പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയായ പത്തരമാറ്റിൽ നിന്നും നടി സ്മിത സാമുവൽ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി രംഗത്ത്. പരമ്പരയിൽ ജലജ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്.
എന്നാൽ അടുത്തിടെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മറ്റൊരു താരം എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സ്മിതയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്.
സ്മിത സാമുവൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചതതിങ്ങനെ: ”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരുപാട് പേരാണ് ജലജയെക്കുറിച്ചും, ഞാൻ എന്തുകൊണ്ടാണ് ആ സീരിയലിൽ നിന്ന് മാറിയതെന്നും ചോദിക്കുന്നത്. അതുകൊണ്ടാണ് ഈ കുറിപ്പ്.
മൂന്ന് വർഷത്തിലേറെയായി ഞാൻ ജീവൻ നൽകി ചെയ്ത കഥാപാത്രമായിരുന്നു ജലജ. ആ കഥാപാത്രത്തെ ഇന്നും ഞാൻ അത്രയേറെ സ്നേഹിക്കുന്നു.
പക്ഷേ, ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്ക് കൂടുതൽ കഥാപാത്രങ്ങൾ ചെയ്യണം. പുതിയ വേഷങ്ങളിലൂടെ എന്റെ കഴിവ് തെളിയിക്കണം.
ഒരു മാസത്തിൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രം ജോലി ചെയ്ത് ബാക്കി ദിവസങ്ങൾ വെറുതെ ഇരിക്കുന്നത് എനിക്ക് മാനസികമായി ബുദ്ധിമുട്ടായിരുന്നു. എനിക്ക് ജോലി ചെയ്യണം.
ഒരു അഭിനേത്രിയായി വളരുകയും മുന്നോട്ട് പോകുകയും ചെയ്യണം. അതുപോലെ തന്നെ, നമ്മൾ ജോലി ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടി മാത്രമല്ല.
ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും, സാമ്പത്തികമായി സ്വതന്ത്രരാകാനും കൂടിയാണ്. അതുകൊണ്ടാണ് മറ്റൊരു അവസരം സ്വീകരിക്കേണ്ടി വന്നത്.
ആ തീരുമാനം എടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും, എന്റെ സാഹചര്യം മനസ്സിലാക്കി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പക്ഷേ കാര്യങ്ങൾ ഞാൻ പ്രതീക്ഷിച്ചതുപോലെ നടന്നില്ല.
പിന്നീട് ജലജ എന്ന കഥാപാത്രത്തിൽ മറ്റൊരാൾ എത്തി. അതൊരു തീരുമാനമായിരുന്നു.
അതിനെ ഞാൻ ബഹുമാനിക്കുന്നു. എനിക്ക് വിഷമം തോന്നിയത്, മൂന്ന് വർഷം ചെയ്ത ഒരു കഥാപാത്രത്തിൽ നിന്ന് മാറുമ്പോൾ അത് എന്നെ അറിയിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം മാത്രമാണ്.
ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. ആരോടും ഒരു പരിഭവവുമില്ല.
ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒടുവിൽ നല്ലതിനായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ജലജയ്ക്ക് നിങ്ങൾ നൽകിയ സ്നേഹം ഞാൻ ഒരിക്കലും മറക്കില്ല.
അതുപോലെ ഇപ്പോൾ ഞാൻ അവതരിപ്പിക്കുന്ന സാര എന്ന കഥാപാത്രത്തെയും നിങ്ങൾ ഹൃദയത്തോട് ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്രയും കാലം എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി.
ആ സ്നേഹത്തിന് ഞാൻ എന്നും കടപ്പെട്ടവളായിരിക്കും.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

