വൈക്കം ∙ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നതിനാൽ മത്സ്യ – കക്കാ തൊഴിലാളികളും തീരദേശവാസികളും ദുരിതത്തിൽ.
താലൂക്കിന്റെ താഴ്ന്ന തീരപ്രദേശങ്ങളിൽ വേലിയേറ്റ സമയത്ത് ദീർഘനേരം വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമാണ്. ശുചിമുറിയുടെ ടാങ്കിനു മുകളിൽ വരെ വെള്ളം ഉയരുന്നതോടെ പ്രാഥമിക കർത്തവ്യങ്ങൾ പോലും നിർവഹിക്കുവാൻ പറ്റാത്ത അവസ്ഥയാണ്.
ബണ്ട് സ്ഥിരമായി അടച്ചിടുന്നതു മൂലം കടലിൽ നിന്നു കയറി വരുന്ന മത്സ്യങ്ങളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ തൊഴിലാളികൾ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഉപ്പുവെള്ളം തടഞ്ഞു നിർത്തുന്നതു കാരണം കക്കയുടെ ഉൽപാദനം ഗണ്യമായി കുറയുന്നത് കക്കാ തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുന്നതായി തൊഴിലാളികൾ ആരോപിച്ചു.
അടച്ച ഷട്ടറുകൾ മൂന്നാം ബ്ലോക്കിൽ വേലിയിറക്ക സമയത്ത് യാതൊരു മുന്നറിയിപ്പും ഇല്ലാതെ തുറക്കുന്നതുകൊണ്ട് വലയ്ക്കും മറ്റ് തൊഴിൽ ഉപകരണങ്ങൾക്കും കേടുപാടു സംഭവിക്കുന്നതും പതിവായി മാറിയിരിക്കുകയാണെന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും മത്സ്യ – കക്കാ തൊഴിലാളികൾ ആവശ്യപ്പെട്ടു.
പരീക്ഷണാടിസ്ഥാനത്തിൽ ബണ്ട് ഒരു വർഷക്കാലം തുറന്നിടണം എന്ന മത്സ്യ തൊഴിലാളികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ആവശ്യത്തിന് സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ്.
കായലിന്റെ ആഴംകൂട്ടി എക്കലും പോളയും നീക്കം ചെയ്ത് തീരം സംരക്ഷിക്കുവാൻ അടിയന്തിര നടപടി ഉണ്ടാകണം.
ഡി.ബാബു, ജില്ലാ സെക്രട്ടറി മത്സ്യ തൊഴിലാളി ഫെഡറേഷൻ എഐടിയുസി
പതിവായി തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനാൽ നീരൊഴുക്കിന്റെ ശക്തി വർധിക്കും.
ഈ സമയങ്ങളിൽ അപകടസാധ്യത കൂടുതലായതിനാൽ മത്സ്യബന്ധനം നടത്താൻ പറ്റാത്ത സാഹചര്യമാണ്. ഇതിന് അടിയന്തര പരിഹാരം ഉണ്ടാകണം.
കെ.വി.പ്രകാശൻ, ജില്ല സെക്രട്ടറി മത്സ്യ തൊഴിലാളി കോൺഗ്രസ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

