കൊല്ലം ജില്ലയിലെ പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ടു. ഉമ്മന്നൂർ ഓലിയിൽ നിന്ന് വെള്ളം കുടിച്ച് കാട്ടിലേക്ക് മടങ്ങുകയായിരുന്ന മോഴയാനയാണ് തൊഴിലാളികളെ ആക്രമിച്ചത്.
സംഭവത്തെക്കുറിച്ച് ഒപ്പമുണ്ടായിരുന്ന സുധർമയുടെ വാക്കുകൾ ഇങ്ങനെ: “നടക്കാൻ പ്രയാസമുള്ളതിനാൽ ഞങ്ങൾ പിറകിലാണ് നടന്നു പോയത്. ആന വരുന്നേയെന്ന് മുന്നിൽ പോയവരുടെ നിലവിളി കേൾക്കുമ്പോൾ തന്നെ നിമിഷ നേരം കൊണ്ട് ആന ഞങ്ങളുടെയടുത്തെത്തി.
ഞാനൊരു മരത്തിന്റെ പിന്നിലേക്ക് ഒളിച്ചു. നോക്കുമ്പോൾ ചിഹ്നം വിളിച്ച് രാജമ്മയുടെ തലയിലേക്ക് തുമ്പിക്കൈ ചുറ്റുന്നതാണ് കണ്ടത്.
ഒറ്റത്തട്ടിന് രാജമ്മ തെറിച്ചു വീണു. അവിടെ നിന്നു 50 മീറ്റർ ദൂരേക്ക് തുമ്പിക്കൈയ്യിൽ വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു.
ഭാഗ്യം കൊണ്ട് ആന എന്നെ കണ്ടില്ല.” ഗ്രാമപ്പഞ്ചായത്ത് അംഗം സുരേഷ്കുമാറും തൊഴിലുറപ്പ് മേറ്റുമാരായ ശ്രീദേവിയും ലൈലജയും പറയുന്നതനുസരിച്ച്, ചോതി നിവാസിൽ സുന്ദരേശന്റെ പുരയിടത്തിൽ ഭൂമി തട്ട് നിരത്തുന്നതിനായി പോകാൻ നിൽക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. വേഗത്തിൽ ഓടാൻ സാധിക്കാത്ത രാജമ്മയാണ് ആദ്യം ആക്രമണത്തിന് ഇരയായത്.
സംഘത്തിലുണ്ടായിരുന്ന 33 പേരും പലയിടത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മുൻപും ഈ ആന ഇവിടെയെത്താറുണ്ടെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് ഇതാദ്യമാണെന്ന് നാട്ടുകാർ പറയുന്നു.
ഫോറസ്റ്റ് സ്റ്റേഷൻ പൂട്ടിയിട്ട് പ്രതിഷേധം
ആക്രമണത്തിൽ പരുക്കേറ്റു കിടന്ന രാജമ്മയെ ആശുപത്രിയിലെത്തിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകിയെന്ന് ആരോപിച്ച് നാട്ടുകാർ രാവിലെ 9.15 മുതൽ ഫോറസ്റ്റ് സ്റ്റേഷൻ പൂട്ടിയിട്ട് പകൽ മുഴുവൻ പ്രതിഷേധിച്ചു. വനം ഉദ്യോഗസ്ഥരിലെ വനിതകളെ മാത്രം സംഭവ സ്ഥലത്തേക്ക് അയച്ച് പുരുഷ ഉദ്യോഗസ്ഥർ മാറിനിന്നെന്നും ആരോപണമുയർന്നു.
പത്തനാപുരം തഹസിൽദാർ അടക്കമുള്ളവർ പ്രതിഷേധത്തിൽ കുടുങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം പ്രതിഷേധം വനം ഡപ്യൂട്ടി റേഞ്ചർ ഓഫിസിനു മുന്നിലേക്ക് മാറ്റി.
വനം റേഞ്ച് ഓഫിസർ ഷൈജുവും പിന്നീട് രണ്ടരയോടെ സ്ഥലത്തെത്തിയ ജ്യോതികുമാർ ചാമക്കാല എംഎൽഎയും നാട്ടുകാരുമായി ചർച്ച നടത്തി. സിസിഎഫ് കെ.കാർത്തികേയൻ സ്ഥലത്തെത്തി ആർആർടി, വനം വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങിയ 30 അംഗ സംഘത്തെ കാട്ടാനയെ തുരത്താൻ നിയോഗിച്ചതോടെയാണ് വൈകിട്ട് നാലുമണിയോടെ പ്രതിഷേധം അവസാനിച്ചത്.
മോർച്ചറിയിലെ സംഘർഷവും ഇൻക്വസ്റ്റും
പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ രാജമ്മയുടെ മൃതദേഹത്തിന് ഇൻക്വസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. കലക്ടർ എത്തിയ ശേഷമേ ഇൻക്വസ്റ്റ് പാടുള്ളൂവെന്നും കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരവും ജോലിയും നൽകണമെന്നുമായിരുന്നു ആവശ്യം.
പിന്നീട് ആർഡിഒയുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ പോസ്റ്റ്മോർട്ടം നടത്തി. സി.
അജയപ്രസാദ് എംഎൽഎ, നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ തുടങ്ങിയവർ ആശുപത്രിയിൽ എത്തിയിരുന്നു.
ധനസഹായം കൈമാറി
കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട രാജമ്മയുടെ കുടുംബത്തിന് അടിയന്തര സഹായമായി പതിനായിരം രൂപയും വനം വകുപ്പിന്റെ ആദ്യഘട്ട
സഹായമായി അഞ്ചു ലക്ഷം രൂപയുടെ ചെക്കും വൈകിട്ട് ജ്യോതികുമാർ ചാമക്കാല എംഎൽഎ, സിസിഎഫ് കെ.കാർത്തികേയൻ, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിൽ കൈമാറി. വനം വകുപ്പിൽ നിന്ന് കൂടുതൽ തുക നൽകുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഷിബു ബേബിജോൺ അറിയിച്ചു.
കുടുംബത്തിന് സർക്കാർ ജോലിയും കൂടുതൽ നഷ്ടപരിഹാരവും നൽകുന്നതിന് മുഖ്യമന്ത്രിയുമായി ബന്ധപ്പെടുമെന്ന് എംഎൽഎ പറഞ്ഞു. പത്തനാപുരത്ത് സോളർ വേലി പുനഃസ്ഥാപിക്കുന്ന ജോലി ഡിസംബറിൽ പൂർത്തിയാക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ വ്യക്തമാക്കി.
കഴിഞ്ഞ വർഷം കരാറെടുത്ത് പൂർത്തിയാക്കാത്തവരുടെ കരാർ റദ്ദാക്കി റീ ടെൻഡർ ചെയ്തിട്ടുണ്ട്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

