ഏറ്റുമാനൂർ∙ ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ കാണക്കാരി ഡിവിഷനിൽ നിർമിച്ച ‘സമന്വയ മൾട്ടി സെൻസറി പാർക്ക്’ യാഥാർഥ്യത്തിലേക്ക്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് 21 ലക്ഷവും, ജില്ലാ പഞ്ചായത്ത് 15 ലക്ഷവും ചേർത്ത് 36 ലക്ഷം രൂപ മുടക്കിയാണ് മൾട്ടി സെൻസറി പാർക്ക്, മൾട്ടി സെൻസറി തെറപ്പി യൂണിറ്റ് എന്നിവയുടെ നിർമാണം പൂർത്തീകരിച്ചത്.
പട്ടിത്താനത്ത് എംസി റോഡിന് സമീപം ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലത്താണ് സമന്വയ തയാറാക്കിയിരിക്കുന്നത്.
2008ൽ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ ഒരു കെട്ടിടം നിർമിച്ചിരുന്നു. ഇതിന്റെ പ്രവർത്തനം നിലച്ചപ്പോൾ ഇത് ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് സർക്കാരിൽ അപേക്ഷ നൽകി.
അംഗീകാരം ലഭിച്ചതോടെ 2024-25 വർഷത്തിൽ പദ്ധതി വിഭാവനം ചെയ്തു.
നാളെ രാവിലെ 11ന് മൾട്ടി സെൻസറി ഔട്ട് ഡോർ പാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗറും, മൾട്ടി സെൻസറി ഇൻഡോർ തെറപ്പി യൂണിറ്റുകളുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ചേതൻകുമാർ മീണയും നിർവഹിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യൻ, സിഡിപിഒ അംബിക എന്നിവർ അറിയിച്ചു.
∙ സൗകര്യങ്ങളും സേവനങ്ങളും
തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, വനിതാ വികസന വകുപ്പ്, സാമൂഹികനീതി ആരോഗ്യവകുപ്പ് തുടങ്ങിയ വകുപ്പുകളും സഹകരണത്തോടെയാണ് പദ്ധതി പൂർത്തീകരിച്ചത്. ചെറുപ്രായത്തിൽ തന്നെ വളർച്ച വ്യതിയാനം, ആശയവിനിമയ വൈകല്യം എന്നിവ കണ്ടെത്തുന്നതിനും, ഭിന്നശേഷിയുള്ള കുട്ടികൾക്ക് വിവിധ ഇന്ദ്രിയങ്ങളുടെ ഉത്തേജനം സാധ്യമാക്കാനും കുട്ടികൾക്ക് അനുചിതമായ വികാസ വീഥി കണ്ടെത്തുന്നതിനും പദ്ധതി വഴിയൊരുക്കുന്നു.
സമന്വയയിൽ സ്പീച്ച് തെറാപിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ, സോഷ്യൽ വർക്കർ, പേരന്റിങ് ഔട്ട് റീച്ച് ക്ലിനിക്കിലെ കൗൺസിലർമാരുടെ സേവനം എന്നിവ ഒരുക്കിയിട്ടുണ്ട്.
മൾട്ടി സെൻസറി ഇൻഡോർ റൂം, ഔട്ട് ഡോർ പാർക്ക് എന്നിവയും സമന്വയിൽ ഉണ്ട്. 6 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും മാതാപിതാക്കൾക്ക് നിർദേശങ്ങൾ നൽകാനും തിരുവനന്തപുരം ആസ്ഥാനമായുള്ള നാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ സേവനവും , സ്കൂൾ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എസ്എസ്കെ കോട്ടയത്തിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

