ടൂർ ഓപ്പറേറ്റർ ക്ഷേത്രത്തെപ്പറ്റി പറഞ്ഞതുകേട്ടാണ് കയറിയത്. ഓപ്പറേറ്റർ നൽകിയത് 15 മിനിറ്റ്.
എന്നാൽ, ക്ഷേത്രസന്ദർശനം പൂർത്തിയായപ്പോൾ 30 മിനിറ്റായി.” തുടർന്ന് ത്രിശൂലി നദിയുടെ 500 മീറ്റർ അടുത്തെത്തിയപ്പോഴാണ് ആളുകൾ പരിഭ്രാന്തരായി ഓടുന്നതു കണ്ടത്. വലിയ കൊക്കയിലേക്കു ബസ് മറിഞ്ഞ് അപകടമുണ്ടായെന്നാണു ടൂർ ഓപ്പറേറ്റർ ആദ്യം പറഞ്ഞത്.
എന്നാൽ കൂടുതൽപേർ ഓടുന്നതു കണ്ടപ്പോൾ വാഹനത്തിൽനിന്ന് ഇറങ്ങി നോക്കിയപ്പോഴാണ് ഭീകരമായ കാഴ്ച കണ്ടത്. നദിയിലൂടെ പാറച്ചീളുകൾപോലെ എന്തോ ഒഴുകുന്നതാണ് കണ്ടത്.
വാഹനങ്ങളും കെട്ടിടങ്ങളും ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒഴുകിനീങ്ങുകയായിരുന്നു. തങ്ങൾ കടന്നുപോകേണ്ടിയിരുന്ന പാലം പൂർണ്ണമായും വെള്ളമെടുത്തു തകർന്നുപോയി.
സ്വയംഭൂ ക്ഷേത്രസന്ദർശനം നീണ്ടതുകൊണ്ടു മാത്രമാണ് വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. പാലം തകർന്നതോടെ യാത്രാസംഘം വഴിയിൽ കുടുങ്ങിപ്പോയി.
വാഹനത്തിൽ ആവശ്യത്തിനു ഭക്ഷണമുണ്ടായിരുന്നില്ലെങ്കിലും സമീപത്തെ ഹോട്ടലുകാർ ഭക്ഷണം തയാറാക്കി നൽകി. വനത്തിലൂടെയുള്ള മലമ്പാതയിൽ 7 മണിക്കൂർ യാത്ര ചെയ്താൽ അപകടമേഖലയിൽനിന്നു രക്ഷപ്പെടാമെന്ന് ടൂർ ഓപ്പറേറ്റർ അറിയിച്ചു.
14 ഹെയർപിൻ വളവുകളുള്ള പാതയിലൂടെ നീങ്ങുമ്പോൾ ബസ് മറിയുമെന്നു ഭയപ്പെട്ടിരുന്നു. വന്യമൃഗങ്ങൾ വിഹരിക്കുന്ന ഈ പാതയിൽ യാത്രയ്ക്കിടെ 4 തവണ ബസ് കേടാവുകയും ചെയ്തു.
ഇതിനിടെ പാതയിൽ മണ്ണിടിച്ചിലുണ്ടെന്ന അറിയിപ്പും ലഭിച്ചു. തുടർന്ന് വനാതിർത്തിയിലെ റിസോർട്ടിൽ വിശ്രമിച്ച ശേഷം ലുംബിനി വഴി ഉത്തർപ്രദേശിലെ ഗോരഖ്പുരിലെത്തുകയായിരുന്നു.
സംഘം ഇന്നലെ രാവിലെയാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. 36 അംഗ മലയാളിസംഘം തിരിച്ചെത്തി നെടുമ്പാശേരിയിലും സമാനമായ രീതിയിൽ നേപ്പാൾ മിന്നൽപ്രളയത്തിൽ കുടുങ്ങിയ കോട്ടയം സ്വദേശികളടക്കം 36 അംഗ മലയാളിസംഘം സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട്.
ഈ മാസം 23ന് കൊച്ചിയിൽനിന്ന് ട്രാവൽ ഏജൻസി മുഖേനയായിരുന്നു ഇവരുടെ നേപ്പാൾ യാത്ര. ഗോരഖ്പുരിൽനിന്ന് മുംബൈ വഴിയാണു വിമാനത്തിൽ നാട്ടിലേക്കു മടങ്ങിയത്.
ഇതിൽ കാസർകോട് സ്വദേശികളായ 5 പേർ ബെംഗളൂരുവിലേക്കും ബാക്കി 31 പേർ കൊച്ചിയിലേക്കുമാണ് മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

