ക്ഷേത്രങ്ങളിലെ കൊടിമരങ്ങൾ നിർമ്മിക്കുന്നതിനായി ലക്ഷണമൊത്ത തേക്കുമരങ്ങൾ കണ്ടെത്തുന്ന പ്രധാന കേന്ദ്രമായി മീനച്ചിൽ താലൂക്കിലെ വിവിധ പഞ്ചായത്തുകൾ മാറുന്നു. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി ക്ഷേത്രങ്ങളിലേക്ക് കൊടിമരങ്ങൾക്കായി മരങ്ങൾ എത്തിക്കുന്നത് ഇവിടെ നിന്നാണ്.
കൊല്ലം പുത്തൂർ ചെറുമങ്ങാട് ചെരുവിൽ ദേവി ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി ക്ഷേത്ര ഭാരവാഹികൾ മരങ്ങാട്ടുപിള്ളി പൈക്കാട് പകലോമറ്റം കുമ്പിളുങ്കൽ ഷാജുവിന്റെ പുരയിടത്തിൽ എത്തിച്ചേർന്നു. തന്റെ 81–ാമത് കൊടിമര നിർമ്മാണത്തിനായി വൃക്ഷാചാര്യ ബിൻസ് ഔസേപ്പച്ചനാണ് ഇവിടെ എത്തിയത്.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ നൂറോളം ക്ഷേത്രങ്ങളിലേക്കാണ് പാലാ മേഖലയിൽ നിന്ന് കൊടിമരങ്ങൾ കൊണ്ടുപോയത്. കൊടിമരത്തിനായി തിരഞ്ഞെടുക്കുന്ന മരങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്.
40 മുതൽ 60 അടി വരെ ഉയരവും ശിഖരങ്ങൾ കുറഞ്ഞതും ഒരേ വണ്ണമുള്ളതുമായ മരങ്ങളാണ് ഇതിനായി കണ്ടെത്തുന്നത്. വളവ്, ചെരിവ്, പക്ഷിക്കൂട്, ഇത്തിൾ എന്നിവയില്ലാത്ത മരങ്ങൾക്ക് മാത്രമാണ് മുൻഗണന നൽകുന്നത്.
മരങ്ങാട്ടുപിള്ളി പൈക്കാട് പകലോമറ്റം കുമ്പിളുങ്കൽ ഷാജുവിന്റെ പുരയിടത്തിൽ നിന്ന് കണ്ടെത്തിയ 50 അടി ഉയരമുള്ള തേക്കുമരമാണ് കൊല്ലം പുത്തൂർ ചെറുമങ്ങാട് ചെരുവിൽ ദേവി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയ്ക്കായി മുറിക്കുന്നത്. ഇതിന്റെ അടിഭാഗത്തിന് 75 ഇഞ്ചും മുകൾ ഭാഗത്തിന് 50 ഇഞ്ചും വണ്ണമാണുള്ളത്.
വൃക്ഷപൂജ നടത്തി വർണത്തുണികളിൽ പൊതിഞ്ഞാണ് ഇത്തരം മരങ്ങൾ ഘോഷയാത്രയായി ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്. തുടർന്ന് ഔഷധക്കൂട്ട് ചേർത്ത എണ്ണത്തോണിയിലിട്ട് സംസ്കരിച്ച ശേഷമാണ് ഇവ കൊടിമരങ്ങളായി മാറ്റുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

