ചങ്ങനാശേരി ∙ ‘കിടപ്പുമുറിയിലെ ജനൽപടിയിൽ വച്ചിരുന്ന കുപ്പികൾ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. നോക്കുമ്പോൾ മുറിക്കുള്ളിൽ ഫണം വിടർത്തി ചീറ്റിനിൽക്കുന്ന മൂർഖൻ പാമ്പ്.
എന്നോടൊപ്പം മക്കളും ഭർത്താവും മുറിയിലുണ്ടായിരുന്നു. ഉറക്കത്തിൽ ശബ്ദം കേട്ട് ഞങ്ങൾ ഉണർന്നില്ലായിരുന്നെങ്കിൽ… എനിക്ക് ഓർക്കാൻകൂടി വയ്യ..’ കിടപ്പുമുറിയിൽ മൂർഖൻ പാമ്പിനെ കണ്ടത് വിവരിക്കുമ്പോൾ തെങ്ങണ പഴയ ബ്ലോക്കിനു സമീപം തടത്തിൽപറമ്പിൽ വീട്ടിൽ രജിതയുടെ ഭയം വിട്ടുമാറിയിരുന്നില്ല.
രജിതയും ഭർത്താവ് ഗണേഷ് ബാബു, മക്കളായ ഗൗതം (10), ഋഷി (5) എന്നിവർ കിടന്ന മുറിയിലാണ് മൂർഖൻ പാമ്പിനെ കണ്ടത്.
ഇന്നലെ പുലർച്ചെ 3 നായിരുന്നു സംഭവം. മുറിക്കുള്ളിലേക്ക് പാഞ്ഞുകയറിയ എലിയെ പിന്തുടർന്നാണ് 6 അടിയിലേറെ നീളമുള്ള മൂർഖൻ എത്തിയത്.
വേനൽക്കാലമായതിനാൽ ഗൗതവും ഋഷിയും പതിവായി അമ്മ രജിതയോടൊപ്പം താഴെയാണ് കിടന്നിരുന്നത്. എന്നാൽ ഇന്നലെ മഴ പെയ്ത് മുറിയിൽ ചൂട് കുറവുള്ളതിനാൽ രജിത മാത്രമാണ് നിലത്ത് കിടന്നത്.
മക്കൾ ഗണേഷിനോടൊപ്പം കട്ടിലിൽ കിടന്നു. എലിയെ പിന്തുടർന്ന് എത്തിയ മൂർഖൻ രജിതയുടെ സമീപത്തൂടെ ഇഴഞ്ഞ് നീങ്ങി ജനൽപ്പാളിയിലേക്ക് കയറി.
ഇതിനിടയിലാണ് ജനൽപ്പടിയിലിരുന്ന കുപ്പികൾ നിലത്തേക്ക് വീണത്. ശബ്ദം കേട്ട് ഉറക്കത്തിൽ നിന്ന് ഉണർന്ന രജിതയും ഗണേഷും കാണുന്നത് മൂർഖനെ.
ഉടനെ മക്കളെയും വാരിയെടുത്ത് ഗണേഷും രജിതയും മുറിക്ക് പുറത്തേക്ക് ഓടി.
പാമ്പുശല്യത്തിന്റെ വാർത്തകൾ ശ്രദ്ധയിൽപെട്ട് സ്നേക് ക്യാച്ചറായിരുന്ന വാഴപ്പള്ളി സ്വദേശി ഷിനോ കുറ്റിശേരിയുടെ നമ്പർ കുറിച്ചുവച്ചിരുന്നു. ഇതു രക്ഷയായി.
ഉടനെ സ്ഥലത്തെത്തിയ ഷിനോ മൂർഖൻ പാമ്പിനെ മുറിയിൽനിന്നു പിടികൂടി. വീടിന്റെ അടുക്കള ഭാഗത്തുനിന്നാണ് മൂർഖൻ എത്തിയതെന്ന് കരുതുന്നു.
റേഷൻ കടയിൽ അരിച്ചാക്കിനിടയിൽ മൂർഖൻ പാമ്പ്
കാഞ്ഞിരപ്പള്ളി ∙ പട്ടിമറ്റത്ത് റേഷൻ കടയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി.
എആർഡി 10–ാം നമ്പർ റേഷൻ കടയിലാണ് മൂർഖൻ പാമ്പിനെ കണ്ടത്. അരിചാക്കുകൾക്കിടയിലേക്കു പാമ്പ് കയറുന്നത് കടയുടമ ഷീന കണ്ടു.
പിന്നീട് മകൻ അൽത്താഫ് എത്തി ചാക്ക് മാറ്റിയപ്പോൾ ഇതിനിടെ പാമ്പിനെ കണ്ടെത്തി. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി.
രക്തം പരിശോധിക്കാൻ വന്നതാവും!
എരുമേലി ∙ നഗരത്തിലെ സ്വകാര്യ ലബോറട്ടറിക്കു സമീപത്തു കണ്ട മൂർഖൻ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണു കടയുടെ സമീപത്തെ വാട്ടർ മീറ്ററിനു സമീപം ഒളിഞ്ഞിരിക്കുന്ന മൂർഖൻ പാമ്പിനെ കണ്ടത്. നാട്ടുകാർ വനം വകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് എരുമേലി റേഞ്ച് ആർആർടി എത്തി മൂർഖൻ പാമ്പിനെ പിടികൂടി കൊണ്ടുപോയി.
അത്യാഹിതമൊഴിവാക്കാൻ പെരുമ്പാമ്പ് മരത്തിൽ
കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിനു മുൻപിലെ മരത്തിൽ പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി.
ആശുപത്രിയിലെത്തിയവരാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മരച്ചില്ലയിൽ ചുറ്റിക്കിടന്ന പാമ്പിനെ കാക്കകൾ കൊത്തുന്നതായി കണ്ടത്. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് വനം വകുപ്പിന്റെ വണ്ടൻപതാൽ ആർആർടി ടീം റെസ്ക്യൂവർ സുഭാഷ് എത്തി ഫയർ ഫോഴ്സിന്റെ സഹായത്തോടെ മരത്തിൽ കയറി പാമ്പിനെ പിടികൂടിയത്.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.സുഗന്തി, ബിഎഫ്ഒ എൻ.ആർ. രഞ്ജുമോൻ, കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
മൂന്നടി നീളമുള്ള പാമ്പിൻ കുഞ്ഞിനെ പെരിയാർ ടൈഗർ റിസർവ് വനത്തിൽ തുറന്ന് വിടുമെന്നു വനം വകുപ്പ് അധികൃതർ അറിയിച്ചു.
പൊൻകുന്നം ∙ മരത്തിനു മുകളിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. ചിറക്കടവ് അമ്പലം ആൽത്തറയ്ക്ക് സമീപം കുഴിപ്പള്ളിക്കുന്നേൽ പരമേശ്വരൻ പിള്ളയുടെ പറമ്പിലെ വെട്ടിമരത്തിൽ നിന്നാണു പാമ്പിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി നിലത്തുകൂടി ഇഴഞ്ഞ പെരുമ്പാമ്പ് ആളുകൾ കൂടിയപ്പോൾ മരത്തിൽ കയറി. സമീപത്ത് വിവാഹ വീട്ടിലുണ്ടായിരുന്നവർ ചേർന്ന് തോട്ടി കൊണ്ട് മരച്ചില്ല വലിച്ചൊടിച്ചു പാമ്പിനെ താഴെയെത്തിച്ചു.
ആർആർടി അംഗം ചെറുവള്ളി കൈലാത്തുകവല ഞള്ളമല ശ്രീജിത്ത് പാമ്പിനെ ചാക്കിലാക്കി വനംവകുപ്പ് അധികൃതർക്ക് കൈമാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

