ദുബായിലെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിന്റെ സമ്പാദ്യമുപയോഗിച്ച് കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോൺ നിർമിച്ച വീട് സിൽവർലൈൻ പദ്ധതിയുടെ അലൈൻമെന്റിൽ ഉൾപ്പെട്ടത് വലിയ ആശങ്കയായിരുന്നു.
വീടിന്റെ നിർമാണം പൂർത്തിയായ ഘട്ടത്തിലാണ് എംടി സെമിനാരി സ്കൂളിലെ മുൻ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസും ഉമ്മൻ ജോണിന്റെ മാതാവുമായ എലിസബത്ത് ജോൺ ഇക്കാര്യം അറിയുന്നത്. പദ്ധതി നടപ്പിലായാൽ വീട് നഷ്ടപ്പെടുമെന്ന ആശങ്ക മകനെ അറിയിക്കാതെയാണ് എലിസബത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്തത്.
പദ്ധതിയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ഗൃഹപ്രവേശം മാറ്റിവെക്കാൻ ഉമ്മൻ ജോൺ തീരുമാനിക്കുകയായിരുന്നു. നിലവിൽ ഇത്യോപ്യയിൽ ജോലി ചെയ്യുന്ന അദ്ദേഹം, അടുത്ത വർഷം നാട്ടിലെത്തുമ്പോൾ ഗൃഹപ്രവേശം നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
മാടപ്പള്ളി റീത്ത് പള്ളി ജംക്ഷനിലെ സിൽവർലൈൻ വിരുദ്ധ സമരപ്പന്തൽ പൊളിച്ചുമാറ്റുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം സമരസമിതി ആഗ്രഹിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം മുഖ്യമന്ത്രി പാലിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദർശിച്ച സമരസമിതി പ്രതിനിധികളോട്, ‘നിങ്ങൾ പ്രതീക്ഷിക്കുന്ന വാർത്ത ഉടനെ എത്തും’ എന്ന് അദ്ദേഹം ഉറപ്പുനൽകിയതായി ഇവർ വ്യക്തമാക്കി. ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുന്നതോടെ സമരം അവസാനിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു.
പദ്ധതി പിൻവലിച്ചതിനെത്തുടർന്ന് നാളെ വൈകുന്നേരം 5 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി വിക്ടറി ഡേ ആഘോഷിക്കും. 2022 ഏപ്രിൽ 20-ന് മാടപ്പള്ളി റീത്ത്പള്ളി ജംക്ഷനിൽ ആരംഭിച്ച സമരപ്പന്തൽ ഇന്നലെ 1490-ാം ദിവസത്തിലേക്ക് കടന്നിരുന്നു.
സമരനായിക റോസ്ലിൻ ഫിലിപ്പിന്റെ പുരയിടത്തിലാണ് ഈ സമരപ്പന്തൽ പ്രവർത്തിക്കുന്നത്. പദ്ധതിക്കായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയുന്നതിനിടെ റോസ്ലിൻ ഫിലിപ്പിനെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച സംഭവം മുൻപ് വലിയ വിവാദമായിരുന്നു.
അന്നത്തെ സംഭവങ്ങളെ ഓർമ്മിച്ച് റോസ്ലിന്റെ മകൾ സോമിയ മെറിൻ ഫിലിപ്പ് (12) പ്രതികരിച്ചത് ഇങ്ങനെയാണ്: ‘ഇപ്പോൾ ഞാൻ ഹാപ്പിയാണ്.. മുഖ്യമന്ത്രി പറഞ്ഞില്ലോ കെറെയിൽ വരില്ലെന്ന്.
അന്ന് റോഡിൽ ഉരഞ്ഞ് അമ്മയുടെ കയ്യും കാലും പൊട്ടി ചോര വന്നിട്ടും പൊലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റി.’ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അമ്മയോടൊപ്പം സമരവേദിയിലെത്തിയ സോമിയ, പൊലീസ് അമ്മയെ വലിച്ചിഴച്ച അതേ സ്ഥലത്ത് ഇരിക്കുകയും അമ്മയെ ആശ്വസിപ്പിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

