അമ്പലവയൽ ∙ മസ്ജിദിൽ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം നടത്തിയ പ്രതിയെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി. കോഴിക്കോട് ബേപ്പൂർ സ്വദേശി കൂപ്പിയിൽ സംഷുദീനെ (41)യാണ് അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മഞ്ഞപ്പാറ ജൂമാ മസ്ജിദിന്റെ ഒാഫിസ് പൂട്ട് മുറിച്ച് അലമാരയിലുണ്ടായിരുന്ന 1.60 ലക്ഷം മോഷ്ടിച്ചത്. മറ്റൊരു പൂട്ടും താക്കോലുമിട്ട് ഒാഫിസ് പൂട്ടിയാണ് മോഷ്ടാവ് പണവുമായി സ്ഥലം വിട്ടത്.
മോഷണം നടന്നതിന് പിന്നാലെ പൊലീസ് സിസിടിവികൾ പരിശോധിച്ചതിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്.
മോഷണം നടന്ന മസ്ജിദിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ മുതൽ മോഷ്ടാവ് സഞ്ചരിച്ച വഴികളിലെ ദൃശ്യങ്ങളെല്ലാം പൊലീസ് കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സിസിടിവിയിലെ ദൃശ്യങ്ങളിൽ നിന്ന് ആളെയും തിരിച്ചറിഞ്ഞതോടെ അന്വേഷണം കൂടുതൽ വേഗത്തിലായി.
കോഴിക്കോട് വരെയുള്ള ഒട്ടേറെ ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്.
പിന്നീട് പാലക്കാട്ടേക്ക് യാത്ര ചെയ്ത് അവിടെ നിന്ന് ചെന്നൈയിലേക്ക് രക്ഷപ്പെടാനുള്ള ഒരുക്കത്തിലാണ് അമ്പലവയൽ പൊലീസ് സംഘം അവിടുത്തെ പൊലീസിന്റെ സഹായത്തോടെ പ്രതിയെ വലയിലാക്കിയത്. ചെന്നൈയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾക്കെതിരെ 2023–ൽ സമാനമായ കേസുണ്ടായിരുന്നു.
പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ പ്രധാന രീതി.
പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ അതിക്രമം
സാധാരണ പള്ളികളിൽ 2000, 1500 ഒക്കെ ഉണ്ടാകാറുള്ളുവെന്നും ഒന്നര ലക്ഷം കിട്ടിയപ്പോൾ ഞാനെടുത്തുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇതിനിടെ പൊലീസ് സ്റ്റേഷന്റെ ഉള്ളിൽവെച്ചും പ്രതിയെ പുറത്തിറക്കുമ്പോഴും വലിയ അക്രമ സ്വഭാവം കാണിച്ചു.
ഭിത്തിയിലും പൊലീസ് വാഹനത്തിലും സ്വയം തലയിടിച്ച് പൊട്ടിക്കുകയും വീഡിയോ എടുത്തവർക്കെതിരെ ആക്രോശം നടത്തുകയും ചെയ്തു. പൊലീസുകാർ ഏറെ പണിപ്പെട്ടാണ് ഇയാളെ നിയന്ത്രിച്ചത്.
തലയിടിച്ചപ്പോൾ പൊട്ടി ചോരയൊലിച്ചതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലവയൽ സ്റ്റേഷനിലെ എസ്ഐ പി.ജി.സുരേഷ്, സീനിയർ സിപിഒ കെ.എൻ.പ്രഭാകരൻ, സിപിഒ നിധിൻ, സിപിഒ ഷൈജു, അഖിൽ, അർഷാദ് എന്നിവരും സ്റ്റേഷൻ സ്ക്വാഡിന്റെയും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

