കൊല്ലം∙ കാൻസർ മുൻകൂട്ടി കണ്ടുപിടിക്കാനായി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കേന്ദ്രം (കാൻസർ ഏർലി ഡിറ്റക്ഷൻ സെന്റർ) ഇന്നലെ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ജില്ലാ ആശുപത്രി പരിസരത്താണ് സെന്റർ പ്രവർത്തിക്കുന്നത്.
ജീവനക്കാരും പരിശോധന ഫലം വാങ്ങാൻ എത്തിയവരും ഇന്നലെ രാവിലെ എത്തിയപ്പോഴാണ് സെന്റർ അടച്ചുപൂട്ടിയതായി അറിയുന്നത്. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്നു കാണിച്ച് കഴിഞ്ഞ 15ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിപ്പ് നൽകിയിരുന്നെങ്കിലും സെന്റർ മറ്റെവിടെയെങ്കിലും പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല.
പരിശോധന നടത്തേണ്ട ലാബ് ഉൾപ്പെടെയാണ് പൂട്ടിയത്.
പരിശോധനയ്ക്ക് നൽകിയാൽ ഒരാഴ്ചയ്ക്കു ശേഷമാണ് ഫലം ലഭിക്കുന്നത്.
രോഗ പരിശോധന ഫലം സൂക്ഷിച്ചിരിക്കുന്ന കംപ്യൂട്ടർ മുറിയിൽ കയറാനും സാധിച്ചില്ല.കെട്ടിടത്തിന്റെ പ്രധാന വാതിൽ പൂട്ടുകയും ഭാഗത്ത് റിബൺ കൊണ്ട് കെട്ടിയ ശേഷം ‘കെട്ടിടം അപകടാവസ്ഥയിൽ, പ്രവേശനം നിരോധിച്ചിരിക്കുന്നു’ എന്ന പോസ്റ്ററും പതിക്കുകയായിരുന്നു. പരിശോധന ഫലം വാങ്ങാൻ എത്തിയ രോഗികൾ ഇതൊന്നും അറിയാതെ വലഞ്ഞു.
തുടർന്ന് ചില രോഗികളുടെ പരിശോധനാ ഫലം ജീവനക്കാരുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നതിനാൽ അത് സെന്ററിന്റെ ഫയലിൽ റിപ്പോർട്ടായി എഴുതിക്കൊടുക്കേണ്ടി വന്നു. മറ്റുള്ളവർ നിരാശയോടെ മടങ്ങി.
വിക്ടോറിയ, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിന്നാണ് അർബുദ രോഗ നിർണയത്തിനായി ദിവസവും ആൾക്കാർ എത്തുന്നത്.
ഗർഭാശയ അർബുദം, സ്തനാർബുദം ഉൾപ്പെടെയുള്ള പരിശോധനകളാണ് ഇവിടെ നടത്തുന്നത്. കാൻസർ കൺട്രോൾ സൊസൈറ്റിയാണ് സ്ഥാപനം നടത്തുന്നത്.
ജില്ലാ കലക്ടറാണ് ചെയർമാൻ. പാത്തോളജി വിഭാഗം ഡോക്ടർ, 2 ടെക്നിഷ്യൻമാർ, ഒരു ഹെൽപർ, ഒരു അക്കൗണ്ടന്റ് എന്നിവരാണ് ഇവിടെ ജോലി ചെയ്യുന്നത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ലാബ് പ്രവർത്തിക്കുന്നത്. 5 വർഷങ്ങൾക്ക് മുൻപ് ജില്ലാ ആശുപത്രിയുടെ സ്കാൻ സെന്ററിന് സമീപത്താണ് സെന്റർ പ്രവർത്തിച്ചിരുന്നത്.
സ്കാൻ സെന്ററിന്റെ വികസന പ്രവർത്തനങ്ങൾ നടന്നതോടെ സ്ഥല പരിമിതിയെ തുടർന്ന് സെന്റർ 1970ൽ നിർമിച്ച ഈ കെട്ടിടത്തിലേക്ക് 2 വർഷം മുൻപ് മാറ്റിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

