52 ദിവസത്തെ ട്രോളിങ് നിരോധനം സമാപിച്ചതിന് പിന്നാലെ വൻ പ്രതീക്ഷയോടെ മത്സ്യബന്ധന ബോട്ടുകൾ കടലിലേക്ക് യാത്ര തിരിച്ചു. ആഴക്കടൽ മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടുകൾ കരയിൽ തിരിച്ചെത്താൻ ഒരാഴ്ചയിലേറെ സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹാർബറും അനുബന്ധ പ്രദേശങ്ങളും വലിയ തയ്യാറെടുപ്പുകളിലായിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി മുഴുവൻ മത്സ്യത്തൊഴിലാളികളും ഇതിനകം തന്നെ ബോട്ടുകളിൽ എത്തിച്ചേർന്നിരുന്നു.
ശക്തികുളങ്ങര പാലത്തിന്റെ തൂണുകൾ തമ്മിൽ ബന്ധിപ്പിച്ചിരുന്ന ചങ്ങലകൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തതോടുകൂടിയാണ് ബോട്ടുകളുടെ യാത്രാാനുമതി സാധ്യമായത്. കടലിലേക്ക് ബോട്ടുകൾ ഒരേസമയം ഇറങ്ങുമ്പോഴുള്ള ഗതാഗത തടസ്സങ്ങളും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കിളിമീൻ, ചെമ്മീൻ, അയല തുടങ്ങിയ മത്സ്യങ്ങൾ സമൃദ്ധമായി ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ഈ മേഖലയിലെ തൊഴിലാളികളും വ്യാപാരികളും. ട്രോളിങ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെമ്മീൻ, കിളിമീൻ, കണവ എന്നിവ നല്ല രീതിയിൽ ലഭിച്ചിരുന്നു.
നിരോധനം പിൻവലിച്ചതോടെ ശക്തികുളങ്ങര ഹാർബറിൽ അനുബന്ധ തൊഴിലാളികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടു തുടങ്ങിയത്. പ്രദേശത്തെ കച്ചവട
സ്ഥാപനങ്ങൾ നേരത്തെ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നീണ്ടകര ഹാർബറും സജീവമായതോടെ ബോട്ടുകളെ വരവേൽക്കാനുള്ള ഒരുക്കങ്ങളും ലേലം വിളികളും സജീവമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

