ചങ്ങനാശേരിയിലെ സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരിടേണ്ടിവന്നത് ദുരനുഭവം. സ്കൂളിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ കളർ വസ്ത്രം ധരിച്ചെത്തിയ കുട്ടികളോട് ഫുൾ ടിക്കറ്റ് ആവശ്യപ്പെട്ട
കണ്ടക്ടറുടെ നടപടിയാണ് വിവാദമായിരിക്കുന്നത്. യാത്രക്കാരുടെ മുന്നിൽ കൈനീട്ടി പണം വാങ്ങി ടിക്കറ്റെടുക്കേണ്ടി വന്ന അവസ്ഥ വിവരിക്കവെ സഹോദരങ്ങളായ നീലിമ മനീഷും എം.എം.ശ്രീഹരിയും ദുഃഖം പങ്കുവെച്ചു.
ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിശ്വസിച്ച് യാത്ര തിരിച്ച ഇരുപതോളം വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്. സ്കൂളിലെ ആഘോഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടികൾ.
കയ്യിൽ ബാക്കിയുണ്ടായിരുന്ന തുച്ഛമായ തുക മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച കുട്ടികളോട് കണ്ടക്ടർ കൽപിച്ച തുക നൽകാൻ മറ്റ് യാത്രാക്കാരുടെ സഹായം തേടേണ്ടി വന്നു. കയ്യിൽ ആകെ 2 രൂപ മാത്രമുണ്ടായിരുന്ന നീലിമയും സഹോദരൻ ശ്രീഹരിയും മറ്റു യാത്രക്കാരുടെ പക്കൽനിന്നു പണം വാങ്ങി 20 രൂപ വീതം 2 ഫുൾ ടിക്കറ്റ് എടുത്തു.
ഒപ്പമുണ്ടായിരുന്ന സഹപാഠികളും സമാനമായ രീതിയിൽ മറ്റ് യാത്രക്കാരിൽ നിന്നും പണം സമാഹരിച്ചാണ് ടിക്കറ്റ് എടുത്തത്. കണ്ടക്ടറുടെ ഈ പെരുമാറ്റത്തെ ചോദ്യം ചെയ്ത ഫാത്തിമ എന്ന വിദ്യാർഥിനിയോട് മോശമായി പെരുമാറിയതായും പരാതിയുണ്ട്.
ഫുൾ ടിക്കറ്റിനുള്ള പണം ഈടാക്കിയ ശേഷം കുട്ടിയുടെ ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞാണ് ബസിൽ നിന്ന് ഇറക്കിവിട്ടതെന്ന് നീലിമ വെളിപ്പെടുത്തി.
ചങ്ങനാശേരി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് നീലിമ. സഹോദരൻ ശ്രീഹരി ചങ്ങനാശേരി എസ്ബി ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
ചങ്ങനാശേരിയിലൂടെ സർവീസ് നടത്തുന്ന ‘തണ്ടപ്ര’ ബസിലെ കണ്ടക്ടറാണ് വിദ്യാർഥികളോട് ഈ രീതിയിൽ പെരുമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഈ ജീവനക്കാരനെതിരെ കൂടുതൽ കുട്ടികൾ പരാതികളുമായി മുന്നോട്ട് വരുന്നുണ്ട്.
രാവിലെ മറ്റ് സ്വകാര്യ ബസുകളിൽ വിദ്യാർഥി കൺസെഷൻ നിരക്ക് മാത്രമാണ് ഈടാക്കിയതെന്നും കുട്ടികൾ വ്യക്തമാക്കി. ഈ സംഭവത്തിൽ വിദ്യാർഥികളുടെ പിതാവായ വാകത്താനം ചെല്ലിച്ചിറയിൽ മനീഷ് കുമാർ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ വാകത്താനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബസ് ജീവനക്കാരോട് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

