കൊല്ലം ∙ കൊട്ടാരക്കരയിൽ പാർട്ടിയുടെ ജനപ്രിയ മുഖമായിരുന്ന മുൻ എംഎൽഎ പി. അയിഷ പോറ്റി കോൺഗ്രസിൽ ചേർന്നതു തിരിച്ചടിയായെന്നു സിപിഎം.
ഇതു തിരിച്ചറിഞ്ഞു പ്രതിരോധ പരിപാടികൾ ആവിഷ്കരിക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെയും നിയമസഭാ മണ്ഡലം പാർട്ടി സെക്രട്ടറിമാരുടെയും സംയുക്ത യോഗം സ്ഥിതി വിലയിരുത്തി.
ധനമന്ത്രിയും പാർട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.എൻ ബാലഗോപാലിന്റെ സിറ്റിങ് മണ്ഡലമായ കൊട്ടാരക്കരയിൽ അയിഷ പോറ്റിക്കെതിരെ ശക്തമായി രംഗത്തു വരാനാണു തീരുമാനം.
ഗൃഹസമ്പർക്ക പരിപാടിയിൽ, അയിഷ പോറ്റിപാർട്ടി വിട്ടതിനെപ്പറ്റി ചോദ്യങ്ങൾ ഉയരുമെന്നു സിപിഎം വിലയിരുത്തുന്നു. ഇതു മുന്നിൽക്കണ്ട്, അയിഷ പോറ്റിക്കെതിരെ വ്യാപക പ്രചാരണം നടത്തും.
അയിഷ പോറ്റിക്ക് പാർട്ടി നൽകിയ അവസരങ്ങൾ ഓർമിപ്പിച്ചു ജനറൽ സെക്രട്ടറി എം.എ ബേബി തന്നെ രംഗത്തുവന്നത് ഇതിന്റെ ഭാഗമാണ്.
അയിഷ പോറ്റി രാജിവച്ചതിനു പിന്നാലെ അന്നു രാത്രി തന്നെ, കൊട്ടാരക്കര, നെടുവത്തൂർ ഏരിയ കമ്മിറ്റികളുടെ സംയുക്ത യോഗം ചേർന്ന് അവരെ ഔദ്യോഗികമായി പാർട്ടിയിൽ നിന്നു പുറത്താക്കി. ഇന്ന് 2 ഏരിയകളിലും പാർട്ടി അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്.
എൽഡിഎഫ് തലത്തിൽ പ്രവർത്തക സമ്മേളനങ്ങൾ വിളിക്കും. 19 നു മുഖ്യമന്ത്രി കൊട്ടാരക്കരയിൽ പങ്കെടുക്കുന്ന സർക്കാർ പരിപാടി പാർട്ടിയുടെ ശക്തിപ്രകടനമായി മാറ്റണമെന്നും നിർദേശമുണ്ട്.
അതേസമയം, അയിഷ പോറ്റിയെപ്പോലെ പൊതുസ്വീകാര്യയായ നേതാവ് പാർട്ടിയെ ഉപേക്ഷിക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതായിരുന്നുവെന്ന വികാരം സിപിഎമ്മിൽ ശക്തമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും 3 തവണ എംഎൽഎ യും ആയ അയിഷ പോറ്റി നിസ്സാര കാരണങ്ങളുടെ പേരിൽ പാർട്ടി വിടില്ലെന്നാണു ചർച്ച. പാർട്ടിക്കുള്ളിൽ നേരിട്ടതു ക്രൂരമായ അവഗണനയാണെന്ന് അയിഷ പോറ്റി പരസ്യമായി പ്രതികരിച്ചതു സ്ത്രീ വോട്ടർമാർക്കിടയിൽ ചർച്ചയാണ്.
എംഎൽഎ ആയിരിക്കെ കൊണ്ടുവന്ന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുപ്പിക്കാതെ അയിഷ പോറ്റിയെ അവഗണിക്കുന്ന പതിവ് തുടങ്ങിയിട്ടു നാളേറെയായി.
ഇതു രൂക്ഷമായപ്പോഴാണ്, മുന്നറിയിപ്പ് എന്നോണം കോൺഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അയിഷ പോറ്റി പങ്കെടുത്തത്. എന്നിട്ടും അവരെ അനുനയിപ്പിച്ചു കൂടെ നിർത്താൻ ജില്ലാ നേതൃത്വം തയാറായില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലഗോപാലിനെതിരെ അയിഷ പോറ്റിയെ കോൺഗ്രസ് നിർത്തുമോയെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്.
എങ്കിൽ കേരളമാകെ ശ്രദ്ധിക്കപ്പെടുന്ന മത്സരമായി അതു മാറും. അതു മറികടക്കാനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്താനുള്ള ആദ്യ യോഗം കൂടിയായിരുന്നു ഇന്നലത്തേത്.
പാർട്ടി നൽകിയ അവസരങ്ങൾ ഇങ്ങനെ മറക്കരുതായിരുന്നു: എം.എ.ബേബി
പി.
അയിഷ പോറ്റിയെ പാർട്ടി അവഗണിച്ചുവെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. 3 തവണ എംഎൽഎയാവാനും ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവാനും അവസരം ലഭിച്ച വ്യക്തിയാണ് അയിഷ പോറ്റി.
ഇതൊന്നുമല്ലായിരുന്നെങ്കിൽ അവർ കോൺഗ്രസിൽ ചേർന്നത് ഒരു വാർത്തയെങ്കിലും ആവുമായിരുന്നോ? വാർത്തയാവാൻ തക്ക പ്രാധാന്യം തന്ന പാർട്ടിയെ ഇങ്ങനെ മറന്നിട്ടു പോകാൻ പാടില്ലായിരുന്നു.
പാർട്ടിക്കു വേണ്ടി തല്ലു കൊള്ളുകയും ജയിലിൽ കിടക്കുകയും ചെയ്ത നൂറിലേറെ സഖാക്കൾ ഈ ജില്ലയിലുണ്ട്. അവരിൽ എത്ര പേർക്ക് എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകാൻ അവസരം കിട്ടും? ഇതെല്ലാം പാർട്ടി പല ഘടകങ്ങളും പരിഗണിച്ചു, ഏതാനും പേർക്കു മാത്രം നൽകുന്നതാണ്.
എംഎൽഎ ആകാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകാനുമല്ല പാർട്ടിയിലേക്കു വരുന്നത്. പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാൻ വേണ്ടിയാണ്.
അയിഷ പോറ്റി പാർട്ടി വിട്ടതു തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും ബേബി പറഞ്ഞു.
അയിഷ പോറ്റിയുടെആത്മകഥ ഉടൻ
പി. അയിഷ പോറ്റിയുടെ ആത്മകഥ ഉടൻ പുറത്തിറങ്ങും.
രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട അനുഭവങ്ങളും പ്രതിസന്ധികളും വിശദമാക്കുന്നതാകും പുസ്തകം.
രചന ഏറെക്കുറെ പൂർത്തിയായി. സിപിഎം വിടാനുണ്ടായ കാരണങ്ങളും കോൺഗ്രസ് പ്രവേശനവും ഉൾപ്പെടെ പുസ്തകത്തിലുണ്ടാകും. ആത്മ കഥയ്ക്ക് പേരിട്ടിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

