കുമരനല്ലൂർ: ഗ്രാമീണ കായിക വിനോദങ്ങളുടെ തനിമ ഒട്ടും ചോരാതെ കുമ്പിടിയിൽ വീണ്ടും പകിട കളിയുടെ ആരവമുയരുന്നു.
ആധുനിക ഡിജിറ്റൽ യുഗത്തിന്റെ വെല്ലുവിളികൾക്കിടയിലും തനത് പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് ഈ കായിക വിനോദത്തെ സജീവമായി നിലനിർത്തുകയാണ് ഇവിടുത്തെ സംഘാടകർ. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ടൗൺ ടീം കുമ്പിടിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന അഖില കേരള പകിട
കളി മത്സരം ഇത്തവണയും വിപുലമായ രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 48 ടീമുകളാണ് ഈ വർഷത്തെ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
കേവലം ഒരു കായിക വിനോദം എന്നതിലുപരി, ഗ്രാമീണ സൗഹൃദങ്ങളുടെയും ഒത്തൊരുമയുടെയും വേദിയായി കൂടി ഈ മത്സരം മാറിയിട്ടുണ്ട്. ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളിൽ കുടല്ലൂർ, കുമ്പിടി പ്രദേശങ്ങളിൽ നടക്കുന്ന ഇത്തരം മത്സരങ്ങൾ നാട്ടുകാർക്ക് വലിയ ആവേശമാണ് പകരുന്നത്.
നാല് കൊമ്പുകളിലായി വിന്യസിച്ചിരിക്കുന്ന 96 കളങ്ങളിലാണ് കളി അരങ്ങേറുന്നത്. കളിക്കാരന്റെ കൈവഴക്കവും ഭാഗ്യവും ഒത്തുചേരുമ്പോൾ മാത്രമാണ് വിജയം സാധ്യമാകുന്നത്.
അങ്ങേയറ്റം വാശിയേറിയ പോരാട്ടം നടക്കുന്നതിനാൽ, ഒരു മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കാൻ പലപ്പോഴും ദിവസങ്ങൾ തന്നെ വേണ്ടിവരാറുണ്ട്. ലോഹനിർമിതമായ, ദീർഘചതുരാകൃതിയിലുള്ള പകിടകൾ കൈവെള്ളയിൽ ഉരുട്ടി എറിയുമ്പോൾ കാണികളിലും വലിയ ആവേശം നിറയുന്നു.
രണ്ടു മാസത്തിലധികം നീണ്ടുനിൽക്കുന്ന ഈ കായിക ഉത്സവത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരം നീണ്ടുനിൽക്കുന്ന ദിവസങ്ങളിൽ താരങ്ങൾക്കും കാണികൾക്കും പ്രയോജനപ്പെടും വിധം കളിപ്പന്തലിനു സമീപമായി പ്രത്യേക ചായക്കടയും സജ്ജീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

