ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലൊന്നായ ബിരുദദാനച്ചടങ്ങിനെ വേറിട്ട
രീതിയിൽ അടയാളപ്പെടുത്തി ശ്രദ്ധ നേടുകയാണ് ഒരു വിദ്യാർത്ഥി. തന്റെ വലിയ ദിവസത്തിൽ പ്രിയപ്പെട്ടവർക്കൊപ്പമുള്ള സാന്നിധ്യം ഉറപ്പാക്കാൻ തിരഞ്ഞെടുത്ത വഴിയിലൂടെയാണ് ഈ യുവാവ് സൈബർ ലോകത്തിന്റെ മനംകവർന്നിരിക്കുന്നത്.
മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി തനിക്കൊപ്പം തന്റെ വളർത്തുപൂച്ചയെയും വേദിയിലേക്ക് കൂട്ടിക്കൊണ്ടാണ് ഈ യുവാവ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ആർ.
നാവൽ താംബുൽക്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നത്. ബിരുദദാനച്ചടങ്ങിന്റെ വേദിയിലേക്ക് നടക്കുന്ന നാവൽ തോളിൽ യാതൊരുവിധ ഭയവുമില്ലാതെ ശാന്തമായി ഇരിക്കുന്ന പൂച്ചയാണ് ദൃശ്യങ്ങളിലെ പ്രധാന ആകർഷണം.
വേദിയിലുണ്ടായിരുന്ന ഡീനും പ്രൊഫസർമാരും അപ്രതീക്ഷിതമായി വിദ്യാർത്ഥിക്കൊപ്പം എത്തിയ ഈ അതിഥിയെ കണ്ട് ആദ്യം ഒന്ന് അമ്പരക്കുന്നുണ്ട്. എങ്കിലും നിമിഷനേരംകൊണ്ട് അവരുടെ മുഖത്ത് കൗതുകം നിറഞ്ഞ പുഞ്ചിരി വിടരുകയായിരുന്നു.
പൂച്ചയാവട്ടെ വളരെ ശാന്തമായാണ് വിദ്യാർത്ഥിയുടെ തോളിൽ ഇരിക്കുന്നത്. നിരവധിപ്പേരാണ് ഈ ദൃശ്യങ്ങൾക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.
‘ഈ വീഡിയോയിലെ യഥാർത്ഥ നായകൻ ഈ പൂച്ചയാണ്’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ‘എന്റെ പൂച്ചയായിരുന്നെങ്കിൽ ഇപ്പോൾ ആ സർട്ടിഫിക്കറ്റും എന്റെ മുഖവും കീറിപ്പറിച്ചേനെ’ എന്ന് മറ്റൊരാൾ കുറിച്ചു.
‘ഇദ്ദേഹം നന്നായി പഠിക്കാൻ ഈ പൂച്ചയും സഹായിച്ചിട്ടുണ്ടാകും’ എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. ‘എന്റെ ഗ്രാജുവേഷന് ഞാനും ഇങ്ങനെ ചെയ്യും’ എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മൃഗസ്നേഹികൾക്കിടയിൽ ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ഈ ദൃശ്യങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

