കൊല്ലം ∙ ലിങ്ക് റോഡിന് സമീപം പ്രഖ്യാപിച്ചിരുന്ന പുനർജനി ഓപ്പൺ എയർ ഓഡിറ്റോറിയം പദ്ധതിക്കായി ചെലവഴിച്ച കോടികൾ വെറുതെയായി. പദ്ധതി വഴിമാറി ഇപ്പോൾ ജൈവവൈവിധ്യ ടൂറിസം സർക്കീറ്റ് പദ്ധതിയുടെ ഭാഗമായി.
60 കോടിയുടെ ടൂറിസം സർക്കീറ്റ് പദ്ധതി നടപ്പാക്കുന്നതാകട്ടെ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും. നിർമാണം ഏറക്കുറെ പൂർത്തിയായിരുന്നിട്ടും തുറന്നു കൊടുക്കാതിരുന്ന പുനർജനി ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ കൂടെ ഇപ്പോൾ ജൈവവൈവിധ്യ സർക്കീറ്റിന്റെ ഭാഗമായുള്ള വാച്ച് ടവറും മ്യൂസിയം മാതൃകയിലുള്ള ഇന്റർപ്രട്ടേഷൻ സെന്ററും സ്ഥാപിക്കുകയാണ്.
നേരത്തെ സ്ഥാപിച്ചിരുന്ന ഇഷ്ടികകളും ഫെൻസിങ്ങും മറ്റുമെല്ലാം പൊളിച്ചാണ് പുതിയ പദ്ധതി. പഴയ പദ്ധതിക്കായി ചെലവാക്കിയ പണം ദീർഘവീക്ഷണമില്ലാത്തതിനാൽ നഷ്ടമായില്ലേ എന്ന ചോദ്യത്തിന് മാത്രം ആർക്കും മറുപടിയില്ല.
അഷ്ടമുടിക്കായലിന് അഭിമുഖമായി കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മികച്ചൊരു വേദി എന്ന നിലയിലും കുമാരനാശാന് ഉചിതമായൊരു സ്മാരകം എന്ന നിലയിലുമാണ് ആശാൻ സ്മാരക പുനർജനി പാർക്കും ഓപ്പൺ എയർ ഓഡിറ്റോറിയവും ലിങ്ക് റോഡിന് സമീപം ആസൂത്രണം ചെയ്തത്.
എം.മുകേഷ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് 3 കോടി രൂപ ചെലവഴിച്ചായിരുന്നു നിർമാണം. കോവിഡിന് മുൻപ് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ഏറെ വൈകിയാണ് പൂർത്തിയായത്.
എന്നാൽ നിർമാണം പൂർത്തിയായിട്ടും തുറന്നു നൽകിയിരുന്നില്ല. സംസ്ഥാന സ്കൂൾ കലോത്സവം നടന്നപ്പോൾ പോലും ഓഡിറ്റോറിയം വേദികൾക്കായി തുറന്നു നൽകിയില്ല.
ലിങ്ക് റോഡിന്റെ നവീകരണ പ്രവർത്തനങ്ങളും നിർമാണം പുരോഗമിക്കുന്നതിലുണ്ടായ മെല്ലെപ്പോക്കുമാണ് തുറന്നു കൊടുക്കാൻ സാധിക്കാതിരുന്നതിന് കാരണം.
എന്നാൽ അപ്പോഴേക്കും ജില്ലയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി കേന്ദ്രം അനുവദിച്ച 60 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച്, സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ജൈവവൈവിധ്യ സർക്കീറ്റ് പദ്ധതി വന്നു. ഇതോടെ പഴയ പദ്ധതി പൂട്ടിക്കെട്ടി പുതിയ പദ്ധതിയിലേക്കു സ്ഥലത്തെ മാറ്റി.
ഇതോടെ അതുവരെ സ്ഥാപിച്ച പലതും പൊളിക്കേണ്ടിയും മാറ്റിപ്പണിയേണ്ടിയും വന്നു. പൊളിച്ചു മാറ്റിയ മിക്ക കട്ടകളും മണ്ണിട്ട് ഉയർത്തിയ ശേഷം സ്ഥാപിക്കുന്നുണ്ടെന്നും ആദ്യ പദ്ധതിക്കായുള്ള 3 കോടി രൂപയിൽ ഭൂരിഭാഗവും ചെലവഴിച്ചത്
വെള്ളക്കെട്ടായിരുന്ന ഈ മേഖല ഉയർത്തി ദൃഢപ്പെടുത്തുന്നതിനാണെന്നും അധികൃതർ പറയുന്നു.
അതിനാൽ തന്നെ പുതിയ പദ്ധതിക്കും ആ പ്രവൃത്തികൾ ഉപകാരപ്പെട്ടതിനാൽ ആ പണം നഷ്ടമായെന്ന് പറയാനാവില്ലെന്നാണ് വാദം. പുനർജനി കുമാരനാശാൻ സ്മാരക പാർക്ക്, ഓപ്പൺ എയർ ഓഡിറ്റോറിയം, ആശ്രാമം ചിൽഡ്രൻസ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, ഗെസ്റ്റ് ഹൗസ് എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ജൈവവൈവിധ്യ സർക്കീറ്റ് പദ്ധതി നടപ്പിലാക്കുന്നത്.
ചിൽഡ്രൻസ് പാർക്കും ഗെസ്റ്റ് ഹൗസും അഡ്വഞ്ചർ പാർക്കും ഒരുമിപ്പിച്ചാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. കൊട്ടാരക്കര സർക്കീറ്റിന്റെ ഭാഗമായ മുട്ടറ- മരുതിമല, തെന്മല എന്നിവയാണ് മറ്റു സർക്കീറ്റുകൾ.
അഷ്ടമുടി, മൺറോത്തുരുത്ത്, മീൻപിടിപ്പാറ, മരുതിമല, ജടായുപ്പാറ, അച്ചൻകോവിൽ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പദ്ധതി വികസനം സാധ്യമാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

