മംഗളൂരു റെയിൽവേ മേഖല പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തി മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് സോണൽ റെയിൽവേ യൂസേസ് കൺസൾറ്റേറ്റീവ് കമ്മിറ്റി (സെഡ്ആർയുസിസി) അംഗം ടി.ഹരികൃഷ്ണൻ രംഗത്ത്. മംഗളൂരുവിന്റെയോ കർണാടകയുടെയോ വികസനത്തെ എതിർക്കുന്ന നിലപാടല്ല ഇതെന്നും, എന്നാൽ ഒരു പ്രദേശത്തിന്റെ വികസനം മറ്റൊരു പ്രദേശത്തെ റെയിൽവേ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന രീതിയിലാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പതിറ്റാണ്ടുകളായി പാലക്കാട് ഡിവിഷന്റെ പ്രവർത്തന സംവിധാനത്തിന്റെ ഭാഗമാണ് മംഗളൂരു മേഖല. ഈ മാറ്റം പാലക്കാട് ഡിവിഷന്റെ സാമ്പത്തിക-പ്രവർത്തന ശേഷിയെയും മലബാറിന്റെയും വടക്കൻ കേരളത്തിന്റെയും ഭാവി റെയിൽവേ വികസനത്തെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സേലം ഡിവിഷൻ രൂപീകരണത്തോടെ പാലക്കാട് ഡിവിഷന്റെ വലിയൊരു ഭാഗം നേരത്തെ തന്നെ വേർപെടുത്തിയിരുന്നുവെന്നും, പാലക്കാട് വാഗൺ നിർമാണ ഫാക്ടറി ഉൾപ്പെടെയുള്ള വികസന പ്രതീക്ഷകൾ ഇതുവരെ യാഥാർഥ്യമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മംഗളൂരു മേഖല മാറ്റുന്നതിലൂടെ പാലക്കാട് ഡിവിഷനുണ്ടാകുന്ന വരുമാന-പ്രവർത്തന നഷ്ടം സംബന്ധിച്ച ഔദ്യോഗിക കണക്കുകളും, യാത്രക്കാരുടെ സൗകര്യം, ട്രെയിൻ സർവീസുകൾ, ചരക്ക് ഗതാഗതം, ജീവനക്കാരുടെ താൽപര്യങ്ങൾ എന്നിവയിലുള്ള ആഘാതവും റെയിൽവേ ബോർഡ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മാറ്റം അനിവാര്യമാണെങ്കിൽ പാലക്കാട് ഡിവിഷനെ ശക്തിപ്പെടുത്തുന്നതിനും മലബാറിന്റെയും വടക്കൻ കേരളത്തിന്റെയും റെയിൽവേ വികസനം ഉറപ്പാക്കുന്നതിനുമായി വ്യക്തമായതും സമയബന്ധിതവുമായ വികസന പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ ഡിവിഷനുകളും മികച്ച കണക്റ്റിവിറ്റിയും വേഗത്തിലുള്ള വികസനവുമായിരിക്കണം റെയിൽവേ പുനഃസംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

