കൊല്ലം ∙ ചിന്നക്കടയിലെ ‘വൻമതിൽ’ പൊളിച്ചുനീക്കി നിർമിക്കാൻ ലക്ഷ്യമിടുന്ന ഫ്ലൈഓവറിന്റെ രൂപരേഖ കോർപറേഷൻ കൗൺസിലർമാർക്കു മുന്നിൽ അവതരിപ്പിച്ചു. പ്രമുഖ ആർക്കിടെക്ട് വി.ആർ.ബാബുരാജ് (അഭിലാഷ് ഗ്രൂപ്പ്) ആണു രൂപരേഖ തയാറാക്കി അവതരിപ്പിച്ചത്.
റെയിൽവേ സ്റ്റേഷനിലെ മൾട്ടി ലവൽ പാർക്കിങ്ങിനു സമീപത്തു നിന്നാരംഭിച്ച് ഹെഡ് പോസ്റ്റ് ഓഫിസിനു സമീപമുള്ള ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന വിധത്തിലാണിത്. വൈഎംസിഎ റോഡിൽ എസ്എംപി പാലസിനു സമീപത്തു നിന്നു മറ്റൊരു ഫ്ലൈ ഓവർ തുടങ്ങി ചിന്നക്കട
മണിമേടയ്ക്കു സമീപം രണ്ടും സംഗമിക്കും. നിരന്തരം അടച്ചിടുന്ന എസ്എംപി പാലസ് റെയിൽവേ ഗേറ്റിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ ഇത് ഏറെ സഹായിക്കും.
നേരത്തെ ഒരു മാസത്തോളം റെയിൽവേ ഗേറ്റ് തുടർച്ചയായി അടച്ചിട്ടിരുന്നു.
ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കി, 12 മീറ്റർ വീതിയിൽ രണ്ടുവരി പാതയാണു ഫ്ലൈ ഓവർ. 2 ഫ്ലൈഓവറും കൂടി 1.10 കിലോമീറ്റർ ദൂരം ഉണ്ടാകും.
30 മീറ്റർ വീതം അകലത്തിൽ ഒറ്റത്തൂണിലാണ് ആകാശപ്പാതയുടെ നിർമാണം. പാതയിലേക്കുള്ള പ്രവേശന കവാടം ചുണ്ടൻവള്ളത്തിന്റെ രൂപത്തിലായിരിക്കും.
നിലവിലുള്ള ട്രാഫിക് റൗണ്ടിൽ 4 തൂണുകളിലായി ട്രിബ്യൂട്ട് ടവറും അതിനു മുകളിൽ ഗ്ലോബും നിർമിക്കും. ഫ്ലൈ ഓവറിന്റെ കൈവരികൾ തിരമാലകളുടെ രൂപത്തിലാണു രൂപകൽപന ചെയ്തിട്ടുള്ളത്.
ആകാശപാതയുടെ അടിയിൽ വിവിധ കളി ഉപകരണങ്ങൾ, വിനോദത്തിനും സാംസ്കാരിക പരിപാടികൾക്കും ഉള്ള ഇടങ്ങൾ എന്നിവ ഉൾപ്പെടുന്ന അർബൻ പാർക്ക് നിർമിക്കും.
നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രമായി ഇതു മാറ്റുകയാണു ലക്ഷ്യം. നിർമാണം തുടങ്ങിയാൽ 18 മാസം കൊണ്ടു പൂർത്തിയാക്കാനാകും.
വിനോദ സഞ്ചാര വികസനത്തിനും പ്രയോജനപ്പെടുന്ന വിധത്തിലാണു പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. 175 – 200 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.
പിന്തുണയും വിമർശനവും
പദ്ധതിക്ക് ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചപ്പോൾ ബിജെപി വിമർശിച്ചു.
ഫ്ലൈ ഓവർ ഉൾപ്പെടെ നഗര വികസനത്തിനുള്ള എല്ലാ പദ്ധതികളെയും പിന്തുണയ്ക്കുമെന്ന് എൽഡിഎഫ് കൗൺസിലർമാരായ എ.എം.മുസ്തഫ, സി.ബാബു, ജെ.സൈജു എന്നിവർ പറഞ്ഞു. 4 വരി പാതയായി നിർമിക്കുന്നതു പരിഗണിക്കണമെന്നു സൈജു നിർദേശിച്ചെങ്കിലും അതിനു സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നതു പ്രതിസന്ധിയാകും എന്ന് ആർക്കിടെക്ട് ബാബുരാജ് പറഞ്ഞു.
പദ്ധതി പ്രഹസനവും ആത്മാർഥത ഇല്ലാത്തതുമാണെന്നു ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷ് പറഞ്ഞു.
നിലവിലെ മേൽപാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത് ഹൈക്കോടതി ഉത്തരവു പ്രകാരമാണ്. അതിനാൽ കോടതിയുടെ ഉത്തരവ് ഇല്ലാതെ പൊളിച്ചു നീക്കാനാകില്ല.
എഡിബിയുടെ വായ്പ കാലാവധി 2032 വരെ നിലനിൽക്കുന്നതിനാൽ അവരുടെ അനുമതി ലഭിക്കില്ലെന്നും ഗിരീഷ് പറഞ്ഞു. സി.സുരേഷ് കുമാറും (ബിജെപി) സമാനരീതിയിൽ വിമർശിച്ചു.
എഡിബി വായ്പ നിലവിൽ ഇല്ലെന്നു മേയർ എ.കെ.ഹഫീസ് പറഞ്ഞു.
കുടിവെള്ള പദ്ധതികൾക്ക് അംഗീകാരം
∙ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 2 കുടിവെള്ള പദ്ധതികൾക്ക് അടിയന്തര കൗൺസിൽ യോഗം അംഗീകാരം നൽകി. ഞാങ്കടവ് കുടിവെള്ള പദ്ധതിയിൽ നിന്ന് അഞ്ചാലുമൂട്ടിലേക്കും മങ്ങാട് – കിളികൊല്ലൂർ – കരിക്കോട് മേഖലയിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതികളാണ് കൗൺസിൽ യോഗം അംഗീകരിച്ചത്.
അഷ്ടമുടിക്കായലിന് അടിയിലൂടെ പൈപ്പ്ലൈൻ സ്ഥാപിച്ചാണ് മതിലിൽ, കടവൂർ, അഞ്ചാലുംമൂട് മേഖലയിൽ കുടിവെള്ളം എത്തിക്കുന്നത്.
അഞ്ചാലുമൂട്ടിൽ സംഭരണി നിർമിക്കും. 13.3 കോടി രൂപയാണു ചെലവു കണക്കാക്കിയിട്ടുള്ളത്.
പുളിയത്ത്മുക്ക്, ഈഴവ പാലം വഴിയാണ് കരിക്കോട് മങ്ങാട്, കിളികൊല്ലൂർ മേഖലയിൽ കുടിവെള്ളം എത്തിക്കുക. ഇതിന് 7 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു.
മേയർ എ.കെ.ഹഫീസ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.എസ്.ഗോപകുമാർ വിശദീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

