കോട്ടയം ജില്ലയിലെ പാമ്പാടിക്കും മീനടത്തിനുമിടയിൽ മണിക്കൂറുകളോളം ആശങ്ക പരത്തിയ പെരുമ്പാമ്പിനെ പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ.ഐസക് പിടികൂടി. മീനടം പഞ്ചായത്തിലെ മോസ്കോ പ്രദേശത്താണ് നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറിയത്.
രാവിലെ ഏഴ മണിയോടെയാണ് മറ്റത്തിൽ ആഷിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയെന്ന വിവരം സിജു കെ.ഐസക്കിന് ലഭിക്കുന്നത്. മുൻപും സമാനമായ രീതിയിൽ പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ ദിവസം ഇല്ലിമറ്റത്തുനിന്ന് പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറിയപ്പോൾ നേരിടേണ്ടി വന്ന ഉദ്യോഗസ്ഥരുടെ പ്രതികൂല അനുഭവങ്ങൾ അദ്ദേഹത്തെ ആദ്യം പിന്മാറാൻ പ്രേരിപ്പിച്ചു.
പിടികൂടുന്ന പാമ്പിന് ജീവഹാനി സംഭവിച്ചാൽ അതിന് തങ്ങൾ മറുപടി പറയേണ്ടി വരുമെന്നായിരുന്നു അന്നത്തെ ഉദ്യോഗസ്ഥരുടെ നിലപാട്. എങ്കിലും നാട്ടുകാരുടെ ശക്തമായ ആവശ്യപ്രകാരം അദ്ദേഹം ഒടുവിൽ സ്ഥലത്തേക്ക് എത്തുകയായിരുന്നു.
സർപ്പ വൊളന്റിയർമാർ എത്തുമെന്ന് അറിയിച്ചിരുന്നതിനാൽ അതിനായി കാത്തുനിൽക്കുന്നതിനിടയിൽ പെരുമ്പാമ്പിനെക്കുറിച്ചുള്ള വിവരം പ്രദേശമാകെ പ്രചരിച്ചു. ഇതോടെ പൂരപ്പറമ്പിലെന്ന പോലെ വലിയ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടുകയും, ഇത് പാമ്പ് കൂടുതൽ പ്രകോപിതനാകാൻ കാരണമാവുകയും ചെയ്തു.
സ്ഥിതിഗതികൾ ഗുരുതരമാണെന്ന് മനസ്സിലാക്കിയതോടെ സിജു കെ.ഐസക് നേരിട്ട് രംഗത്തിറങ്ങി പാമ്പിനെ കീഴടക്കുകയായിരുന്നു. ഒടുവിൽ ഏറെ പണിപ്പെട്ട് പാമ്പിനെ സുരക്ഷിതമായി ചാക്കിലാക്കി.
തുടർന്ന് മീനടം പഞ്ചായത്ത് ഒൻപതാം വാർഡ് അംഗം എൻ.ടി. മാത്യു, പൊതുപ്രവർത്തകരായ അഖിൽ ജയിംസ്, അക്സെൻ കുര്യാക്കോസ് എന്നിവത്തോടൊപ്പം ചേർന്ന് പാറമ്പുഴയിലെത്തിച്ച് പാമ്പിനെ ഔദ്യോഗികമായി വനം വകുപ്പിന് കൈമാറുകയും ചെയ്തു.
കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയിൽ സിജു കെ.ഐസക്കിന്റെ നേതൃത്വത്തിൽ പാമ്പാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ചിങ്ങംകുഴിയിൽ ജനങ്ങൾക്ക് ഭീഷണിയായ കടന്നൽക്കൂട് നശിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

