കോട്ടയം ജില്ലയിൽ ഓണക്കാലത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിലുള്ള ഓണച്ചന്തകളുടെ പ്രവർത്തനം ആരംഭിച്ചു. വിപണിയിനേക്കാൾ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സപ്ലൈകോ ഓണച്ചന്തകൾ
ഈ മാസം 25 വരെ രാവിലെ 10 മുതൽ രാത്രി 8 വരെയാണ് സപ്ലൈകോ ചന്തകളുടെ പ്രവർത്തനം. പച്ചക്കറികളും പലവ്യഞ്ജനങ്ങളും പൊതുവിപണിയെക്കാളും 40% വരെ വിലക്കുറവിൽ ഇവിടെ ലഭ്യമാണ്.
സബ്സിഡി ഉൽപന്നങ്ങൾ വാങ്ങാൻ എത്തുന്നവർ നിർബന്ധമായും റേഷൻ കാർഡ് കൈയിൽ കരുതേണ്ടതാണ്. ജില്ലയിൽ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനം, തലപ്പാടി റോഡിൽ സപ്ലൈകോ മാർക്കറ്റിനു സമീപം, പേരൂർക്കവല സപ്ലൈകോ മാർക്കറ്റിന് സമീപം, വൈക്കം കച്ചേരിക്കവല സപ്ലൈകോ സൂപ്പർ മാർക്കറ്റിനു സമീപം, പാലാ മിനി സിവിൽ സ്റ്റേഷനു പിന്നിലുള്ള സൂപ്പർ മാർക്കറ്റിനു സമീപം, പൊൻകുന്നത്ത് പാലാ റോഡിൽ സൂപ്പർ മാർക്കറ്റിനു സമീപം, ചങ്ങനാശേരി എസ്ബി കോളജിനു വേഴക്കാട്ട് ചിറ മൂന്നാം നമ്പർ സ്റ്റാൻഡിനു സമീപം എന്നിവിടങ്ങളിലാണ് സപ്ലൈകോ ഫെയറുകൾ പ്രവർത്തിക്കുന്നത്.
കുടുംബശ്രീ ചന്തകൾ
ഈ മാസം 25 വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് കുടുംബശ്രീ ഓണച്ചന്തകൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും രണ്ട് വീതം ചന്തകളാണ് ഉള്ളത്.
ഇതിൽ ആദ്യത്തേത് പഞ്ചായത്ത് ഓഫിസിനോട് ചേർന്നും രണ്ടാമത്തേത് പ്രദേശത്തെ പ്രധാന ടൗണിലും പ്രവർത്തിക്കും. കുടുംബശ്രീ, പച്ചക്കറി ഉൽപാദക സംഘങ്ങൾ, പ്രാദേശിക കർഷകർ, ഹോർട്ടികോർപ് എന്നിവർ ഉൽപാദിപ്പിച്ച നാടൻ പച്ചക്കറികൾ ഇവിടത്തെ പ്രധാന ആകർഷണമാണ്.
കൃഷിവകുപ്പ് ഓണച്ചന്ത
ഈ മാസം 25 വരെ രാവിലെ 8.30 മുതൽ വൈകിട്ട് 7.00 വരെ കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ പ്രവർത്തിക്കും. കൃഷിഭവനുകളോടു ചേർന്നോ അല്ലാതെയുള്ള പ്രധാന ടൗണുകളിലോ ആണ് ഇവ ഒരുക്കിയിരിക്കുന്നത്.
വിൽപന വിലയിൽ 30% വരെ വിലക്കിഴിവ് ഇവിടെ ലഭിക്കും. കൂടാതെ, പൊതുവിപണിയിൽ ആവശ്യക്കാരുള്ള ഏത്തക്കുലയും ഇവിടെ വിൽപനയ്ക്കായി എത്തിച്ചിട്ടുണ്ട്.
കൺസ്യൂമർഫെഡ് ഓണച്ചന്ത
ഈ മാസം 26 വരെ രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെയാണ് കൺസ്യൂമർഫെഡ് ചന്തകളുടെ സമയം. 13 ഇനം നിത്യോപയോഗ സാധനങ്ങൾ 50% വിലക്കുറവിൽ ഇവിടെ നിന്നും സ്വന്തമാക്കാം.
ഇതിനായി ഉപഭോക്താക്കൾ റേഷൻ കാർഡുമായി എത്തേണ്ടതാണ്. കോട്ടയം കഞ്ഞിക്കുഴി ത്രിവേണി സൂപ്പർ മാർക്കറ്റിലാണ് ജില്ലാതല ഓണച്ചന്ത പ്രവർത്തിക്കുന്നത്.
കൂടാതെ 96 സഹകരണ ബാങ്കുകളോടും 8 ത്രിവേണി മാർക്കറ്റുകളോടും ചേർന്നും ഓണച്ചന്തകൾ പ്രവർത്തിക്കുന്നുണ്ട്. സൗജന്യ ഓണക്കിറ്റ് വിതരണം
ജില്ലയിലെ 34,054 എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഓണക്കിറ്റുകളുടെ വിതരണം റേഷൻ കടകൾ വഴി ആരംഭിച്ചു കഴിഞ്ഞു.
അർഹരായ എഎവൈ റേഷൻ കാർഡ് ഉടമകൾ ഈ മാസം 31നു മുൻപായി തങ്ങളുടെ ഓണക്കിറ്റുകൾ കൈപ്പറ്റേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

