കൊല്ലം∙ ശക്തമായ വേനൽ മഴയിലും കാറ്റിലും പരക്കെ കൃഷിനാശം. ആദ്യ വേനൽ മഴയിൽ തന്നെ ചാത്തന്നൂർ മേഖലയിലെ ദേശീയപാതയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട്.
പാരിപ്പള്ളിയിൽ പാതയോരത്തെ കടകളിലേക്ക് വെള്ളം കയറിയെന്നും പരാതി. പാരിപ്പള്ളി, കല്ലുവാതുക്കൽ പ്രദേശങ്ങളിൽ ഇന്നലെ പകൽ പതിനൊന്നിനാണ് മഴ ശക്തമായി പെയ്തത്.
ഒന്നര മണിക്കൂറോളം പെയ്ത മഴയിൽ ദേശീയപാതയുടെ ആറുവരി പാതയും സർവീസ് റോഡും മുങ്ങി. നിർമാണം പൂർത്തിയായി ഗതാഗതത്തിനു തുറന്നു കൊടുത്ത പാതയാണ് വെള്ളത്തിൽ മുങ്ങിയത്.
പാരിപ്പള്ളി തെറ്റിക്കുഴി ജംക്ഷനിൽ ഇട റോഡ് ആരംഭിക്കുന്ന ഭാഗത്ത് കായൽ പോലെ മഴ വെള്ളം ഉയർന്നു വർക്ഷോപ്പിലും മറ്റും കയറി.
കല്ലുവാതുക്കൽ സ്വകാര്യ ആശുപത്രിക്ക് സമീപം സർവീസ് റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങൾ കടന്നു പോകുന്നതും ബുദ്ധിമുട്ടായി.
കല്ലുവാതുക്കൽ മേൽപ്പാതയിലും പാരിപ്പള്ളി ജംക്ഷനിലെ പള്ളിക്കു സമീപം സർവീസ് റോഡിലും തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനു സമീപം, ചാത്തന്നൂർ ഊറാംവിള, കാരംകോട് മാങ്കുന്നം ഹോസ്പിറ്റലിനു സമീപം എന്നിവിടങ്ങളിൽ പ്രധാന പാതയിലും വെള്ളക്കെട്ടായി.
പാരിപ്പള്ളി– പരവൂർ റോഡിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.
പത്തോളം കടകളിൽ വെള്ളം കയറി. വെള്ളക്കെട്ട് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച നിർമാണം ഇതുവരെ പൂർത്തിയാക്കാത്തതാണു കെടുതി സൃഷ്ടിക്കുന്നത്.
വെള്ളം കയറുന്നതിനു തടയാൻ കട ഉടമകൾ പാതയോരത്ത് നിർമിച്ച തിട്ടയ്ക്കു മുകളിലൂടെയാണ് വെള്ളം കയറിയത്.
കാലവർഷം ആരംഭിക്കുന്നതിനു മുൻപ് പരാഹരം ഉണ്ടായില്ലെങ്കിൽ കൂടുതൽ കെടുതികൾ ഉണ്ടാകും.
വേനൽ മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ഇടമുളയ്ക്കൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ 2 ഹെക്ടറോളം സ്ഥലത്ത് കൃഷി നാശം ഉണ്ടായി. ആഴ്ചകൾക്കുള്ളിൽ വിളവെടുക്കാൻ പകമാകുന്ന എത്ത വാഴകളാണ് പ്രധാനമായും ഒടിഞ്ഞത്.
വാളകം, പെരുമണ്ണൂർ, തടിക്കാട് ഭാഗങ്ങളിലാണ് നാശം കൂടുതലായി ഉണ്ടായത്. ഏകദേശം 3 ലക്ഷത്തോളം രൂപയുടെ കൃഷി നാശം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
വേനൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്
ജില്ലയിൽ വരുംദിവസങ്ങളിലും വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ എൻ.
ദേവിദാസ് അറിയിച്ചു. വൈകുന്നേരങ്ങളിൽ ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയും ഉണ്ടാകാം.
എലിപ്പനി, വയറിളക്കം, ഡെങ്കിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങൾക്കും സാധ്യതയുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും വിവിധ വകുപ്പുകളും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും വേണം.
നാളെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്.
അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം.
എന്തെങ്കിലും അപകടം സംശയിച്ചാൽ കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

