കോട്ടയം ജില്ലയിലെ മീനച്ചിലാറിലെ വെള്ളം വേമ്പനാട്ടുകായലിലേക്കു വേഗത്തിൽ ഒഴുകിയിറങ്ങുന്നതിനു നദീമുഖങ്ങളിലെ എക്കൽ അടിഞ്ഞുകൂടൽ വലിയ തടസ്സമാകുന്നു. നദിയുടെ നാല് പ്രധാന നദീമുഖങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന ‘എക്കൽ ഡാമുകൾ’ നീരൊഴുക്കിനെ സാരമായി ബാധിക്കുന്നുണ്ട്.
കവണാറ്റിൻകര വഴി എത്തുന്ന കവണാർ, ചീപ്പുങ്കൽ വഴി എത്തുന്ന പെണ്ണാർ, കൈപ്പുഴമുട്ട് വഴി എത്തുന്ന കൈപ്പുഴയാർ, കൊടൂരാറുമായി ചേർന്നു പഴുക്കാനില കായലിലേക്ക് എത്തുന്ന ആറ് എന്നിങ്ങനെ നാല് വഴികളിലൂടെയാണ് മീനച്ചിലാർ വേമ്പനാട്ടുകായലിൽ പതിക്കുന്നത്. ഇതിൽ നാല് നദീമുഖങ്ങളിലും വൻതോതിൽ എക്കൽ അടിഞ്ഞുകൂടി വലിയ തുരുത്തുകൾ രൂപപ്പെട്ടിട്ടു വർഷങ്ങളായി.
പഴുക്കാനില കായലിന്റെ ഭൂരിഭാഗം പ്രദേശത്തും വലിയ തിട്ടകളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതിൽ ഉയരത്തിൽ പുല്ല് വളർന്നുനിൽക്കുന്നുണ്ട്.
കായലിന്റെ പകുതിയോളം പ്രദേശത്ത് ഇത്തരത്തിലുള്ള തിട്ടകൾ കാണാം. ചീപ്പുങ്കലിലും വലിയ തുരുത്തുണ്ട്.
ജലനിരപ്പ് ഉയർന്നിട്ടും ഇതിന്റെ മുകൾഭാഗത്തെ പുല്ല് തെളിഞ്ഞുനിൽക്കുന്ന സ്ഥിതിയാണുള്ളത്. കൈപ്പുഴമുട്ട്, കവണാറ്റിൻകര എന്നിവിടങ്ങളിൽ വർഷകാലത്തു തുരുത്തുകൾ ദൃശ്യമാകില്ലെങ്കിലും വേനൽക്കാലത്ത് ഇവ വ്യക്തമായി കാണാൻ സാധിക്കും.
വർഷാവർഷം ഈ എക്കൽ തിട്ടകൾ നീക്കം ചെയ്യണമെന്ന ഔദ്യോഗിക നിർദേശങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും പ്രായോഗികതലത്തിൽ നടപടികൾ ഒന്നുംതന്നെ ഉണ്ടാകാറില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

