കൊല്ലം ∙ ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 31 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. മയ്യനാട്, വടക്കുംകര പടിഞ്ഞാറ്റ് ചേരിയിൽ പ്രശോഭഭവനത്തിൽ ജയന് (40) ആണ് കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ 18 മാസം കൂടി കഠിനതടവ് അനുഭവിക്കണം. പ്രേമിച്ചു വിവാഹം കഴിച്ച പ്രതി ഭാര്യയ്ക്കും 3 പെൺമക്കൾക്കുമൊപ്പം ഭാര്യമാതാവിന്റെ പേരിലുള്ള വീട്ടിൽ താമസിച്ചു വരികയായിരുന്നു.
ജോലിക്കു പോകുന്നതിനെച്ചൊല്ലി പ്രതി ഭാര്യയെ മർദിക്കുന്നതു പതിവായിരുന്നു.
സംഭവ ദിവസമായ 2020 ഡിസംബറിൽ ഭാര്യ ജോലി ചെയ്യുന്ന കൂട്ടിക്കടയിലുള്ള ലോട്ടറിക്കടയിൽ ചെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നു രാത്രി 7.30നു വീട്ടുമുറ്റത്തു നിന്ന ഭാര്യയുടെയും മകളുടെയും തലവഴി ആസിഡ് ഒഴിക്കുകയായിരുന്നു.
ദേഹമാസകലം പരുക്കേറ്റ ഭാര്യയെയും മകളെയും അയൽക്കാർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് സ്ഥിതി ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഒളിവിലായിരുന്ന പ്രതിയെ 2025 ഓഗസ്റ്റിൽ പൊലീസ് പിടികൂടുകയുമായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിച്ച അയൽക്കാരൻ കോടതിയിൽ സാക്ഷി പറയാതിരിക്കാൻ പ്രതി ഭീഷണിപ്പെടുത്തുകയും സ്കൂട്ടർ തീ കൊളുത്തി നശിപ്പിക്കുകയും ചെയ്തിരുന്നു.
ഈ കേസിന്റെ വിചാരണ അഡീഷനൽ നാലാം സെഷൻസ് കോടതിയിൽ നടന്നു വരികയാണ്. ഇരവിപുരം പൊലീസ് സബ് ഇൻസ്പെക്ടർ എ.പി.അനീഷ് റജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ കെ.വിനോദ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സിസിൻ ജി.മുണ്ടയ്ക്കൽ, സോജ തുളസീധരൻ, അഡ്വ: ഗോകുൽ പി.രാജും ഹാജരായി.
എഎസ്ഐ മഞ്ജുഷ നടപടികൾ ഏകോപിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

