മൂന്നാറിൽ വിനോദസഞ്ചാരികളെ ആകർഷിച്ച് നീലക്കുറിഞ്ഞി പൂക്കാലം വീണ്ടും സജീവമാകുന്നു. ചൊക്രമുടിക്കു പുറമേ മാട്ടുപ്പെട്ടി കൊരണ്ടക്കാട് മലനിരകളിലും നീലക്കുറിഞ്ഞി പൂത്തുതുടങ്ങി.
സ്വകാര്യ കമ്പനിയുടെ അധീനതയിലുളള ഏക്കറുകണക്കിന് വിസ്തൃതിയുള്ള മലനിരകളിലാണ് നീല വസന്തം തീർത്ത് കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത്. കൊരണ്ടക്കാടുള്ള ഹൈറേഞ്ച് സ്കൂളിന് സമീപത്തുകൂടി രണ്ടു കിലോമീറ്റർ ദൂരം നടന്നാൽ ഈ ദൃശ്യം കാണാൻ സാധിക്കും.
എന്നാൽ, പൊതുജനങ്ങൾക്ക് കമ്പനിയുടെ അനുമതിയോടെ മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കുകയുള്ളൂ. മഴ മാറിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിൽ കുറിഞ്ഞി പൂത്തുതുടങ്ങുമെന്നാണ് വിലയിരുത്തൽ.
ഈ സീസണിൽ ഗ്യാപ് റോഡിന് സമീപമുള്ള ചൊക്രമുടിയിലാണ് ഏറ്റവുമാദ്യം നീലക്കുറിഞ്ഞി പൂത്തത്. കൂടാതെ മൂന്നാർ ടൗൺ, നല്ലതണ്ണി, ഇക്കാ നഗർ എന്നിവിടങ്ങളിലും കുറിഞ്ഞി പൂത്തിട്ടുണ്ട്.
പത്തു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ചൊക്രമുടിയിൽ നീലക്കുറിഞ്ഞി ചെടികളെല്ലാം ഒരേ പോലെ പൂവിട്ട് മലനിരകൾ വയലറ്റ് പട്ട് വിരിച്ചതു പോലെയാകുമെന്നാണ് വനം വകുപ്പ് അധികൃതരുടെ പ്രതീക്ഷ. എന്നാൽ ഇതിനായി ഒരാഴ്ചയെങ്കിലും മഴ പൂർണമായും മാറി നിൽക്കേണ്ടതുണ്ട്.
നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശകർക്കായി തുറന്ന് 7 ദിവസം പിന്നിട്ടപ്പോൾ ഇതുവരെ എണ്ണായിരത്തോളം ആളുകളാണ് ഇവിടെയെത്തിയത്. ഇതിലൂടെ 7 ലക്ഷത്തിലധികം രൂപയാണ് വനം വകുപ്പിന് ഇതുവരെ വരുമാനമായി ലഭിച്ചത്.
വരുന്ന സെപ്റ്റംബർ 30 വരെയെങ്കിലും സഞ്ചാരികൾക്ക് നീലക്കുറിഞ്ഞി കാണാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

