പുത്തൂർ ∙ അടൂർ–കഴക്കൂട്ടം സുരക്ഷാ ഇടനാഴിയുടെ ഭാഗമായ കുളക്കട എംസി റോഡിൽ സുരക്ഷാ ക്രമീകരണങ്ങൾ വെള്ളത്തിൽ വരച്ച വരയായെന്നും അപകടങ്ങൾ ഒഴിഞ്ഞ ദിവസമില്ലെന്നും നാട്ടുകാർ.
പുതുവർഷം പിറന്നിട്ടു ഇന്ന് 4–ാം ദിവസം. കഴിഞ്ഞ 2 ദിവസങ്ങളിലും ഇവിടെ അപകടമുണ്ടായി.
വെള്ളിയാഴ്ച 2 സംഭവങ്ങളിലായി 2 കെഎസ്ആർടിസി ബസുകൾ 4 വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടായി. ഇതിലൊന്ന് അയ്യപ്പ ഭക്തർമാർ സഞ്ചരിച്ചിരുന്ന മിനി ബസായിരുന്നു.
പിന്നിലിരുന്ന ഒരു അയ്യപ്പ ഭക്തനു തലയ്ക്കു പരുക്കേറ്റു. മറ്റാർക്കും ഗുരുതരമായി പരുക്കേറ്റില്ലെങ്കിലും വാഹനങ്ങൾക്കു നാശനഷ്ടങ്ങളുണ്ടായി. അതിനു തൊട്ടുമുൻപുള്ള ദിവസം കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.
കഴിഞ്ഞ ഒരു വർഷം മാത്രം 3 പേർക്ക് ഇവിടെ ജീവൻ നഷ്ടമായിട്ടുണ്ട്.
പോയ മാസം 17ന് ബംഗാൾ സ്വദേശിയായ യുവാവ് കുളക്കട പാലം ജംക്ഷനിൽ ലോറിയിടിച്ചു മരിച്ചതാണ് കൂട്ടത്തിൽ ഒടുവിലത്തേത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 2 പേർ ഇവിടെ അപകടത്തിൽ മരിച്ചു. കുളത്തുവയൽ ഭാഗത്ത് മിനിവാനും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികനായ കോട്ടാത്തല സ്വദേശിയും പോസ്റ്റ് ഓഫിസിനു സമീപം കാറിടിച്ചു കുളക്കട
സ്വദേശിയും മരിച്ചു. കഴിഞ്ഞ 5 വർഷത്തെ കണക്കെടുത്താൽ ഇരുപത്തിയഞ്ചോളം വരും മരിച്ചവരുടെ കണക്ക്.
പുത്തൂർമുക്കു മുതൽ കുളക്കട പാലം ജംക്ഷൻ വരെയുള്ള കണക്കാണിത്.
സിഗ്നൽ സംവിധാനം ഫലപ്രദമല്ല
അപകടങ്ങൾ പതിവായ ഏറത്തുകുളക്കട
ജംക്ഷനിൽ പോയ വർഷം നവംബറിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു. എന്നിട്ടും അപകടങ്ങൾക്കു കുറവുണ്ടാകുന്നില്ല.
സിഗ്നൽ തെറ്റിച്ചു കടന്നുവരുന്ന വാഹനങ്ങൾ കാരണം കൂടുതൽ അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇത്തരത്തിൽ സിഗ്നൽ ശ്രദ്ധിക്കാതെ എത്തിയ 2 ബസുകളാണ് വെള്ളിയാഴ്ച കൂട്ടയിടിക്കു കാരണമായത്.
റോഡിനു കുറുകെ ഉയരത്തിൽ സിഗ്നൽ ലൈറ്റുകൾ ഉണ്ടെങ്കിലും വശത്തെ തൂണുകളിൽ പെട്ടെന്നു ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. സിഗ്നൽ ടൈമറും ഇല്ല.
റോഡ് മാർക്കിങ് മാഞ്ഞു തുടങ്ങി
റോഡു മുറിച്ചു കടക്കാനുള്ള സീബ്രാ ലൈനുകൾ അടക്കമുള്ള റോഡ് മാർക്കിങ്ങുകൾ മാഞ്ഞു തുടങ്ങിയതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
പലപ്പോഴും വാഹനങ്ങൾ അടുത്തെത്തുമ്പോഴാകും സീബ്ര ലൈനുകൾ ഉൾപ്പെടെ ശ്രദ്ധയിൽപെടുന്നത്.
കാരണങ്ങൾ പലത്
അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടങ്ങളുടെ കാര്യത്തിൽ പ്രധാന വില്ലൻ എന്നു സമീപവാസികൾ പറയുന്നു. സ്ഥിരം അപകട
മേഖലയായ ആലപ്പാട്ട് ക്ഷേത്രത്തിനു മുന്നിലെ കൊടുംവളവ് ഉൾപ്പെടുന്ന ഭാഗത്ത് ഇരുവരിയായി ഗതാഗതം ക്രമീകരിക്കുന്നതിന് ഫ്ലക്സിബിൾ സ്പ്രിങ് പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു. ഇതു മുഴുവൻ വാഹനങ്ങൾ ഇടിച്ചു തകർന്നു.
ഇപ്പോൾ ഒന്നു പോലും കാണാനില്ല. അമിത വേഗം, ചിലയിടങ്ങളിലെ കൊടുംവളവ്, വേഗനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തത്, രാത്രികാലങ്ങളിൽ മതിയായ വെളിച്ചമില്ലാത്തത്, ഫലപ്രദമായ പരിശോധന ഇല്ലാത്തത് തുടങ്ങിയവയെല്ലാം അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
കൂടുതൽ ക്യാമറകൾ സ്ഥാപിക്കണം
ആലപ്പാട് ഭാഗത്തെ വളവിൽ ഒരു എഐ ക്യാമറ മാത്രമാണ് നിലവിലുള്ളത്. അപകടങ്ങൾ പതിവായ മേഖലകളിൽ എങ്കിലും കൂടുതൽ ക്യാമറകൾ സ്ഥാപിക്കണം എന്നാണ് ആവശ്യം.
3 കിലോമീറ്ററിനുള്ളിൽ 3 ബ്ലാക്ക് സ്പോട്ട്
എംസി റോഡിൽ കുളക്കട
പുത്തൂർ മുക്കു മുതൽ ഏനാത്ത് പാലം വരെയുള്ള ഭാഗത്ത് റോഡ് സുരക്ഷ സംബന്ധിച്ചു ദേശീയ ഗതാഗത ആസൂത്രണ, ഗവേഷണ കേന്ദ്രം (നാറ്റ്പാക്) 2022ൽ നടത്തിയ പഠനത്തിൽ 3 ബ്ലാക്ക് സ്പോട്ടുകളാണ് കണ്ടെത്തിയത്. കുളക്കട
സ്കൂൾ മുതൽ ആലപ്പാട്ട് ദേവീക്ഷേത്രത്തിനു മുന്നിലെ വളവ് ഉൾപ്പെടുന്ന അര കി.മീ ദൂരം ക്രിട്ടിക്കൽ ബ്ലാക്ക് സ്പോട്ട് ആണെന്നും കണ്ടെത്തിയിരുന്നു. പുത്തൂർമുക്കു മുതൽ കുളത്തു വയൽ ഭാഗം ഉൾപ്പെടുന്ന അര കി.മീ, ലക്ഷം വീട് ജംക്ഷനു സമീപത്തു നിന്നു സ്കൂൾ ജംക്ഷന് ഇപ്പുറത്ത് അവസാനിക്കുന്ന മറ്റൊരു അര കി.മീ എന്നിങ്ങനെയാണു മറ്റ് 2 ബ്ലാക് സ്പോട്ടുകൾ.
സുരക്ഷാ ഇടനാഴിയുടെ ഭാഗമായി ഈ ബ്ലോക്ക് സ്പോട്ടുകൾ അപകട രഹിതമാക്കുന്നതിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നാണ് അധികൃതർ പറയുന്നത്.
പക്ഷേ ഫലം ഉണ്ടാകുന്നില്ല എന്നാണ് നാടിന്റെ പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

