എരുമേലിയുടെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതികളാണ് ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളവും ശബരി റെയിൽവേ പദ്ധതിയും. എന്നാൽ പദ്ധതികൾ രണ്ടും യാഥാർഥ്യമാകുമോ എന്ന ആശങ്ക ഇപ്പോഴുമുണ്ട്.
കാരണം ഓരോ ഘട്ടത്തിലും രണ്ട് പദ്ധതികളും നേരിടുന്ന പ്രതിസന്ധികളാണ് കാരണം. കേന്ദ്ര– സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതികൾക്ക് വേണ്ടത്ര വേഗം ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
തടസ്സങ്ങൾ നീങ്ങാതെ ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം.
2029 ൽ എരുമേലിയിൽ വിമാനത്താവളം യാഥാർഥ്യമാക്കുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ വിമാനത്താവളം നിർമിക്കുന്നതിനു കണ്ടെത്തിയിട്ടുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് പാലാ കോടതിയിൽ തുടരുന്ന കേസാണ് പ്രധാന തടസ്സം.
എസ്റ്റേറ്റിനുള്ളിൽ ഫീൽഡ് സർവേ നടത്താനുള്ള നീക്കം ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കം കോടതിയിൽ നില നിൽക്കുന്നത് ചൂണ്ടിക്കാട്ടി എസ്റ്റേറ്റ് മാനേജ്മെന്റ് തടഞ്ഞിരിക്കുകയാണ്. ഇതോടെ സർവേ പ്രതിസന്ധിയിലായി. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 1039.876 (2570 ഏക്കർ) സ്ഥലമാണ് വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുക.
ഇതിൽ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടർ സ്വകാര്യ ഭൂമിയുമാണ് . ആദ്യം മണിമല വില്ലേജിൽ ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിയിലാണ് ഫീൽഡ് സർവേ പൂർത്തിയാക്കിയത്.
പിന്നീട് എരുമേലി തെക്ക് വില്ലേജിലെ സ്വകാര്യ ഭൂമിയിലും സർവേ പൂർത്തിയാക്കി. എന്നാൽ ചെറുവള്ളി എസ്റ്റേറ്റിൽ റവന്യുവകുപ്പ് സർവേ ഉൾപ്പെടെ പൂർത്തിയായാൽ മാത്രമേ സ്ഥലം ഏറ്റെടുപ്പ് നടപടി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ.
5 വർഷമായി വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട ചർച്ചകളും നടപടികളും തുടരുകയാണ്.
2023 ഏപ്രിലിൽ വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് അനുമതിയും ജൂണിൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് അനുമതിയും 2025 മേയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിയും ലഭിച്ചിരുന്നു. ഒരു വർഷത്തിനുളളിൽ സ്ഥലം ഏറ്റെടുത്ത് നിർമാണം തുടങ്ങി 2029 ൽ നിർമാണം പൂർത്തിയാക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.
ശബരി റെയിൽവേക്ക് ഒച്ചിഴയുന്ന വേഗം.
കാൽ നൂറ്റാണ്ടായി ശബരി റെയിൽവേ നടപടികൾ തുടരുകയാണ്.
അങ്കമാലിയിൽ നിന്ന് ആരംഭിച്ച് എരുമേലിയിൽ അവസാനിക്കുന്ന ശബരി റെയിൽവേ പദ്ധതിയുടെ ചെലവ് പങ്കിടൽ മുതൽ സ്ഥലം ഏറ്റെടുക്കൽ വരെ വിവാദങ്ങൾ തുടരുകയാണ്. 264 കോടി രൂപ ചെലവഴിച്ചു 8 കിലോമീറ്റർ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ പെരിയാറിന് കുറുകെ റെയിൽവേ പാലവും നിർമിച്ചു.
കേരളത്തിന് പുതിയതായി 14 റെയിൽവേ സ്റ്റേഷനുകളും ഇടുക്കി ജില്ലയ്ക്കും നിർദിഷ്ട ശബരിമല വിമാനത്താവളത്തിനും റെയിൽവേ കണക്ടിവിറ്റി ലഭ്യമാകുന്നതുമായ അങ്കമാലി-ശബരി റെയിൽവേ തിരുവനന്തപുരത്തിനുള്ള സമാന്തര റെയിൽവേയായി വികസിപ്പിക്കും എന്നതും വികസന സാധ്യതകളാണ്. തുടക്കം മുതൽ പദ്ധതിയുടെ ഓരോ ഘട്ടത്തിലും പ്രതിസന്ധികളുടെ ഘോഷയാത്രയാണ് ഉണ്ടായത്.
കോട്ടയം ജില്ലയിലെ പല വില്ലേജുകളിലും സർവേ മുതൽ ഇനിയും തുടങ്ങേണ്ടതുണ്ട്. സ്ഥലം ഏറ്റെടുപ്പ് ഓഫിസിനും പുനരാരംഭിക്കണം. എരുമേലിയിൽ എവിടെയാണ് റെയിൽവേ സ്റ്റേഷൻ നിർമിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

