കൊല്ലം ∙ തങ്ങൾ കുഞ്ഞ് മുസല്യാർ സ്ഥാപിച്ച, ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലെ അഭിമാന സ്തംഭങ്ങളിലൊന്നായ ടികെഎം സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലെത്തിച്ച ഷഹൽ ഹസൻ മുസല്യാർക്ക് സംസ്ഥാന സർക്കാരിന്റെ കേരളശ്രീ അംഗീകാരം. വിദ്യാഭ്യാസ, ജീവകാരുണ്യ, വ്യവസായ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ടികെഎം ട്രസ്റ്റിനെ മുപ്പതോളം വർഷങ്ങളായി നയിക്കുന്നത് ഷഹൽ ഹസൻ മുസല്യാർ ആണ്.
1956ൽ ആണ് കേരളത്തിലെ ആദ്യത്തെ സ്വകാര്യ എൻജിനീയറിങ് കോളജായ ടികെഎം എൻജിനീയറിങ് കോളജ് സ്ഥാപിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസത്തിൽ വിപ്ലവം സൃഷ്ടിച്ച ഈ കലാലയം ഇതിനോടകം ഐഎസ്ആർഒ ചെയർമാന്മാർ അടക്കമുള്ള ഒട്ടേറെ മികവുറ്റ എൻജിനീയർമാരെ സൃഷ്ടിച്ചിട്ടുണ്ട്.
പിന്നീട് 1965 ൽ സമീപത്തു തന്നെ നിലനിന്നിരുന്ന ഒരു ഫാക്ടറിയെ ടികെഎം ആർട്സ് ആൻസ് സയൻസ് കോളജാക്കി മാറ്റി.
ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ ഇവിടെ നിന്ന് ബിരുദം നേടിയിട്ടുണ്ട്.ഇന്ന് ടികെഎം ട്രസ്റ്റിന്റെ നേതൃത്വത്തിൽ കരിക്കോട്, കാരുവേലിൽ എന്നിവിടങ്ങളിലായി മാനേജ്മെന്റ് കോളജ്, ആർക്കിടെക്ചർ കോളജ്, ഹയർ സെക്കൻഡറി സ്കൂൾ, സിബിഎസ്ഇ സ്കൂളുകൾ തുടങ്ങി 9 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. നിലവിൽ പതിനാറായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം അധ്യാപകരടക്കമുള്ള ജീവനക്കാരുണ്ട്.
ഇതിൽ 60 ശതമാനത്തിലധികം ജീവനക്കാരും 70 ശതമാനത്തോളം വിദ്യാർഥികളും സ്ത്രീകളാണ്. കരിക്കോട് എന്ന ഗ്രാമത്തെ ജില്ലയുടെ വിദ്യാഭ്യാസ ഹബ്ബുകളിലൊന്നാക്കി മാറ്റിയതും ടികെഎം സ്ഥാപനങ്ങളുടെ സാന്നിധ്യമാണ്.
ആലുവ യുസി കോളജ്, യുഎസിലെ ടെക്സസ് സർവകലാശാല എന്നിവിടങ്ങളിലായിരുന്നു ഷഹൽ ഹസൻ മുസല്യാരുടെ പഠനം.
തുടർന്ന് മുസല്യാർ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായി ടികെഎം സ്ഥാപനങ്ങളുടെ ഭാഗമായി. 8 വർഷത്തോളം കാഷ്യു എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ അധ്യക്ഷനായിരുന്നു.
1996 ൽ ആണ് ഷഹൽ ഹസൻ മുസല്യാർ ടികെഎം ട്രസ്റ്റിന്റെ തലപ്പത്തെത്തുന്നത്. ഇന്നത്തെ തലത്തിലേക്ക് ടികെഎം സ്ഥാപനങ്ങളെ വളർത്തിയതും വൈവിധ്യവൽക്കരിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
ജീവകാരുണ്യ മേഖലയിലും അദ്ദേഹം സജീവസാന്നിധ്യമാണ്. 93–ാം വയസ്സിലും സജീവമായ ഒരു വിദ്യാഭ്യാസ പ്രവർത്തകനും നേതൃഗുണത്തിനും നാട് നൽകുന്ന അംഗീകാരമായി മാറുകയാണ് കേരളശ്രീ പുരസ്കാരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

