കോട്ടയം ∙ ജില്ലയിലെ ഹോട്ടലുകളിൽ ഉച്ചയൂണ് പൂർണമായും ഒഴിവാക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ തീരുമാനം. പാചക വാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പൂർണമായ അടച്ചു പൂട്ടൽ ഒഴിവാക്കാൻ ഊണ് ഒഴിവാക്കുന്നത് അടക്കമുള്ള മെനു പരിഷ്കരണത്തിനാണ് ശ്രമം.
ജില്ലയിൽ 20 ശതമാനം ഹോട്ടലുകൾ അടച്ചതായാണ് അസോസിയേഷന്റെ കണക്ക്. കഴിഞ്ഞ ദിവസം അടച്ച ചില ഹോട്ടലുകൾ ഇന്നലെ തുറന്നിട്ടുണ്ട്.
ഇന്ധന ഉപയോഗം കുറവുള്ള തരത്തിൽ ഭക്ഷണത്തിന്റെ മെനു പരിഷ്കരിക്കാനാണ് ശ്രമം.
പരമാവധി ഹോട്ടലുകൾ തുറക്കാൻ ശ്രമിക്കണമെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അംഗങ്ങൾക്ക് നൽകിയ നിർദേശം.
മെനു പരിഷ്കരണം ഇങ്ങനെ
പ്രഭാത ഭക്ഷണം
∙ ഇഡ്ഡലി, സാമ്പാർ, ചമ്മന്തി
∙ അപ്പം, മുട്ടക്കറി, വെജിറ്റബിൾ കുറുമ,
∙ പുട്ട്, കടലക്കറി, ബീഫ് കറി. ∙ ഉപ്പുമാവ്, പപ്പടം, പഴം.
ഇവയിൽ ഇഡ്ഡലിയും പുട്ടും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ അളവിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
ഇവ ഉണ്ടാക്കുന്നതിന് ഇന്ധന ഉപയോഗം പൊതുവെ കുറവാണ്. അപ്പത്തിനു പൊറോട്ടയെക്കാൾ വേവ് കുറച്ചു മതി എന്നതിനാൽ തീയും കുറച്ചു മതി.
സാമ്പാർ, ചമ്മന്തി, മുട്ടക്കറി, വെജിറ്റബിൾ കുറുമ, കടലക്കറി, ബീഫ് കറി തുടങ്ങിയവ വലിയ അളവിൽ ഉണ്ടാക്കി ചൂട് നഷ്ടപ്പെടാതെ സൂക്ഷിച്ചാൽ ഏറെ നേരം ഉപയോഗിക്കാം. പ്രഭാത ഭക്ഷണത്തോടൊപ്പമല്ലാതെ ഇവയിൽ പലതും ഉച്ചയ്ക്കും ഉപയോഗിക്കാം.
ഉച്ചഭക്ഷണം
∙ കഞ്ഞി, ബിരിയാണി, മന്തി വിഭവങ്ങൾ.
ഇവയെല്ലാം ഒറ്റത്തവണ ഉണ്ടാക്കി, തീരുംവരെ ഉപയോഗിക്കാൻ സാധിക്കുന്ന വിഭവങ്ങൾ ആയതിനാൽ ഇവ മെനുവിൽ തുടരും. മന്തി വിഭവങ്ങൾ ഉണ്ടാക്കാൻ ഗ്യാസിനു പകരം വിറക് ഉപയോഗിക്കുന്നതിനാൽ ഇവ മെനുവിൽ തുടരും.
കഞ്ഞിയുടെ കൂടെ കറികൾ കുറച്ചു മതി എന്നതിനാൽ ഇവയും തൽക്കാലം മെനുവിൽ ഉണ്ടാകും.
രാത്രി ഭക്ഷണം
∙ ചിക്കൻ മന്തി, ബീഫ് മന്തി തുടങ്ങിയ വിഭവങ്ങൾ തുടരും. പ്രധാനമായും ഒഴിവാക്കുന്നവ
∙ ചൂടാക്കി ഉപയോഗിക്കേണ്ടി വരുന്ന പൊറോട്ട, ചൈനീസ് വിഭവങ്ങൾ.
ബദൽ മാർഗങ്ങൾ
ചായ ഉണ്ടാക്കുന്നതിനായി മിക്കയിടങ്ങളിലും ഇലക്ട്രിക് കെറ്റിലുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
സ്ഥല സൗകര്യമുള്ള ഹോട്ടലുകളുടെ സമീപം പ്രത്യേക വിറകടുപ്പുകൾ തയാറാക്കി. വെള്ളം തിളപ്പിക്കുന്നതിനും മറ്റും ഇത് പ്രയോജനപ്പെടുത്തും.
അരി വേവിക്കാൻ റൈസ് കുക്കറുകൾ ഉപയോഗപ്പെടുത്താനും ശ്രമം. ചായ തിളപ്പിച്ച് ഫ്ലാസ്കിൽ സൂക്ഷിച്ച് നൽകുന്ന രീതിയും ചെറിയ ഹോട്ടലുകൾ പരീക്ഷിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

