കൊല്ലം ∙ കനത്ത ചൂടിൽ ഉരുകുകയാണ് ജില്ല. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടുമെന്നാണ് പ്രവചനം.
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലകളിലൊന്നായി കൊല്ലം മാറിക്കഴിഞ്ഞു. നിലവിലുള്ള താപനില ഇനിയും ഉയർന്നേക്കുമെന്നാണ് പ്രവചനം.
അടുത്ത 3 ദിവസങ്ങളിൽ 38 ഡിഗ്രി വരെയും 17 മുതൽ 39 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. വായുവിലെ ഈർപ്പവും ചൂടും ഒരുമിച്ച് വരുന്നതിനാൽ യഥാർഥ താപനിലയെക്കാൾ 5 മുതൽ 7 വരെ ഡിഗ്രി സെൽഷ്യസ് വരെ കൂടിയ ചൂടാണ് അനുഭവപ്പെടുന്നത്.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പുറംജോലികൾ ഏർപ്പെടേണ്ടി വരുന്ന കെട്ടിട, റോഡ് നിർമാണ തൊഴിലാളികൾ, ലോട്ടറി വിൽപനയ്ക്കാർ, ഗിഗ് തൊഴിലാളികൾ, വഴിയോര വിൽപനക്കാർ തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. യുവി ഇൻഡക്സ് കുറഞ്ഞു
അതേസമയം അൾട്രാവയലറ്റ് സൂചികയിൽ (യുവി ഇൻഡക്സ്) ജില്ലയിൽ കുറവുണ്ടായിട്ടുണ്ട്.
അപകടാവസ്ഥയിലുള്ള ഓറഞ്ച് അലർട്ട് പട്ടികയിൽ നിന്ന് ജില്ല മഞ്ഞ അലർട്ടിലേക്ക് മാറിയിട്ടുണ്ട്. എങ്കിലും ജാഗ്രത അനിവാര്യമാണ്.
യുവി ഇൻഡക്സിൽ എട്ടിൽ നിന്ന് ഏഴിലേക്കാണ് കുറഞ്ഞത്. സൂര്യപ്രകാശത്തിനൊപ്പം ഭൂമിയിൽ പതിക്കുന്ന അൾട്രാവയലറ്റ് വികിരണങ്ങളുടെ അളവാണ് ഈ സൂചിക.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
വ്യാജ പ്രചാരണം ശക്തം
വെയിൽ കനത്തതോടെ ചൂടുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. ഏപ്രിൽ 29 മുതൽ മേയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നുമുള്ള വാട്സാപ് സന്ദേശമാണ് പ്രചരിക്കുന്നത്.
കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് ഇതുവരെ കേന്ദ്ര, സംസ്ഥാന കാലാവസ്ഥാ വകുപ്പുകൾ പ്രവചിച്ചിട്ടില്ല. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005 അനുസരിച്ച് ശിക്ഷാർഹമാണ്.
എന്ത് കൊണ്ട് പുനലൂർ?
സംസ്ഥാനത്തു തന്നെ ചൂടിൽ മുന്നിൽനിൽക്കുന്ന പ്രദേശമാണ് ജില്ലയിലെ പുനലൂർ.
പാലക്കാടും പുനലൂരുമാണ് കേരളത്തിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്യുന്ന 2 പ്രധാന ഇടങ്ങൾ. പുനലൂരും പാലക്കാടും അനുഭവപ്പെടുന്ന ഉഷ്ണ തരംഗത്തിന് സമാനമാണ് ഈ മാസം ബാങ്കോക്കിലും വിയറ്റ്നാമിലെ ഹോ ചി മിൻ നഗരത്തിലും രേഖപ്പെടുത്തിയ 44 ഡിഗ്രി സെൽഷ്യസ് ചൂട് എന്ന് വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യൂഎംഒ) പഠനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ് പുനലൂരിലെ കനലാക്കി നിലനിർത്തുന്നത്.
പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ടതും എന്നാൽ താഴ്ന്ന പ്രദേശമായി നിലനിൽക്കുകയും ചെയ്യുന്ന ഇടമാണ് പുനലൂർ.
ഇത് കാറ്റിന്റെ ഗതിയെ തടസ്സപ്പെടുത്തുകയും ചൂടുള്ള വായു അവിടെത്തന്നെ തങ്ങി നിൽക്കാൻ കാരണമാവുകയും ചെയ്യുന്നുണ്ട്. മലനിരകൾക്കു താരതമ്യേന ഉയരം കുറവായതിനാൽ ആര്യങ്കാവിലൂടെ തമിഴ്നാട്ടിലെ കാറ്റ് കടന്നുവരുന്നതും തീരപ്രദേശത്തു നിന്ന് അകന്നു നിൽക്കുന്നതിനാൽ തണുത്ത കടൽകാറ്റ് ഇവിടേക്ക് എത്താത്തതും താപനില ഉയരാൻ ഇടയാക്കുന്നു.
ഉയർന്ന ചൂട് 38 ഡിഗ്രി ; അനുഭവപ്പെടുന്നത് 50 !
കൊച്ചി ∙ സംസ്ഥാനത്തെ ഉയർന്ന അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രി സെൽഷ്യസിൽ ഏറെ. അന്തരീക്ഷത്തിലെ ഈർപ്പം മൂലമാണ് അനുഭവപ്പെടുന്ന ചൂട് (ഹീറ്റ് ഇൻഡക്സ്) 50 ഡിഗ്രി സെൽഷ്യസിൽ ഏറെയാകുന്നത്.
ഒരാഴ്ച കൂടി ഈ കാലാവസ്ഥ തുടരാനാണു സാധ്യതയെന്ന് കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് ഡയറക്ടർ ഡോ.എസ്. അഭിലാഷ് പറഞ്ഞു.
കേരളമുൾപ്പെടെ ദക്ഷിണേന്ത്യയുടെ ഉച്ചയിൽ സൂര്യൻ നിൽക്കുന്നതിനാൽ അൾട്രാ വയലറ്റ് രശ്മികൾ കൂടുതലാണ്.
മഴ മേഘങ്ങളുടെ സാന്നിധ്യമില്ലാത്തതും ചൂടു കൂടാൻ കാരണമാണ്. വടക്കൻ അറബിക്കടലിൽ നിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത 2 ദിവസങ്ങളിൽ സംസ്ഥാനത്ത് വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.
അസഹനീയമായ ചൂടും തീക്കാറ്റുമാണ് പുനലൂരിൽ. ഇടയ്ക്ക് വെയിൽ കൊള്ളേണ്ടി വരുമ്പോൾ തലയിൽ തോർത്ത് ഉപയോഗിച്ച് കെട്ടിവയ്ക്കും.
കൂടുതൽ വെള്ളവും കുടിക്കുന്നുണ്ട്. നട്ടുച്ച സമയത്ത് ഇടയ്ക്കു കുറച്ചു സമയം വിശ്രമിക്കും.
അതികഠിനമായ വെയിൽ ഏൽക്കാതെ ജോലി ചെയ്യാനാണ് ശ്രമിക്കുന്നത്.
ശിവരാജൻ, പുനലൂർകെട്ടിട നിർമാണ തൊഴിലാളി
ഇപ്പോഴത്തെ ചൂട് സഹിക്കാൻ സാധിക്കുന്നില്ല.
രാവിലെ 8നു വണ്ടിയിൽ പച്ചക്കറിയും പഴങ്ങളുമായി എത്തുകയും രാത്രി 8 വരെ കച്ചവടം നടത്തുകയുമാണ് പതിവ്. ഓരോ ദിവസവും എടുക്കുന്ന സാധനങ്ങൾ അടുത്ത ദിവസം കച്ചവടത്തിനു ഉപയോഗിക്കാൻ സാധിക്കുന്നില്ല.
ശക്തമായ വെയിലുള്ള സമയങ്ങളിൽ വണ്ടിയുടെ മുകളിൽ ചാക്ക് ഇട്ടാണു ഇരിക്കുന്നത്. ചില സമയങ്ങളിൽ തളർന്നു വീഴുമെന്നും തോന്നും.
ആസാദ്, ഓച്ചിറ വഴിയോര കച്ചവടക്കാരൻ
പാചകവാതക ക്ഷാമം മൂലം ചോറും കറികളും പാചകം ചെയ്യുന്നത് അടുപ്പിലാണ്.
കടുത്ത വേനൽച്ചൂടും അടുപ്പിലെ ചൂടും കൂടി ചേരുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. ഉച്ചയ്ക്ക് ഹോട്ടൽ അടയ്ക്കുന്നതിനെക്കുറിച്ചു പോലും ആലോചിക്കുകയാണ്.
എന്നാൽ ഉച്ചഭക്ഷണം കഴിക്കാൻ ഒട്ടേറെ തൊഴിലാളികൾ വരുന്നുണ്ട്. അവർ വലയുമെന്നതിനാൽ എന്ത് ചെയ്യണമെന്നറിയില്ല.
സുനിൽ കുമാർ, ഹോട്ടൽ ഉടമ ചാത്തന്നൂർ ഡീസന്റ്മുക്ക്
വേനൽച്ചൂട് ഇത്രയും ഉയർന്ന സമയം മുൻപുണ്ടായിട്ടില്ല.
ദിവസം കുറഞ്ഞത് 30 കിലോമീറ്ററോളം നടന്നാണ് ലോട്ടറി ടിക്കറ്റ് വിൽപന. രാവിലെ 6 മണിക്ക് ഇറങ്ങിയാൽ ടിക്കറ്റ് തീരുന്നതു വരെ നടക്കും.
നട്ടുച്ചയെന്നോ വെയിലെന്നോ നോക്കാറില്ല. തൊപ്പി വച്ചു നടക്കും.
വെയിലത്തു നടന്നു കാൽ പൊള്ളുന്ന തരത്തിലായി. ചൂട് കൂടിയതോടെ വിൽപനയും കുറഞ്ഞു.
ഭാരമുള്ള ബാഗുമായി നടക്കാൻ പ്രയാസമായതിനാൽ ഇടയ്ക്കു കുപ്പിവെള്ളം വാങ്ങും. നാരങ്ങാവെള്ളവും കൂടിയാകുമ്പോൾ ദിവസം 150 രൂപയിലേറെ ആ ഇനത്തിൽ തീരും.
പിന്നെ ഉപജീവന മാർഗമെന്ന നിലയിൽ കൊണ്ടു നടക്കുന്നു എന്നു മാത്രം.
മോഹനകുമാർ, ലോട്ടറി തൊഴിലാളി പുത്തൂർ കാരിക്കൽ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

