നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ജില്ലയിലെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ചങ്ങനാശേരി തൃക്കൊടിത്താനം ഡിവിഷനിലേക്കുള്ള ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിന് ഇന്ന് (വ്യാഴാഴ്ച) തുടക്കമാകും.
മുൻ ജില്ലാ പഞ്ചായത്തംഗമായിരുന്ന വിനു ജോബ് ചങ്ങനാശേരി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഈ ഡിവിഷനിൽ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആകെയുള്ള 23 അംഗ ജില്ലാ പഞ്ചായത്തിൽ നിലവിൽ 22 അംഗങ്ങളാണുള്ളത്.
ഇതിൽ യുഡിഎഫിന് 15 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ, ഈ ഉപതിരഞ്ഞെടുപ്പ് ഫലം ജില്ലാ പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. സ്ഥാനാർഥി നിർണയം സജീവം
ഇടതു മുന്നണിയിൽ മുൻ ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്തിനെ തന്നെ വീണ്ടും സ്ഥാനാർഥിയാക്കാനാണ് ധാരണയായിരിക്കുന്നത്.
ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ ഈ നിർദേശത്തിന് ജില്ലാ കമ്മിറ്റിയുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
2020 – 2025 കാലയളവിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിര സമിതി അധ്യക്ഷയായി സേവനം അനുഷ്ഠിച്ചിട്ടുള്ള മഞ്ജു സുജിത്ത്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിനു ജോബിനോട് 743 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. നിലവിൽ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗമാണ് അവർ.
മറുവശത്ത്, യുഡിഎഫിൽ ഈ സീറ്റ് കേരള കോൺഗ്രസിനാണ് ലഭിച്ചിരിക്കുന്നത്. എങ്കിലും മുന്നണിയുടെ സ്ഥാനാർഥി നിർണയം ഇതുവരെ പൂർത്തിയായിട്ടില്ല.
കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം ജോബിൻ എസ് കൊട്ടാരം, വിജയ് ജോസ് മാരേട്ട് എന്നിവരുടെ പേരുകൾക്കാണ് പ്രധാനമായും മുൻഗണന നൽകുന്നത്. പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം ഉടൻ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
എൻഡിഎ ഭാഗത്തുനിന്ന് ബിജെപി ചങ്ങനാശേരി മണ്ഡലം പ്രസിഡന്റ് ഗോപൻ മണിമുറിയെയാണ് സ്ഥാനാർഥിയായി പരിഗണിക്കുന്നത്. ആകെ 47 വാർഡുകളാണ് ഈ ഡിവിഷന്റെ പരിധിയിൽ വരുന്നത്.
തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും, മാടപ്പള്ളി പഞ്ചായത്തിലെ 6 വാർഡുകളും വാഴപ്പള്ളി പഞ്ചായത്തിലെ 2 വാർഡുകളും ഉൾപ്പെടുന്നതാണ് തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

