വിയറ്റ്നാമിലുണ്ടായ ദാരുണമായ ബോട്ട് അപകടത്തിൽ മരണപ്പെട്ട കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസ്, ഭാര്യ ലൗനി തോമസ് എന്നിവരുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
ലാവ ഫോൺ കമ്പനി സംഘടിപ്പിച്ച വിദേശയാത്രയുടെ ഭാഗമായാണ് ഇവർ സംഘത്തോടൊപ്പം വിയറ്റ്നാമിലേക്ക് തിരിച്ചത്. കഴിഞ്ഞ ഏഴാം തീയതിയാണ് ഇവർ യാത്ര പുറപ്പെട്ടത്.
യാത്രയിലുടനീളം കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നതായി സഹോദരൻ എ.സി വർഗീസ് വ്യക്തമാക്കി. “ഇന്നലെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് ഓഡിയോ മെസേജ് അയച്ചിരുന്നെന്നും പിന്നീട് അപകട
വാർത്തയാണ് അറിയുന്നത് എന്നും” അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെങ്കിലും എംബസിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ബന്ധുക്കൾ.
ചൊവ്വാഴ്ചയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് വിയറ്റ്നാമിലുള്ള ടൂർ കോർഡിനേറ്റർ അറിയിച്ചിട്ടുള്ളതെന്ന് കുടുംബം സൂചിപ്പിക്കുന്നു. കൊട്ടാരക്കര മാർത്തോമ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
വിയറ്റ്നാമിലെ പ്രശസ്തമായ ഫൂ ക്വോക്ക് ദ്വീപിന് സമീപമാണ് വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞത്. അപകടത്തിൽ ആകെ 15 പേർ മരണപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബോട്ടിലുണ്ടായിരുന്ന 39 പേരിൽ 21 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. രക്ഷപ്പെട്ട
തമിഴ്നാട് സ്വദേശി നിർമൽകുമാർ നൽകിയ വിവരമനുസരിച്ച്, തമിഴ്നാട് പഴനി സ്വദേശിയായ മുരുകപ്രഭു (44) ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം ലാവ മൊബൈൽ കമ്പനിയുടെ വിതരണക്കാരനായിരുന്നു.
മരിച്ചവരിൽ ഭൂരിഭാഗവും തമിഴ്നാട് സ്വദേശികളാണെന്നും, ഇതിൽ നാല് ആന്ധ്രപ്രദേശ് സ്വദേശികളും ഉൾപ്പെടുന്നുണ്ടെന്നുമാണ് വിവരം. രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തിൽ മരണമടഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

