കൊല്ലം ∙ കെഎസ്ഇബിയുടെ ‘പാതിരാ ക്രൂരത’യിൽ പകച്ചും പുകഞ്ഞും കൊല്ലം. പകലിൽ പുറത്തേക്കിറങ്ങിയാൽ കത്തുന്ന സൂര്യൻ തൊട്ടുമുകളിൽ, രാത്രിയിലാണെങ്കിലും ചൂടിനു കുറവില്ല, ഇതിൽ നിന്നെല്ലാം ആശ്വാസം നേടാനായി ഫാനിട്ടോ എസിയിട്ടോ ഇരിക്കാമെന്നു കരുതിയാൽ വൈദ്യുതിയും പണി തന്നു തുടങ്ങി.
ചൂട് സകല റെക്കോർഡുകളും ഭേദിച്ചു കുതിക്കുമ്പോൾ വൈദ്യുതിയില്ലാതെ ഉരുകുകയാണ് നാട്. മുൻകൂട്ടി പ്രഖ്യാപിക്കുകയോ അറിയിപ്പ് നൽകുകയോ ചെയ്യാതെയാണ് രാത്രികളിൽ 15 മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ജില്ലയിലെ എല്ലാ മേഖലകളിലും ഏറിയും കുറഞ്ഞും നിയന്ത്രണമുണ്ട്.
വൈദ്യുതിയുടെ ഉപയോഗം കുത്തനെ ഉയർന്നതോടെ ഓവർലോഡ് ഒഴിവാക്കാനാണ് നിയന്ത്രണമെന്നാണു വൈദ്യുതി വകുപ്പിന്റെ വിശദീകരണം. അമിതമായ ചൂട് കാരണം ട്രാൻസ്ഫോമറുകൾ ഓവർലോഡായി കേടാകുന്നതും ലൈനുകളിൽ തകരാർ സംഭവിക്കുന്നതും മറ്റൊരു കാരണമാണ്.
എന്നാൽ കൃത്യമായ മാനദണ്ഡമില്ലാതെയാണ് നിയന്ത്രണമെന്നും വിളിച്ചാൽ ഫോൺ പോലും ഉദ്യോഗസ്ഥർ എടുക്കുന്നില്ലെന്നും ആളുകൾ പരാതിപ്പെടുന്നു. ലോഡ് ഷെഡ്ഡിങ് ഇല്ലാത്ത 10 വർഷം എന്ന സർക്കാർ അവകാശവാദം വോട്ടെടുപ്പ് കഴിഞ്ഞതോടെ മറന്നുവെന്നും നാട്ടുകാർ.
താരതമ്യേന ജില്ലയിൽ വൈദ്യുതി നിയന്ത്രണവും മുടക്കവും കുറവുള്ള മേഖലയാണ് കൊല്ലം നഗരമേഖല.
എന്നാൽ കഴിഞ്ഞ 3 ദിവസങ്ങളായി രാത്രികളിൽ നഗരത്തിലും വൈദ്യുതി നിയന്ത്രണം വന്നുകഴിഞ്ഞു. തേവലക്കര, ചവറ, പന്മന മേഖലകളിൽ വൈദ്യുതി മുടക്കം പതിവാണ്.
വിഷയത്തിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ തർക്കവും വാക്കേറ്റവും ഉണ്ടാകുന്നുണ്ട്. തേവലക്കരയിൽ കോൺഗ്രസ് ജനപ്രതിനിധികൾ സെക്ഷൻ ഓഫിസ് ഉപരോധിക്കുകയും എക്സിക്യൂട്ടീവ് എൻജിനീയറെ വരുത്തിച്ചു ചർച്ചനടത്തി ഉറപ്പ് വാങ്ങുകയും ചെയ്തു.
ബിജെപി ഓഫിസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. മണിക്കൂറുകൾ വൈദ്യുതി തടസ്സം നേരിട്ട
കഴിഞ്ഞ ദിവസം ഉപഭോക്താക്കൾ ഓഫിസിനുള്ളിൽ കയറി ബഹളം ഉണ്ടാക്കുകയും സംഘർഷം ഉണ്ടായതോടെ പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സെക്ഷൻ ഓഫിസുകളുടെ പരിധിയിൽ 110 കെവി സബ്സ്റ്റേഷൻ ചവറയിൽ മാത്രമാണ്.
തേവലക്കരയിൽ സബ് സ്റ്റേഷനു അനുമതി ലഭിച്ചെങ്കിലും തുടർ നടപടികൾ പൂർത്തിയായിട്ടില്ല.
ടച്ചിങ് വെട്ടിന്റെ പേരിൽ കഴിഞ്ഞ ദിവസം ആയൂർ ടൗണിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയത് വ്യാപാരികളെ വലച്ചിരുന്നു. പ്രതിഷേധം കനത്തതോടെ 11 മണിക്കു വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
രാവും പകലും അപ്രതീക്ഷിതമായി ഉണ്ടാകുന്ന പവർകട്ട് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രദേശമായ പുനലൂർ മേഖലയിലെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ഏതാനും ദിവസങ്ങളായി ജില്ലയിലെ എല്ലാ മേഖലകളിലും രാത്രിയിൽ കാൽ മണിക്കൂറിലേറെയെങ്കിലും വൈദ്യുതി നിലയ്ക്കുന്നുണ്ട്.
ചില ദിവസങ്ങളിൽ ഒന്നിലേറെ തവണയും വൈദ്യുതി നിലയ്ക്കുന്നു. അപ്രതീക്ഷിതമായി വൈദ്യുതി നിലയ്ക്കുന്നത് പാലിയേറ്റീവ് കെയർ രോഗികൾക്കും കിടപ്പു രോഗികൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
പരാതികളുമായി സെക്ഷൻ ഓഫിസുകളിലേക്ക്
വൈദ്യുതി നിലയ ്ക്കുന്നതോടെ സെക്ഷൻ ഓഫിസുകളിൽ പരാതിയുടെ പ്രളയമാണുണ്ടാകുന്നത്.
ഇത് നിയന്ത്രിക്കാൻ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുന്നുണ്ട്. സെക്ഷൻ ഓഫിസുകൾ അറിയാതെ ചെയ്യുന്നതിനാൽ തങ്ങൾക്ക് അതിൽ പങ്കില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
മുൻകൂട്ടി അറിയിക്കാതെ വൈദ്യുതി നിലയ്ക്കുന്നതിനാൽ ഉപയോക്താക്കൾ അതത് ഓഫിസുകളിൽ വിളിച്ചാണ് പരാതി പറയുന്നത്. വിവരം അന്വേഷിച്ച് കെഎസ്ഇബി ഓഫിസുകളിൽ നേരിട്ട് എത്തുന്നവരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കങ്ങളും പതിവാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

