കൊല്ലം ∙ ജില്ലയിൽ ആർഎസ്പിയുടെ തിളക്കമാർന്ന വിജയത്തിനു പിന്നാലെ വൈകാരിക കുറിപ്പുമായി എൻ.കെ പ്രേമചന്ദ്രൻ എംപി. ആർഎസ്പി എൽഡിഎഫ് വിട്ടു യുഡിഎഫിന്റെ ഭാഗമാകാനുണ്ടായ തീരുമാനത്തെച്ചൊല്ലി പാർട്ടിക്കുള്ളിലും പുറത്തും പഴി കേൾക്കേണ്ടി വന്ന കഥ ഓർമിപ്പിച്ചാണു പ്രേമചന്ദ്രന്റെ സമൂഹ മാധ്യമ കുറിപ്പ്.
കുറിപ്പിന്റെ പ്രസക്ത ഭാഗം : ‘2014 മാർച്ച് 8 നാണു 34 വർഷത്തെ എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് ആർഎസ്പി കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിക്കുന്നത്.
മുന്നണി യോഗം ചേരുകയോ ഉഭയകക്ഷി ചർച്ച നടത്തുകയോ ചെയ്യാതെ ആർഎസ്പി അവകാശവാദം ഉന്നയിച്ച കൊല്ലം സീറ്റിൽ സിപിഎം ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു പ്രചാരണം ആരംഭിച്ച സാഹചര്യത്തിലായിരുന്നു കടുത്ത തീരുമാനം. ചടുലമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ ആർഎസ്പി യുഡിഎഫിന്റെ ഭാഗമായി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ഞാൻ മത്സരിച്ച് 37,649 വോട്ടിനു വിജയിച്ചു.
2016ലും 2021ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതെ പോയി. ‘ലോക്സഭാ സീറ്റിനായി പാർട്ടിയുടെ അസ്തിത്വം തകർത്തു, രാഷ്ട്രീയ അന്തസ്സ് പണയം വച്ചു’ എന്നൊക്കെയായി വിമർശനം.
നിർണായക ഘട്ടത്തിൽ പാർട്ടി ഏകകണ്ഠമായി എടുത്ത തീരുമാനത്തിന്റെ മുഴുവൻ പാപഭാരവും ഒരാളിൽ മാത്രം ചുമത്തപ്പെട്ടു. അന്നുണ്ടായ രാഷ്ട്രീയ തീരുമാനം സ്വാർഥതയായി ചിത്രീകരിക്കപ്പെട്ടു.
ഒരു ദശാബ്ദക്കാലം എടുത്തു. സത്യം അതിന്റെ വഴി കണ്ടെത്താൻ.
ഈ തിരഞ്ഞെടുപ്പിൽ ആർഎസ്പി നേടിയ മുന്നേറ്റം സാധാരണ വിജയമല്ല. അന്നത്തെ തീരുമാനത്തിന്റെ യഥാർഥ അർഥം തുറന്നു കാട്ടിയ നിമിഷമാണ്.
’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

