പുനലൂർ ∙ കൊല്ലം – ചെങ്കോട്ട റെയിൽപാതയിലെ ഹാൾട്ട് സ്റ്റേഷൻ ഉൾപ്പെടെയുള്ള 10 റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാത്തത് വിസ്റ്റഡോം കോച്ചുകളുടെ എണ്ണം കൂട്ടുന്നതിന് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ വിസ്റ്റഡോം കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെങ്കിൽ 13 കോച്ചുകളുള്ള ഗുരുവായൂർ – മധുര എക്സ്പ്രസിൽ നിന്നും ഒരു അൺ റിസർവ്ഡ് കോച്ച് ഒഴിവാക്കേണ്ടി വരും. ഇതിന്റെ ഭാഗമായി ഒരെണ്ണം നീക്കം ചെയ്തുകൊണ്ടാണ് വ്യാഴാഴ്ച സർവീസിൽ വിസ്റ്റഡോം കോച്ച് ഘടിപ്പിച്ചത്.
എന്നാൽ ഇനിയും റിസർവ്ഡ് കോച്ചുകൾ ഒഴിവാക്കുന്നത് സാധാരണക്കാരായ യാത്രക്കാരെ സാരമായി ബാധിക്കും. പുതിയ കോച്ച് ഘടിപ്പിച്ച് സർവീസ് നടത്തിയ ദിവസം 7 അൺ റിസർവ്ഡ് കോച്ചുകൾ, ഒരു ജനറേറ്റർ കാർ, ഒരു ഗാർഡ് വാൻ, രണ്ട് സ്ലീപ്പർ കോച്ചുകൾ, ഒരു തേഡ് എസി കോച്ച്, ഒരു വിസ്റ്റഡോം കോച്ച് എന്നിവയാണ് ട്രെയിനിലുണ്ടായിരുന്നത്.
പശ്ചിമഘട്ട മലനിരകളിലൂടെയുള്ള യാത്രാമധ്യേ പുനലൂരിനും ഭഗവതിപുരത്തിനും ഇടയിലുള്ള പ്രദേശങ്ങളിൽ ട്രെയിനിന്റെ സുരക്ഷിതത്വത്തിനായി പിന്നിൽ ബാങ്കർ എൻജിനും ഉൾപ്പെടുത്തിയിരുന്നു.
24 കോച്ച് സൗകര്യം പുനലൂരിലും ഭഗവതിപുരത്തും മാത്രം ഒറ്റക്കൽ, കഴുതുരുട്ടി, ഇടപ്പാളയം തുടങ്ങിയ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുന്നതിനായി ഇതുവരെ ടെൻഡർ ക്ഷണിച്ചിട്ടില്ല. അതേസമയം എഴുകോൺ, ആര്യങ്കാവ് സ്റ്റേഷനുകളിലെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്.
ഗേജ് മാറ്റം പൂർത്തിയാക്കി 2018ൽ പാത കമ്മിഷൻ ചെയ്ത വേളയിൽ തന്നെ 24 കോച്ചുകൾ വരെ നിർത്തിയിടാനുള്ള സൗകര്യം പുനലൂർ, ഭഗവതിപുരം സ്റ്റേഷനുകളിൽ സജ്ജമാക്കിയിരുന്നു. എന്നാൽ കൊട്ടാരക്കര സ്റ്റേഷനിൽ പരമാവധി 18 കോച്ചുകൾ ഉള്ള ട്രെയിനുകൾക്ക് മാത്രമാണ് നിലവിൽ നിർത്താൻ സാധിക്കുക.
കുണ്ടറ റെയിൽവേ സ്റ്റേഷന്റെ ഇരുവശങ്ങളിലുമായി ലെവൽ ക്രോസ് ഗേറ്റുകൾ ഉള്ളതിനാൽ 20 കോച്ചുകൾക്ക് മാത്രം അനുയോജ്യമായ പ്ലാറ്റ്ഫോമേ ഇവിടെ നിർമിക്കാൻ കഴിയൂ. ഇടമൺ റെയിൽവേ സ്റ്റേഷനിലും 20 കോച്ചുകൾക്ക് വേണ്ടിയുള്ള നിർമാണ പ്രവർത്തനങ്ങളാകും നടപ്പിലാക്കുക.
നിലവിൽ ട്രെയിൻ ക്രോസിങ് സൗകര്യമുള്ള എല്ലാ സ്റ്റേഷനുകളിലും രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളമാണ് വർധിപ്പിക്കുന്നത്. എന്നാൽ ന്യൂ ആര്യങ്കാവിൽ രണ്ട് റെയിൽവേ ലൈനുകൾ ഉണ്ടെങ്കിലും ഒരേയൊരു പ്ലാറ്റ്ഫോം മാത്രമാണുള്ളത്.
അതേസമയം തെന്മലയിൽ രണ്ട് പ്ലാറ്റ്ഫോമുകളുടെയും നീളം വർധിപ്പിക്കുന്നുണ്ട്. 6 സ്റ്റേഷനുകളിൽ 13 കോച്ചിനുള്ള സൗകര്യം മാത്രം നിലവിലെ അവസ്ഥയിൽ 6 സ്റ്റേഷനുകളിൽ 13 കോച്ചുകൾ ഉള്ള ട്രെയിനുകൾക്ക് മാത്രമെ സ്റ്റോപ്പ് അനുവദിക്കാൻ സാധിക്കൂ.
ന്യൂ ആര്യങ്കാവ്, തെന്മല, ഇടമൺ, ആവണീശ്വരം, കുര, കൊട്ടാരക്കര, കുണ്ടറ ഈസ്റ്റ്, കുണ്ടറ, ചന്ദനത്തോപ്പ്, കിളികൊല്ലൂർ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നതിനുള്ള ടെൻഡറുകൾ നേരത്തെ ക്ഷണിച്ചിട്ടുള്ളതാണ്. 2027 ജൂലൈ മാസത്തിൽ ഈ നിർമാണ ജോലികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കഴിഞ്ഞമാസം 24ന് പുനലൂരിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെയും ഡിആർഎം ഓമ്പ്രകാശ് മീനയുടെയും സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിലാണ് ദക്ഷിണ റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ (സിപിഎം) രാജേഷ് കുമാർ ഈ നിർണായക വിവരം വ്യക്തമാക്കിയത്. യോഗത്തിന് ശേഷം പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കേണ്ട
വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അദ്ദേഹം നേരിട്ടെത്തി സന്ദർശനവും നടത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

