പതിനാറാം കേരള നിയമസഭയുടെ സമ്മേളന നടപടികൾക്ക് ഇന്ന് തുടക്കമായി. പ്രോടെം സ്പീക്കർ ജി സുധാകരന് മുന്നിൽ നിയുക്ത എം.എൽ.എമാർ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
രാവിലെ മുതൽ തന്നെ ജനപ്രതിനിധികളുടെ സാന്നിധ്യത്താൽ നിയമസഭാ മന്ദിരവും പരിസരവും സജീവമായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിന് ശേഷം ഭരണ-പ്രതിപക്ഷ നിരകളിൽ വന്ന മാറ്റമാണ് ഇത്തവണത്തെ സഭയുടെ പ്രധാന പ്രത്യേകത. പിണറായി വിജയനടക്കമുള്ള 35 പേർ പ്രതിപക്ഷ നിരയിലാണ് ഇത്തവണ ഇടംപിടിച്ചത്.
വിഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിസ്ഥല എന്നിവരടക്കമുള്ള യുഡിഎഫ് നേതാക്കൾ മുൻനിരയിൽ സ്ഥാനം പിടിച്ചു. അക്ഷരമാലാ ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് ക്രമീകരിച്ചിരുന്നത്.
ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത ഒഎസ് അംബികയാണ്.
ഭൂരിഭാഗം അംഗങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമായാണ് സത്യവാചകം ചൊല്ലിയത്. എന്നാൽ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം.
അഷറഫ് കന്നഡ ഭാഷയിലും, ദേവികുളം എംഎൽഎ എഫ്. രാജ തമിഴ് ഭാഷയിലുമാണ് സത്യപ്രതിജ്ഞ നിർവഹിച്ചത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രോടെം സ്പീക്കർ ജി.സുധാകരന് ഹസ്തദാനം നൽകി. മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ സത്യപ്രതിജ്ഞാ വേളയിലും പിതാവിന്റെ പേരായ ‘ദാമോദര മേനോൻ’ പേരിനൊപ്പം ഉൾപ്പെടുത്തിയിരുന്നു.
പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സൈക്കിളിലാണ് നിയമസഭയിലേക്ക് എത്തിയത്. പിതാവ് ഉമ്മൻചാണ്ടിയുടെ ചിത്രം പതിച്ച ടീ-ഷർട്ട് ധരിച്ചാണ് അദ്ദേഹം സഭയിലെത്തിയത്.
സഭ നാളെ രാവിലെ വീണ്ടും ചേരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

