കൊല്ലം ∙ ശബരിമല സ്വർണപ്പാളി കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കൂടുതൽ അറസ്റ്റിലേക്കു നീങ്ങുന്നു. ഏതാനും പ്രതികളെ വരും ദിവസങ്ങളിൽ കസ്റ്റഡിയിലെടുക്കുമെന്നാണു വിവരം.
നാലാംപ്രതി മുൻ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ, ആറാം പ്രതി എസ്.ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. സ്വർണക്കവർച്ചയിൽ വൻതോക്കുകളുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിട്ടുമുണ്ട്.
ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കവർന്ന കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ ഒരുദിവസത്തേക്കു എസ്ഐടി കസ്റ്റഡിയിൽ വിട്ടു.
പ്രതിയെ കൊല്ലത്തു ചോദ്യം ചെയ്തശേഷം വൈകിട്ടു വിജിലൻസ് കോടതിയിൽ ഹാജരാക്കി. തുടർന്നു തിരുവനന്തപുരം സ്പെഷൽ ജയിലിലേക്കു കൊണ്ടുപോയി.
പത്മകുമാറിന്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. വിധി പറയാൻ 12 ലേക്കു മാറ്റി.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
ചോദ്യംചെയ്യലിൽ പത്മകുമാറിൽ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, മുൻ കമ്മിഷണറും പ്രസിഡന്റുമായിരുന്ന എൻ.വാസുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണോയെന്നും അന്വേഷണ സംഘം തീരുമാനിക്കും. ആവശ്യമെങ്കിൽ ഇതിനു കസ്റ്റഡി അപേക്ഷ നൽകും.
വാസുവിന്റെ റിമാൻഡ് വിജിലൻസ് കോടതി ജഡ്ജി ഡോ.സി.എസ്.മോഹിത് 22 വരെ നീട്ടി.
വാസുവിന്റെ ജാമ്യഹർജി കഴിഞ്ഞ ദിവസം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി 15 നു പരിഗണിക്കും.
കട്ടിളപ്പാളി കേസിലെ അഞ്ചാം പ്രതിയും ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയുമായ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ്കുമാറിന്റെ ജാമ്യഹർജി വിധി പറയാൻ 15 ലേക്കു മാറ്റി.
പത്മകുമാറും വാസുവും ഒരേസമയം കോടതിമുറ്റത്ത്
കൊല്ലം ∙ സ്വർണപ്പാളി കവർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ.പത്മകുമാറും എൻ.വാസുവും ഒരേ സമയം കോടതിമുറ്റത്ത്. ഇരുവരും പരസ്പരം കണ്ടഭാവം നടിച്ചില്ല.
പത്മകുമാറിനെ കോടതിയിൽനിന്ന് ഇറക്കിയപ്പോഴാണ് വാസുവിനെ കൊണ്ടുവന്നത്. വാസു വാഹനത്തിൽ നിന്നിറങ്ങുമ്പോൾ പൊലീസ് ജീപ്പിനു പിന്നിൽ നിൽക്കുകയായിരുന്നു പത്മകുമാർ.
കോടതി പരിസരത്തു കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ കോടതി വളപ്പിലേക്കു കയറാൻ അനുവദിച്ചില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

