കൊല്ലം∙ ഭയ്യാ.. എന്നോ ഭായീ..
എന്നോ വിളിക്കുമ്പോൾ സാഹോദര്യമാണ് അതിഥിത്തൊഴിലാളികളുടെ മനസ്സിലും മുഖത്തും തെളിയുന്നത്. അവർ തിരികെ സേട്ടാ..
എന്നോ സേച്ചീ.. എന്നോ വിളിക്കുമ്പോഴും അതേ ഭാവമാണ് നമ്മളിലും.
എന്നാൽ, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ അഭാവമാണ് ഇപ്പോൾ നാട്ടിൽ ചർച്ചയാകുന്നത്. ഹോട്ടൽ മുതൽ നിർമാണ മേഖലയും സ്തംഭനാവസ്ഥയിലാണെന്നതാണ് യാഥാർഥ്യം.
തിരഞ്ഞെടുപ്പിനും പെരുന്നാളിനുമായി ബംഗാളിലേക്കും അസമിലേക്കും പോയവർ ഇനിയും തിരികെ വരാത്തതു കൊണ്ട് മുടങ്ങിയ പണി തിരികെ പിടിക്കാനാണ് വിമാന മാർഗം ചിലരെയെങ്കിലും കൊണ്ടുവരുന്നത്. ട്രെയിൻ ലഭിക്കാത്തതിനാൽ കുണ്ടറയിലെ ബേക്കറിയിലെ ബോർമ അസിസ്റ്റന്റ് ഖോക്കൻ മോണ്ടലിനെ വിമാനത്തിലാണ് തിരികെ എത്തിക്കുന്നത്.
തിരക്കും ഇന്ധന വിലക്കയറ്റവും കാരണം 13,000 രൂപയാണ് വിമാന ടിക്കറ്റ് നിരക്ക്.
ടിക്കറ്റിന്റെ പകുതി തുക മോണ്ടലും പകുതി സ്ഥാപനവും വഹിക്കും. മോണ്ടലില്ലാതെ പണി പാളുമെന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് വിമാനമാർഗം സ്വീകരിച്ചത്.
ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനുകളിലെല്ലാം നല്ല തിരക്കാണ്. റിസർവ്ഡ് കോച്ചുകളിൽ ഉൾപ്പെടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
എല്ലാ മേഖലയിലും അതിഥിത്തൊഴിലാളികൾ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.
നിർമാണ, ഹോട്ടൽ, ബേക്കറി, സിമന്റ് കട്ട, ഹെയർ കട്ടിങ് സലൂൺ തുടങ്ങിയ മേഖലകൾ എല്ലാം പ്രതിസന്ധിയിലാണ്. ബംഗാൾ സ്വദേശികൾക്ക് പുറമേ, ബിഹാർ, അസം, യുപി, രാജസ്ഥാൻ, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ കേരളത്തിൽ എത്തുന്നത്.
തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പോയവർ ഒന്നിച്ച് മടങ്ങുന്നതിനാൽ ട്രെയിൻ ടിക്കറ്റ് ലഭിക്കുന്നില്ലെന്നാണ് ചിലർ സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ തിരിച്ചു വരുമെന്ന് പറയുന്നവരുമുണ്ട്.
ഈ മാസം അവസാനമാണ് ബലി പെരുന്നാൾ. അതുകൊണ്ട് ഭൂരിപക്ഷം പേരും അതിനു ശേഷം മാത്രമാകും മടങ്ങുക.
ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നതിനാൽ അവിടെ എന്തെങ്കിലും മാറ്റം വരുമോ എന്ന പ്രതീക്ഷയിൽ അവിടെ തന്നെ കൂടുന്നവരുമുണ്ടെന്ന് അതിഥിത്തൊഴിലാകളെ കരാർ അടിസ്ഥാനത്തിൽ നൽകുന്നയാൾ പറയുന്നു.
ജില്ലയിൽ തന്നെ നിർമാണ മേഖലയിലെ ജോലികൾ മുടങ്ങാതിരിക്കാൻ ടൂറിസ്റ്റ് ബസിൽ ബംഗാളിൽ കൊണ്ടുപോയി തിരികെ കൊണ്ടു വന്നവരുമുണ്ട്. ദേശീയപാതയിലെ നിർമാണ മേഖലയിലും ചിലയിടങ്ങളിൽ അതിഥി ത്തൊഴിലാളികളിൽ ചിലർ തിരികെ എത്തിയിട്ടില്ലെന്നാണ് വിവരം.
ബംഗാളിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയാകാം തൊഴിലാളികൾ മടങ്ങാത്തതിന് മറ്റൊരു കാരണം.
വോട്ട് രേഖപ്പെടുത്തിയില്ലെങ്കിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുമെന്ന് ഭയന്ന് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പോയവരാണ് ഏറെയും. കൂടാതെ, വോട്ടെണ്ണലിന് ശേഷം ബംഗാൾ കലാപകലുഷിതമായി.
വീട്ടിൽ നിന്ന് പലർക്കും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും പറയുന്നു. കഴിഞ്ഞ വർഷം ബിഹാറിൽ വോട്ട് ചെയ്യാൻ പോയ ഇരുപതോളം തൊഴിലാളികൾക്ക് പട്ടികയിൽ ഇല്ലാത്തതിനാൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്.
നിർമാണ മേഖലയിലെ മേസ്തിരി, മറ്റ് സഹായികളെല്ലാം ഭൂരിപക്ഷവും ബിഹാർ, ബംഗാൾ സ്വദേശികളാണ്.
ടൈൽ ജോലിയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് സ്വദേശികളാണ് കേമന്മാർ. തടിപ്പണികളിൽ അസം, ബംഗാൾ, ഒഡീഷക്കാർക്കാണ് പ്രാവീണ്യം കൂടുതൽ.
സമയം നോക്കാതെ പണിയെടുക്കുന്നതു കൊണ്ടാണ് വിവിധ മേഖലകളിൽ അതിഥിത്തൊഴിലാളികളെ ആശ്രയിക്കുന്നത്. നിർമാണ മേഖലയിലെ ഒരു കരാറുകാരൻ പറഞ്ഞതിങ്ങനെ – ‘രാവിലെ എട്ടിന് ഇറങ്ങിയാൽ, രാത്രി ഒൻപത് വരെ മുറുമുറുപ്പില്ലാതെ പണിയെടുക്കും, ഒപ്പം ഒന്നര ദിവസത്തെ കൂലിയും കൊടുക്കും.
തുടർച്ചയായി ജോലി നടക്കുന്നതിനാൽ കരാറുകാരനും ഹാപ്പി, കൂടുതൽ പൈസ കിട്ടുന്നതു കൊണ്ട് ഭയ്യമാരും ഹാപ്പി’. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

