കുറവിലങ്ങാട് ∙ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടിത്താനത്തു സമന്വയ മൾട്ടി സെൻസറി പാർക്ക് യാഥാർഥ്യമാകുന്നു. പുതുതായി നിർമിച്ച മൾട്ടി സെൻസറി ഔട്ട് ഡോർ പാർക്കിന്റെ ഉദ്ഘാടനം ഇന്നു 11നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിക്കും.
മൾട്ടി സെൻസറി ഇൻഡോർ തെറപ്പി യൂണിറ്റുകളുടെ ഉദ്ഘാടനം കലക്ടർ ചേതൻകുമാർ മീണ നിർവഹിക്കും.ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2024-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയും വിനിയോഗിച്ചാണ് മൾട്ടി സെൻസറി പാർക്കിന്റെയും മൾട്ടി സെൻസറി തെറപ്പി യൂണിറ്റുകളുടെയും നിർമാണം പൂർത്തിയാക്കിയത്.
എംസി റോഡരികിൽ പട്ടിത്താനത്ത് ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലത്താണ് സമന്വയ തയാറാക്കിയിട്ടുള്ളത്. 2008ൽ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിന്റെ പ്രവർത്തനം നിലച്ചപ്പോൾ ഭിന്നശേഷിയുള്ള കുട്ടികൾക്കു വേണ്ടി കെട്ടിടം വിനിയോഗിക്കുന്നതിന് സർക്കാരിനു അപേക്ഷ നൽകി.
ഇതിന് അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർമാണം ആരംഭിച്ചത്.തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, വനിതാ വികസന വകുപ്പ്, സാമൂഹികനീതി, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് നിർമാണം. സെന്ററിൽ വളർച്ചാ വ്യതിയാനം, ആശയവിനിമയ വൈകല്യം എന്നിവ കണ്ടെത്തുന്നതിനും ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സാധിക്കും.
സ്പീച്ച് തെറപ്പിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ, സോഷ്യൽ വർക്കർ, പേരന്റിങ് ഔട്റീച്ച് ക്ലിനിക്കിലെ കൗൺസലർമാരുടെ സേവനം എന്നിവ കൂടാതെ മൾട്ടി സെൻസറി ഇൻഡോർ റൂം, ഔട്ഡോർ പാർക്ക് എന്നിവ തയാറാക്കിയിട്ടുണ്ട്.തിരുവനന്തപുരം ആസ്ഥാനമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഇപ്പോൾ 30 കുട്ടികൾക്ക് സേവനം നൽകുന്നുണ്ട്. 25 കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു തവണ ഫിസിയോതെറപ്പിയും ആഴ്ചയിൽ ഒരു തവണ സ്പീച്ച് തെറപ്പിയും എല്ലാ ദിവസവും ഓട്ടിസം ഡവലപ്മെന്റ് തെറപ്പിയും നൽകുന്നുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, വൈസ് പ്രസിഡന്റ് ഡോ.
സിന്ധുമോൾ ജേക്കബ്, സ്ഥിരസമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യൻ, സിഡിപിഒ അംബിക എന്നിവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

