കോട്ടയം ജില്ലയിലെ അകലക്കുന്നത്തും പാലായിലും വിവിധയിടങ്ങളിലായി നടന്ന കവർച്ചകളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അകലക്കുന്നത്ത് പൂത്തിളപ്പിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ സ്വർണശേഖരമാണ് കവർച്ച ചെയ്തത്.
ഇതിനുപുറമേ, പാലാ നഗരത്തിൽ നാല് കടകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയും നഷ്ടപ്പെട്ടു. പൂത്തിളപ്പ് സ്വദേശി എബ്രഹാമിന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ടോടെ മോഷണം അരങ്ങേറിയത്.
വീട് പൂട്ടി ആരും ഇല്ലാതിരുന്ന സമയം നോക്കി അകത്തുകടന്ന പ്രതികൾ അലമാരയിലുണ്ടായിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് അടിച്ചുമാറ്റിയത്. കുട്ടികളുടെ ആഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.
വൈകിട്ട് വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് വാതിലും അലമാരയും തകർത്ത നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞയുടൻ പള്ളിക്കത്തോട് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടിൽ സ്വർണം സൂക്ഷിച്ചിരിക്കുന്ന വിവരവും യാത്രയും കൃത്യമായി അറിയാവുന്നവരാകാം ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവെടുപ്പ് നടത്തി.
അതേസമയം, നഗരമധ്യത്തിലായുള്ള പാലായിലാണ് മറ്റൊരു കവർച്ചാ പരമ്പര അരങ്ങേറിയത്. ഇന്ന് പുലർച്ചെയോടെയാണ് നഗരത്തിലെ നാല് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്.
സ്റ്റേഡിയം ജംഗ്ഷനിലെ ഒരു തുണിക്കട, സ്പോർട്സ് ഉപകരണങ്ങൾ വിൽക്കുന്ന കട, മീൻ കട, പഴക്കട എന്നിവിടങ്ങളിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്.
നാല് കടകളിൽ നിന്നുമായി ഏകദേശം നാല് ലക്ഷത്തോളം രൂപയാണ് കവർന്നത്. സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ അടിച്ച് തകർത്ത ശേഷമാണ് പ്രതികൾ കൃത്യം നിർവഹിച്ചത്.
എങ്കിലും, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

